| Tuesday, 11th August 2020, 3:07 pm

രാജസ്ഥാനില്‍ വിജയിച്ചത് അശോക് ഗെലോട്ട്; സച്ചിന്‍ പൈലറ്റ് ഇനി ദല്‍ഹിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചിരിക്കുകയാണ്. ഇടഞ്ഞുനിന്നിരുന്ന സച്ചിന്‍ പൈലറ്റ് പാര്‍ട്ടി ഉന്നത നേതൃത്വത്തോട് സന്ധിയിലെത്തിയതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നാണ് പുറത്തേക്ക് വന്നതെങ്കിലും നടന്നത് അങ്ങനെയല്ല.

സച്ചിന്‍ പൈലറ്റ് വിമതനീക്കവുമായി മുന്നോട്ട് പോയ ആദ്യഘട്ടത്തില്‍ തന്നെ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട് സ്വീകരിച്ചത്. ആ തീരുമാനം വെറുതെ എടുത്തതുമായിരുന്നില്ല.

30 എം.എല്‍.എമാര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് ആദ്യ ദിനങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് 18 എം.എല്‍.എമാരിലൊതുങ്ങി. പിന്നീട് ഒരു എം.എല്‍.എയെ പോലും പൈലറ്റ് ക്യാമ്പിലേക്ക് പോവാതെ തടയാന്‍ ഗെലോട്ടിന് സാധിച്ചു.

കൂടുതല്‍ എം.എല്‍.എമാര്‍ പോയാല്‍ അത്രയും എം.എല്‍.എമാരെ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിക്കാനുള്ള തന്ത്രം ഗെലോട്ട് നേരത്തെ ഒരുക്കിയിരുന്നു. അതിന് പുറമേ സച്ചിന്‍ പൈലറ്റിനെ ബി.ജെ.പി മുഖ്യമന്ത്രിയാക്കി ഭരണം പിടിക്കാനുള്ള സാധ്യത മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമായി ധാരണയുണ്ടാക്കി അടച്ചിരുന്നു.

ഇത്രയും കാര്യങ്ങള്‍ ചെയ്തതിന് ശേഷം ഗെലോട്ട് സച്ചിന്‍ പൈലറ്റ് പക്ഷത്തോട് സംയമനം പാലിച്ചു. അതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തായ സച്ചിന്‍ പക്ഷത്തിന് മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ സച്ചിന്‍ ക്യാമ്പില്‍ ഉണ്ടായിരുന്ന പകുതിയോളം എം.എല്‍.എമാര്‍ക്കും പാര്‍ട്ടിയോടൊപ്പം നില്‍ക്കണമെന്ന അവസ്ഥയായി. ചില എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ട് പിന്തുണ പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച നടത്തുന്ന അവസ്ഥയിലേക്കെത്തിയത്.

നേരത്തെ സച്ചിന്‍ വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും ഇനി ലഭിക്കില്ല. ദല്‍ഹിയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റാനാണ് സച്ചിന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എ.ഐ.സി.സി സെക്രട്ടറി സ്ഥാനം സച്ചിന് നല്‍കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. മന്ത്രിസഭ പുന:സംഘടന നടക്കുമ്പോള്‍ തന്നോടൊപ്പം നിന്ന എം.എല്‍.എമാര്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന ഉറപ്പ് സച്ചിന്‍ വാങ്ങിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more