ജയ്പൂര്‍: രാജസ്ഥാനിലെ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പ്രശ്‌നം ഹൈക്കോടതിയിലേക്ക് നീണ്ടിരിക്കുകയാണ്. മന്ത്രിസഭയില്‍ നിന്നും തന്നെയും 18 എം.എല്‍.എമാരെയും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയാണ് പൈലറ്റും സംഘവും കോടതിയെ സമീപിച്ചത്.
കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഭിഷേക് മനു സിംഗ്‌വിയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനുവേണ്ടി കോടതിയില്‍ ഹാജരാവുന്നത്. പൈലറ്റിനുവേണ്ടിയാവട്ടെ, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെയും. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പൈലറ്റ് ആദ്യം സിംഗ്വിയെയാണ് സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഗെലോട്ടിനും കോണ്‍ഗ്രസിനും വേണ്ടി നില്‍ക്കാന്‍ സിംഗ്വി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് പൈലറ്റ് സാല്‍വെയെ ചുമതലപ്പെടുത്തിയത്. 1999 മുതല്‍ 2002 വരെ എന്‍.ഡി.എ സര്‍ക്കാരിന്റെ ഉന്നത നിയമ ഉദ്യോഗസ്ഥായിരുന്നു സാല്‍വെ.
കഴിഞ്ഞ 24 മണിക്കൂറിനിടെ പൈലറ്റിനെ മെരുക്കാന്‍ പല വഴികളും കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അദ്ദേഹം അനുരഞ്ജന നിലപാടുകള്‍ക്ക് തുനിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല.
ബി.ജെ.പി പാളയത്തിലേക്ക് പോവില്ലെന്ന് പൈലറ്റ് ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഹരീഷ് സാല്‍വെയെ അഭിഭാഷകനായി തെരഞ്ഞെടുത്തത് ബി.ജെ.പിയിലേക്ക് എന്ന സംശയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
രാജസ്ഥാനില്‍ ചുമതലകളില്‍നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടിക്കെതിരെ പൈലറ്റും 18 എം.എല്‍.എമാരും കോടതിയെ സമീപിക്കുന്നത്.
കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കി നോട്ടീസ് നല്‍കിയത്. നോട്ടീസിന് നിയമപരമായി അടിസ്ഥാനമില്ലെന്നും ഗെലോട്ടിന്റെ താല്‍പര്യപ്രകാരം മാത്രം തയ്യാറാക്കിയ നോട്ടീസാണ് ഇതെന്നാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് ആരോപിക്കുന്നത്.
തനിക്കും മറ്റ് വിമത എം.എല്‍.എമാര്‍ക്കും നല്‍കിയ നോട്ടീസിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടാനും പൈലറ്റ് ശ്രമിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ