| Friday, 14th December 2018, 4:49 pm

ഒടുവില്‍ പ്രഖ്യാപനം വന്നു; അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം. പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. ഇരുവര്‍ക്കുമൊപ്പം വാര്‍ത്താസമ്മേളനം നടത്തി രാജസ്ഥാനിലെ എ.ഐ.സിസി നിരീക്ഷകനായ കെ.സി. വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്.

മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് തീരുമാനിച്ചത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടും പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റുമായി ഇന്ന് വീണ്ടും രാഹുല്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

Read Also : റഫാലില്‍ പിന്നോട്ടില്ല, റിവ്യൂ ഹരജിയുടെ കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

കൂടിക്കാഴ്ചയില്‍ തീരുമാനമായതിനെ സൂചിപ്പിച്ച് രാഹുല്‍ ഗെഹ്ട്ടിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിലെ ഐക്യത്തിന്റെ വര്‍ണം എന്ന പേരിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.

രാഹുലിന്റെ വസതിക്കുമുന്നില്‍ സച്ചിന്‍ പൈലറ്റ് അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. അതേത്തുടര്‍ന്ന് സച്ചിന്‍ മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ സൂചനകള്‍ വന്നിരുന്നു. സച്ചിന്‍ രാജസ്ഥാന്‍ പി.സി.സി അധ്യക്ഷനായി തുടരും.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ ഇന്നലെ രാത്രി തിരഞ്ഞെടുത്തിരുന്നു. രാത്രി വൈകി ഭോപ്പാലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് പ്രഖ്യാപനം. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more