| Monday, 1st July 2019, 3:08 pm

'കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിനേ കഴിയൂ'; തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അശോക് ഗെഹ്‌ലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ രാഹുലിനു മാത്രമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ സ്വന്തം മക്കള്‍ക്കു വേണ്ടി പ്രചാരണം നടത്തുന്നതില്‍ പ്രാധാന്യം കൊടുത്ത ഗെഹ്‌ലോട്ടിനെയും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെയും രാഹുല്‍ നേരത്തേ വിമര്‍ശിച്ചിരുന്നു.

രാജ്യത്തോടും പൗരരോടും രാഹുലിനുള്ള ആത്മാര്‍ഥത ഉപമകളില്ലാത്തതാണെന്നും ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു. പദ്ധതികളുടെയോ നയത്തിന്റെയോ ആശയത്തിന്റെയോ പ്രശ്‌നം കാരണമല്ല കോണ്‍ഗ്രസ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നു വൈകീട്ടാണ് രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുന്നത്. തോല്‍വിയെക്കുറിച്ച് വിലയിരുത്തുന്നതു കൂടാതെ രാഹുലിന്റെ രാജിക്കാര്യവും ഇതില്‍ ചര്‍ച്ചയാകും. രാഹുലിനോട് രാജി വെയ്ക്കരുതെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടേക്കും.

ഇന്നു രാവിലെ രാഹുല്‍ കശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ ഗുലാം അഹമ്മദ് മിര്‍, ഗുലാം നബി ആസാദ്, അംബികാ സോണി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗെഹ്ലോട്ട്, കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവര്‍ വൈകിട്ട് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും യോഗത്തില്‍ പങ്കെടുക്കും.

രാഹുലിന്റെ രാജി തീരുമാനം അംഗീകരിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, രാജി തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

We use cookies to give you the best possible experience. Learn more