ജയ്പൂര്‍: രാജസ്ഥാനില്‍ ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റുമായി കോണ്‍ഗ്രസ് നേതാക്കള്‍ സമവായ ചര്‍ച്ച നടത്തുന്നതിനിടെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിന്‍ തിരിച്ചുവന്നാലും തന്റെ മന്ത്രിസഭയില്‍ സ്ഥാനം നല്‍കുന്നതിനോട് ഗെലോട്ട് വിയോജിപ്പ് അറിയിച്ചതായാണ് സൂചന.
അതേസമയം രാജസ്ഥാനില്‍ ജൂലൈ 22 ന് ശേഷം നിയമസഭ വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് അനുമതി തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച ഗെലോട്ട് ഗവര്‍ണറെ കണ്ടിരുന്നു. തനിക്ക് 102 പേരുടെ പിന്തുണയുണ്ടെന്നും അറിയിച്ചിരുന്നു. ജൂലൈ 22 നാണ് സച്ചിന്‍ നല്‍കിയ ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
ഇതിന് ശേഷം സഭ വിളിച്ചുചേര്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം.
18 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.
അതേസമയം സംസ്ഥാനത്തെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രണ്ട് ബി.ടി.പി എം.എല്‍.എമാരും സര്‍ക്കാര്‍ അനുകൂല നിലപാടുമായി രംഗത്തെത്തി.