സോണിയ ജീ, മാപ്പ്; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗെലോട്ട്
national news
സോണിയ ജീ, മാപ്പ്; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗെലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2022, 3:24 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ബന്ധത്തെ എതിര്‍ത്താണ് ഗെലോട്ടിന്റെ പ്രതികരണം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ ഗെലോട്ട് സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗെലോട്ട് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് ഗെലോട്ട് എം.എല്‍.എമാരുമായി ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ എം.എല്‍.എമാര്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം നിലനില്‍ക്കെ മുഖ്യമന്ത്രി പദവിയിലും തുടരാന്‍ അനുവദിക്കണമെന്ന് ഗെലോട്ട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതൃത്വം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം.എല്‍.എമാര്‍ പ്രതിഷേധവുമായെത്തിയത്.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താതപര്യപ്പെടുന്നില്ലെന്ന നിലപാടിലാണ് ഗെലോട്ട്. വിഷയവുമായി ബന്ധപ്പെട്ട് എ.കെ. ആന്റണിയുള്‍പ്പെടെയുള്ള നേതാക്കളുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം തെരഞ്ഞെടുപ്പില്‍ ദിഗ്‌വിജയ് സിങ് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ശശി തരൂരാണ് നിലവില്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിരിക്കുന്നത്. ശശി തരൂരും ദിഗ് വിജയ് സിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും തരൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Content Highlight: Ashok Gehlot says will not contest in congress  presidential poll, says sorry to sonia gandhi