ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് വഴങ്ങി മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഹൈക്കമാന്റിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഗെലോട്ടിന്റെ നീക്കം.
മന്ത്രിസഭാ പുനസംഘടന ഉടന്‍ നടത്തുമെന്ന് ഗെലോട്ട് അറിയിച്ചു.
സച്ചിന്‍ പൈലറ്റ് ക്യാംപ് ഹൈക്കമാന്റില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഗെലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിനും എം.എല്‍.എമാരും ഈ വര്‍ഷമാദ്യം പാര്‍ട്ടി വിട്ടുപുറത്തുപോയിരുന്നു.
ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് നഷ്ടമായിരുന്നു. എന്നാല്‍, ഗെലോട്ടിന്റെ എതിര്‍പ്പ് മറികടന്ന് പ്രിയങ്കയും രാഹുലും സച്ചിനെ തിരികെ എത്തിക്കുകയായിരുന്നു.
സംസ്ഥാനത്ത് മാറ്റം ആവശ്യമാണെങ്കില്‍ തീര്‍ച്ചയായും പുനസംഘടന വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു.
മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോള്‍ തന്റെ പക്ഷത്തുനിന്നുള്ള എം.എല്‍.എമാരെ ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന്റെ ആവശ്യം. എത്രയും പെട്ടെന്ന് രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.
സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അംഗീകരിക്കണമെന്നാണ് നേതൃത്വം പറയുന്നത്.
2023 ലാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കാനുള്ള നീക്കവും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ട്.