ന്യൂദല്‍ഹി: ജുഡീഷ്യറിയില്‍ വ്യാപകമായ അഴിമതിയുണ്ടെന്ന് അഭിപ്രായമുള്ളത് തനിക്ക് മാത്രമല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ചില അഭിഭാഷകര്‍ വിധി ന്യായമെഴുതുകയും അത് പിന്നീട് കോടതി പ്രഖ്യാപിക്കുകയും ചെയ്യുമെന്നുള്ള ഗെഹ് ലോട്ടിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
‘ജുഡീഷ്യറിയില്‍ എന്താണ് സംഭവിക്കുന്നത്? താഴെയോ മുകളിലോ ആകട്ടെ. കാര്യം വളരെ ഗൗരവമുള്ളതാണ്,’ അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ ദിവസം ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ച് ഞാന്‍ നടത്തിയ പ്രസ്താവന എന്റെ വ്യക്തിപരമായ അഭിപ്രായമല്ല. ജുഡീഷ്യറിയെ ഞാന്‍ എല്ലായിപ്പോഴും ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. കാലാകാലങ്ങളില്‍, സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിമാരും വിരമിച്ച ചീഫ് ജസ്റ്റിസുമാരും വരെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് അഭിപ്രായപ്പെടുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജുഡീഷ്യറിയില്‍ എനിക്ക് അത്രമേല്‍ വിശ്വാസമുണ്ട്, ജഡ്ജിമാരെ മുഖ്യമന്ത്രിയായി നിയമിക്കുന്നതിനുള്ള അഭിപ്രായങ്ങള്‍ക്കായി ഞങ്ങളുടെ അടുത്തേക്ക് വരുന്ന ഹൈക്കോടതി കൊളീജിയത്തിന്റെ പേരുകളില്‍ പോലും ഞാന്‍ ഒരിക്കലും പ്രതികൂലമായ അഭിപ്രായം പറഞ്ഞിട്ടില്ല. ഓരോ പൗരനും ജുഡീഷ്യറിയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് ഞാന്‍ വ്യക്തമായി വിശ്വസിക്കുന്നു. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും,’ ഗെഹ്‌ലോട്ട് പറഞ്ഞു.
രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം സംസ്ഥാനത്തെ ബാര്‍, അഭിഭാഷക സംഘടനകള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ സംസ്ഥാനത്തെ എല്ലാ കോടതികളിലും രാജസ്ഥാന്‍ ഹൈക്കോടതി ലോയേഴ്സ് അസോസിയേഷന്‍ വെള്ളിയാഴ്ച ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
‘പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്’ ഗെഹ്‌ലോട്ട് പ്രസ്താവന നടത്തിയെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ഗെഹ്‌ലോട്ടിന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും പറഞ്ഞതിന് എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ അദ്ദേഹം ഹാജരാക്കണമെന്നും രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് മഹേന്ദ്ര ഷാന്‍ഡില്യ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഗെഹ്‌ലോട്ടിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശിവ് ചരണ്‍ ഗുപ്ത എന്ന് പേരുള്ള ഒരു അഭിഭാഷകനും രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജയ്പൂര്‍ ബെഞ്ചില്‍ പൊതുതാത്പര്യ ഹരജി നല്‍കിയതായി പി.ടി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Ashok Gehlot says his remark about corruption in Judiciary is not his personal opinion