ജയ്പൂർ: കേരളത്തിൽ സി.പി.ഐ.എം മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ തുടർച്ചയായി വീണ്ടും അധികാരത്തിലെത്തിയ പോലെ രാജസ്ഥാനിൽ തങ്ങളും ഭരണം ആവർത്തിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.
കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെങ്കിൽ രാജസ്ഥാനിലെ ജനങ്ങളും ഒട്ടും പിറകിലല്ലെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഗെഹ്‌ലോട്ട് പറഞ്ഞു.
‘സർക്കാർ ഈ വർഷം വീണ്ടും അധികാരത്തിൽ വരും. അത് ഉറപ്പാണ്. ഇപ്പോൾ ജനങ്ങളുടെ താത്പര്യം ഈ സർക്കാർ തന്നെ തുടരണമെന്നാണ്.
കേരളത്തിൽ കഴിഞ്ഞ 70 വർഷമായി കോൺഗ്രസും സി.പി.ഐ.എമ്മും മാറി മാറി ഭരണത്തിൽ വരികയായിരുന്നു പതിവ്. എന്നാൽ ഈ പ്രാവശ്യം സി.പി.ഐ.എം മികച്ച പ്രകടനം കാഴ്ച വച്ചതിനാൽ അവർ തുടർച്ചയായി വീണ്ടും അധികാരത്തിൽ വന്നു.
അവിടുത്തെ ജനങ്ങൾ പ്രബുദ്ധരാണെങ്കിൽ രാജസ്ഥാനിലെ ജനങ്ങളും ഒട്ടും പിറകിലല്ല.
ഞങ്ങൾ കൊവിഡ് സമയത്ത് നല്ല രീതിയിൽ പ്രവർത്തിച്ചു എന്ന് ജനങ്ങൾക്കറിയാം. ഞങ്ങളുടെ ബിൽവാരാ മാതൃക അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ടിരുന്നു.
ജനങ്ങളുടെ താത്പര്യം നോക്കുകയാണെങ്കിൽ അവർക്ക് ഞങ്ങളുടെ ഭരണവും സ്കീമുകളും ഇഷ്ടമായി എന്നാണ് മനസ്സിലാകുന്നത്,’ ഗെഹ്‌ലോട്ട് പറഞ്ഞു.
രാജസ്ഥാനിൽ നവംബർ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിക്കാണ് രാജസ്ഥാനിൽ കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നതെങ്കിലും കോൺഗ്രസും ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് നടത്തിയത്. അതേസമയം വസുന്ധര രാജെയെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചിട്ടില്ല.
CONTENT HIGHLIGHT: Ashok Gehlot says his government will come again just like CPIM in Kerala did