ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിന് വേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് നേരത്തെ ഗെലോട്ട് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി മതിയെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശശി തരൂരായിരിക്കും ഗെലോട്ടിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ ആരാകും കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കു വേണമെങ്കിലും മത്സരിക്കാം എന്ന് സോണിയ ഗാന്ധി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് അശോക് ഗെലോട്ടും ശശി തരൂരും രംഗത്തെത്തിയത്.
നേരത്തെ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നായിരുന്നു ഗെലോട്ട് പറഞ്ഞിരുന്നത്.
പാര്‍ട്ടി അധ്യക്ഷനായി ഗെലോട്ട് ദല്‍ഹിയിലേക്ക് മാറിയാല്‍ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന്റെ എതിരാളിയായ സച്ചിന്‍ പൈലറ്റിന് ലഭിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലായിരുന്നു ഗെലോട്ടിന്റെ പരാമര്‍ശം.
താന്‍ എവിടെ പോയാലും രാജസ്ഥാനില്‍ സേവനം തുടരുമെന്നും നിലവില്‍ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും ദല്‍ഹിയില്‍ വരണമെന്നും പിന്തുണയറിയിക്കണമെന്നും ഗെലോട്ട് എം.എല്‍.എമാരോട് പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത് എന്താണോ അത് ചെയ്യുമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.