| Sunday, 2nd October 2022, 2:29 pm

ഖാര്‍ഗെ ദളിതനാണ്, പരിചയ സമ്പത്തുണ്ട്; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെക്ക് പിന്തുണയറിയിച്ച് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണയറിയിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയ സമ്പത്തുണ്ടെന്ന് ഗെലോട്ട് പറഞ്ഞു. അദ്ദേഹത്തിന് സംശുദ്ധമായ ഹൃദയമുണ്ടെന്നും ഖാര്‍ഗെ ദളിതനാണെന്നും ഗെലോട്ട് പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെ വിജയിക്കുമെന്നും ഗെലോട്ട് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ കോണ്‍ഗ്രസ് നേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് അശോക് ഗെലോട്ടിനെയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ പറ്റില്ലെന്ന് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പിലാക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി. താന്‍ രാജിവെച്ചാല്‍ ഭരണം അട്ടിമറിക്കപ്പെടുമെന്നും അതിനാല്‍ മത്സരക്കുന്നില്ലെന്നും ഇതിന് പിന്നലെ ഗെലോട്ട് വ്യക്തമാക്കുകയായിരുന്നു.

തുടര്‍ന്ന് ദിഗ്‌വിജയ് സിങ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഖാര്‍ഗെയുടെ പേര് ഉയര്‍ന്നുവന്നത്. ഇതോടെ മത്സരിക്കാനില്ലെന്ന ദിഗ്‌വിജയ് സിങ്ങും വ്യക്തമാക്കിയിരുന്നു. അതേസമയം പിന്മാറില്ലെന്ന് തരൂര്‍ വ്യക്തമാക്കിയതോടെ അധ്യക്ഷ സ്ഥാനത്ത് മത്സരം ഉറപ്പായി.

ഖാര്‍ഗെ പാര്‍ട്ടി ആസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ മുപ്പതോളം മുതിര്‍ന്ന നേതാക്കള്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്.

പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്നും തങ്ങള്‍ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞതായി ശശി തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറില്ല. തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Content Highlight: Ashok gehlot says he supports kharge for the presidential post

We use cookies to give you the best possible experience. Learn more