| Friday, 12th June 2020, 5:03 pm

'രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ സി.പി.ഐ.എം പിന്തുണക്കും'; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒറ്റവോട്ട് പോലും പുറത്തു പോവില്ലെന്ന് അശോക് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ടു സി.പി.ഐ.എം എം.എല്‍.എമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒറ്റവോട്ടു പോലും പുറത്തുപോവില്ലെന്നും  ഗെലോട്ട് പ്രതികരിച്ചു.

‘ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഞങ്ങളുടെ ഒറ്റവോട്ടു പോലും പുറത്തു പോവില്ല. മാത്രമല്ല, ഞങ്ങളുടെ രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിക്കും. രണ്ടു സിപി.ഐ.എം എം.എല്‍.എമാര്‍ ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും,’ ഗെലോട്ട് പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത് മനഃപൂര്‍വ്വമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. രാജ്യം കൊവിഡിനെ നേരിടുമ്പോള്‍ അമിത്ഷായും മോദിയും രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ടു മാസം മുന്നെ നടത്തണമായിരുന്നു. ഒരു കാര്യവുമില്ലാതെയാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത് കാര്യം ബി.ജെ.പിയുടെ കുതിരക്കച്ചവടമൊന്നും നടന്നില്ല,’ അശോക് ഗെലോട്ട് പറഞ്ഞു.

ബി.ജെ.പി കുതിരക്കച്ചവടം നടത്താനുള്ള ശ്രമത്തിലാണെന്ന് ഗെലോട്ട് നേരത്തെയും പ്രതികരിച്ചിരുന്നു.

രാജസ്ഥാനില്‍ മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയുടെ രാജ്യസഭാംഗമായ റാം നാരായണ്‍ ദുദി, വിജയ് ഗോയല്‍, നാരായണ്‍ ലാല്‍ പാഞ്ചരിയ എന്നിവരാണ് ഇത്തവണ രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും നീരജ് ദാങ്ങിയെയുമാണ്. അതേസമയം ബി.ജെ.പി മുന്നോട്ട് വെച്ചിരിക്കുന്നത് രാജേന്ദ്ര ഗെലോട്ടിനെയും ഓംകാര്‍ സിംഗ് ലഖാവത്തിനെയുമാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 26ന് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് നീട്ടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more