| Sunday, 19th September 2021, 3:53 pm

പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പൊതുപ്രവര്‍ത്തനം തുടരുക; അമരീന്ദറിനോട് ഗെലോട്ടിന്റെ അപേക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: മറ്റെന്തിനെക്കാളും പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പൊതുപ്രവര്‍ത്തനം തുടരാന്‍ അമരീന്ദര്‍ സിംഗിനോട് അപേക്ഷിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

എം.എല്‍.എമാരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് ഹൈക്കമാന്റ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും, നേതൃത്വമായി സഹകരിച്ച് മുന്നോട്ട് പോവണമെന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു.

‘ക്യാപ്റ്റന്‍ സാഹിബ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്, പാര്‍ട്ടി താത്പര്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം മുന്നോട്ട് പോവുമെന്നും ഞാന്‍ കരുതുന്നു,’ ഗെലോട്ട് പറഞ്ഞു.

അമരീന്ദര്‍ സിംഗ് രാജിവെച്ചതിന് പിറ്റേന്നാണ് ഗെലോട്ടിന്റെ ട്വീറ്റ്. മൂന്ന് തവണ താന്‍ അപമാനിക്കപ്പെട്ടെന്നും, അപമാനം സഹിച്ച് ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പറഞ്ഞാണ് അമരീന്ദര്‍ രാജി വെച്ചത്.

മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും നിലവില്‍ താന്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് അമരീന്ദര്‍ വ്യതമാക്കിയിരുന്നു.

‘ഹൈക്കമാന്റിന് ചിലപ്പോള്‍ ജനങ്ങളുടെയും എം.എല്‍എമാരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരും. എല്ലാവരുടെയും നിര്‍ദേശങ്ങള്‍ മാനിച്ചാവും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇത്തരം അവസരങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാജ്യത്തോടുള്ള ഉത്തരവാദിത്തം കൂടുകയാണ് വേണ്ടത്. സ്വന്തം താത്പര്യങ്ങളെ മറന്ന് രാജ്യത്തോടുള്ള കടമ നമ്മള്‍ നിര്‍വഹിക്കണം,’ ഗെലോട്ട് ട്വീറ്റ് ചെയ്തു.

ശനിയാഴ്ചയാണ് അമരീന്ദര്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്.അമരീന്ദറിന്റെ രാജിക്കായി പഞ്ചാബ് മന്ത്രി സഭയില്‍ നിന്ന് തന്നെ മുറവിളിയുണ്ടായിരുന്നു. അമരീന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എം.എല്‍.എമാര്‍ ഹൈക്കമാന്റിന് കത്ത് നല്‍കിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇത്രയും അപമാനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ല’ എന്ന് സോണിയയെ അമരീന്ദര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ashok Gehlot’s “Hope You Keep Party’s Interest” Tweet To Amarinder Singh

We use cookies to give you the best possible experience. Learn more