| Saturday, 29th June 2019, 3:46 pm

പെഹ്‌ലു ഖാനെതിരെ കേസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി അശോക് ഗെഹ്‌ലോട്ട്; കേസില്‍ അന്വേഷണം നടന്നത് ബി.ജെ.പി സര്‍ക്കാറിന്റെ കാലത്തെന്ന് ന്യായവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോരക്ഷ ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെഹ്‌ലുഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി വിവാദമായതോടെ വിശദീകരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തനിക്കുമുമ്പുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് കേസില്‍ അന്വേഷണം നടന്നതെന്നും എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കേസ് പുനരന്വേഷിക്കുമെന്നുമാണ് ഖെഹ്‌ലോട്ട് പറഞ്ഞത്.

‘നേരത്തെ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്താണ് ഈ കേസില്‍ അന്വേഷണം നടക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കേസ് പുനരന്വേഷിക്കും.’ അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജസ്ഥാന്‍ കന്നുകാലി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ അഞ്ച്, എട്ട്, ഒമ്പത് പ്രകാരമാണ് പെഹ്‌ലു ഖാനും അദ്ദേഹത്തിന്റെ മകനും എതിരെ കേസെടുത്തത്. പശുമോഷണമാണ് ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ ഡിസംബര്‍ 30നാണ് പെഹ്‌ലു ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം തയ്യാറാക്കിയത്. മെയ് 29ന് ബെഹ്റോറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ഇത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പെഹ്‌ലുഖാനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോകാന്‍ ഉപയോഗിച്ച പിക്ക് അപ്പ് ഉടമ എന്നിവര്‍ക്കെതിരെയും കേസുണ്ട്.

കഴിഞ്ഞ വര്‍ഷം അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരും പെഹ്‌ലുഖാന്റെ സഹായികളായ അസ്മത്, റഫീഖ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കൊലക്കേസില്‍ പെഹ്‌ലുഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇവര്‍ സംഭവസമയത്ത് ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ വാദം.

2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്. പശുക്കളെ വാങ്ങിയതിന്റെ രേഖകളോട് കൂടിയായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more