| Monday, 9th August 2021, 6:46 pm

ഗാന്ധിജിയുമായി ബന്ധപ്പെട്ടതെല്ലാം ഇല്ലാതാക്കാനുള്ള അജണ്ടയാണിത്; സബര്‍മതി ആശ്രമം മ്യൂസിയമാക്കുന്നതിനെതിരെ അശോക് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഗുജറാത്തിലെ സബര്‍മതി ആശ്രമം പുനര്‍ നിര്‍മ്മിച്ച് മ്യൂസിയമാക്കാനുള്ള കേന്ദ്ര നീക്കത്തെ എതിര്‍ത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്രത്തിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഗെലോട്ട് പറഞ്ഞു.

ആശ്രമം പൊളിച്ച് മാറ്റുന്നത് മഹാത്മാ ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

‘കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചിരിക്കുന്നു. ആവശ്യമില്ലാത്ത പണിയാണിത്. കേന്ദ്രം ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണം. ലാളിത്യവും സാഹോദര്യവും ഒത്തുച്ചേരുന്നയിടമാണ് സബര്‍മതി ആശ്രമം. അതുകൊണ്ടുതന്നെയാണ് അവിടം ആശ്രമം എന്നറിയപ്പെടുന്നത്. മ്യൂസിയം ആക്കാനുള്ള സ്ഥലമല്ല അത്,’ ഗെലോട്ട് പറഞ്ഞു.

തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ഗാന്ധിജിയുമായി ബന്ധപ്പെട്ടതെല്ലാം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്നും ഗെലോട്ട് പറഞ്ഞു.

ഏകദേശം 13 വര്‍ഷത്തോളം ഗാന്ധിജി കഴിഞ്ഞിരുന്ന സ്ഥലമാണ് അഹമ്മദാബാദിലെ സബര്‍മതി ആശ്രമം. 1917 മുതല്‍ 1930 വരെ ഗാന്ധിജി ആശ്രമത്തില്‍ കഴിഞ്ഞിരുന്നു.

സബര്‍മതി ആശ്രമം പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുമായിട്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. 1200 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.

ഗാന്ധി ആശ്രമം മെമ്മോറിയല്‍ ഡെവലപ്‌മെന്റ് പ്രോജക്ട് എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയ്‌ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Ashok Gehlot On Gujarat’s Sabarmati Ashram Move

We use cookies to give you the best possible experience. Learn more