ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മേല്‍നോട്ടത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടക്കമുള്ള നേതാക്കളെ നിയോഗിച്ച് എ.ഐ.സി.സി. ഗെലോട്ടിനെ കൂടാതെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വര, മുന്‍ ഗോവ മുഖ്യമന്ത്രി ലൂസീനോ ഫെലോറോ എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
എം.വീരപ്പമൊയ്‌ലി, എം.എം പള്ളം രാജു, നിതിന്‍ റൗത്ത് എന്നിവര്‍ക്കാണ് തമിഴ്‌നാടിന്റേയും പുതുച്ചേരിയുടേയും ചുമതല നല്‍കിയിരിക്കുന്നത്. ബി.കെ ഹരിപ്രസാദ്, അലാമിഗിര്‍ ആലം, വിജയ് ഇന്ദര്‍ സിഗ്ല എന്നിവര്‍ പശ്ചിമ ബംഗാളിന്റെ ചുമതല വഹിക്കും.
അസമിന്റെ ചുമതല ഭൂപേഷ് ഭാഗല്‍, മുകുള്‍ വാസ്‌നിക്, ഷക്കീല്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കാണ്.
കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനൊപ്പം ചേര്‍ന്നാണ് നേതാക്കള്‍ പ്രവര്‍ത്തിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റ തോല്‍വിക്ക് കാരണം പ്രചാരണത്തിലുള്ള വീഴ്ചയാണെന്ന് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രചാരണ ഏകോപനത്തിനായി മുതിര്‍ന്ന നേതാക്കളെ ഇറക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം.
ചൊവ്വാഴ്ച താരിഖ് അന്‍വറിന്റെയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പോഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് ചര്‍ച്ച നടന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി പ്രതിനിധിയായ ജനറല്‍ സെക്രട്ടറി വിശ്വനാഥന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഇന്‍കാസ്, ഡിസേബിള്‍ഡ് കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ബുധനാഴ്ച മുതല്‍ എ.ഐ.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലുള്ള യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക