| Saturday, 13th June 2020, 9:57 am

ബി.ജെ.പിക്ക് കുരുക്കിടാന്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നീക്കം; കുതിരക്കച്ചവടം അന്വേഷിക്കാന്‍ പ്രത്യേക സംഘം

സ്പോര്‍ട്സ് ഡെസ്‌ക്

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി രാജസ്ഥാനില്‍ നടത്തുന്ന കുതിരക്കച്ചവടം പൊലീസിന്റെ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. കുതിരക്കച്ചവടത്തിനായി പണമിറക്കിയവരെ കണ്ടെത്താനാണ് നീക്കം. അന്വേഷണം ആര്‍ക്കെതിരെ എന്ന് പേരെടുത്ത് പറയാതെയാണ് ഗെലോട്ട് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

‘രാജ്യം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് ജനാധിപത്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്’, ഗെലോട്ട് ആരോപിച്ചു. സച്ചിന്‍ പൈലറ്റുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗെലോട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കര്‍ണാടകത്തിലും മധ്യപ്രദേശിലും എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. അത് തന്നെയാണ് അവര്‍ രാജസ്ഥാനിലും പ്രയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും ഗെലോട്ട് ആരോപിച്ചു. കോണ്‍ഗ്രസിന്റെ എം.എല്‍.എമാരെയും സ്വതന്ത്ര എം.എല്‍.എമാരെയും ബി.ജെ.പി ബന്ധപ്പെടുന്നതിനെ എന്ത് പേരിട്ടാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

രാജസ്ഥാനില്‍ രണ്ടു സി.പി.ഐ.എം എം.എല്‍.എമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് അശോക് ഗെലോട്ട് നേരത്തെ അറിയിച്ചിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒറ്റവോട്ടു പോലും പുറത്തുപോവില്ലെന്നും ഗെലോട്ട് പറഞ്ഞു.

രാജസ്ഥാനില്‍ മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയുടെ രാജ്യസഭാംഗമായ റാം നാരായണ്‍ ദുദി, വിജയ് ഗോയല്‍, നാരായണ്‍ ലാല്‍ പാഞ്ചരിയ എന്നിവരാണ് ഇത്തവണ രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും നീരജ് ദാങ്ങിയെയുമാണ്. അതേസമയം ബി.ജെ.പി മുന്നോട്ട് വെച്ചിരിക്കുന്നത് രാജേന്ദ്ര ഗെലോട്ടിനെയും ഓംകാര്‍ സിംഗ് ലഖാവത്തിനെയുമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more