ജയ്പൂര്‍: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
രാജസ്ഥാനിലും അധാര്‍മ്മികമായി അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്നും പക്ഷേ ജനങ്ങള്‍ അവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി കൊടുത്തുവെന്നും അശോക് ഗെലോട്ട് പറഞ്ഞു.
” ആദ്യം കര്‍ണാടക, പിന്നെ മധ്യപ്രദേശ്, ഇപ്പോള്‍ പുതുച്ചേരിയും. എം.എല്‍.എമാരെ രാജിവെപ്പിച്ച് ബി.ജെ.പി അധികാരം പിടിച്ചെടുക്കുകയാണ്.
രാജസ്ഥാനിലും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലുടെ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചു. പക്ഷേ ജനങ്ങള്‍ അവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി കൊടുത്തു,” ഗെലോട്ട് പറഞ്ഞു.
പുതുച്ചേരി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ കഷ്ടിച്ച് രണ്ട് മാസത്തിനടുത്ത് ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ നാരായണസാമി സര്‍ക്കാര്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് സഭയില്‍ നിന്നിറങ്ങിപ്പോയ വി.നാരായണസാമി ലെഫറ്റനന്റ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.
ഒരു മാസത്തിനിടെ ആറ് എം.എല്‍.എ മാരാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നചത്. ഞായറാഴ്ച കോണ്‍ഗ്രസ് എം.എല്‍.എയും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീ നാരായണനും, സഖ്യകക്ഷിയായ ഡി.എം.കെയിലെ വെങ്കടേശനുമാണ് രാജിവെച്ചത്.
വിശ്വാസ വോട്ടെടുപ്പിന്റെ തലേദിവസമായിരുന്നു ഈ അപ്രതീക്ഷിത നീക്കം.
തെരഞ്ഞെടുക്കപ്പെട്ട 30 അംഗങ്ങളുള്ള നിയമസഭയില്‍ പതിനഞ്ച് എം.എല്‍.എമാര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. രണ്ട് പേര്‍ ഡി.എം.കെയുടെ എം.എല്‍.എമാരായിരുന്നു. പുതുച്ചേരിയില്‍ ഭരണം പൂര്‍ത്തിയാക്കാനാകാതെ കോണ്‍ഗ്രസിന പടിയിറങ്ങേണ്ടി വന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.