| Friday, 7th April 2023, 8:21 am

സിന്ധ്യയും ആസാദുമൊക്കെ രാഹുല്‍ ഗാന്ധിക്കെതിരെ ഇത്ര തരംതാഴ്ന്ന ഭാഷയില്‍ സംസാരിക്കുമെന്ന് കരുതിയിരുന്നില്ല: അശോക് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ തുടരുന്ന മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഗുലാം നബി ആസാദിനുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്.

സിന്ധ്യയും ആസാദും രാഹുല്‍ ഗാന്ധിക്കെതിരെ ഇത്ര മോശമായ ഭാഷയില്‍ സംസാരിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നാണ് ഗെഹ്‌ലോത് പറഞ്ഞത്. ഇത്രയും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും രാഹുല്‍ ഗാന്ധി ജനങ്ങളുടെ ശബ്ദമായി നിലനില്‍ക്കുന്നത് ബി.ജെ.പി നേതാക്കള്‍ക്ക് സഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാരണം കൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് തങ്ങള്‍ക്കൊപ്പം ചേര്‍ന്ന നേതാക്കളെ രാഹുലിനെ ആക്രമിക്കാന്‍ ബി.ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അവരെല്ലാം ഇപ്പോള്‍ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗത്താണെന്നും ഗെലോട്ട് ആരോപിച്ചു.

ഒരു ആശയവുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി പ്രത്യേക പരിഗണന നല്‍കുന്നുവെന്നും സിന്ധ്യ ആരോപിച്ചിരുന്നു.

അയോഗ്യതയുമായി ബന്ധപ്പെട്ട കേസില്‍ രാഹുലിന്റെ വ്യക്തിപരമായ നിയമപോരാട്ടത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനെന്ന തരത്തില്‍ അവതരിപ്പിക്കുകയാണെന്നും നിയമവ്യവസ്ഥയെപ്പോലും സമ്മര്‍ദത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സിന്ധ്യ ആരോപിച്ചിരുന്നു.

കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗുലാം നബി ആസാദ് അടുത്തിടെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ആസാദ്’ എന്ന തന്റെ ആത്മകഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഗുലാം നബി ആസാദ് ഉന്നയിച്ചിരുന്നത്.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുപ്പുകള്‍ ജയിക്കാനുള്ള കഴിവില്ലെന്നും പലപ്പോഴും സംസ്ഥാന നേതാക്കളുടെ കഴിവ് കൊണ്ടാണ് അവര്‍ രക്ഷപ്പെട്ട് പോകുന്നതെന്നും ആസാദ് പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്നും ആസാദ് അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന സിന്ധ്യ 2020ലാണ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തിരുത്തല്‍വാദ സംഘമായ ജി 23യുടെ ഭാഗമായിരുന്ന ആസാദ്, പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി നല്‍കിയ നിര്‍ദേശങ്ങളൊന്നും തന്നെ നേതൃത്വം മുഖവിലക്കെടുക്കുന്നില്ല എന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്.

Content Highlights: Ashok gehlot against Scindia and gulam nabi azad

We use cookies to give you the best possible experience. Learn more