| Saturday, 26th December 2020, 9:52 am

'മുസ്‌ലിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം പോലും നല്‍കില്ല, എന്നിട്ട് അവര്‍ക്ക് വേണ്ടി മധുരമായി പ്രസംഗിക്കും'; ബി.ജെ.പിയുടെ ഇരട്ടത്താപ്പെന്ന് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്‌സര്‍: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മുസ്‌ലിം എം.പിയെ ഉപയോഗിച്ച് രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഗെലോട്ട് പറഞ്ഞു.

ബി.ജെ.പിക്ക് മുസ്‌ലിങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും ഗെലോട്ട് ആരോപിച്ചു.

‘യുപിയില്‍ 400 സീറ്റുകളും, ബീഹാറില്‍ 250ഓളം സീറ്റുകളും ഉണ്ട്. എന്നിട്ട് ഒരു സീറ്റ് പോലും ബിജെപി മുസ് ലിങ്ങള്‍ക്ക് മാറ്റിവെച്ചിട്ടില്ല. എന്നാല്‍ അതേസമയം അവര്‍ അലീഗഡ് മുസ് ലിം യൂണിവേഴ്‌സിറ്റിയില്‍ പോയി മധുരമായി പ്രസംഗിക്കും. പ്രവൃത്തിയും പ്രസംഗവും തമ്മില്‍ എത്ര വ്യത്യാസമാണ്! മുസ്‌ലിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം പോലും നല്‍കാതിരുന്ന ബി.ജെ.പി രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു മുസ് ലിമിനെ ഉപയോഗിച്ചു,’ ഗെലോട്ട് പറഞ്ഞു.

കാര്‍ഷിക നിയമത്തിലും കേന്ദ്രത്തെിനെതിരെ ഗെലോട്ട് വിമര്‍ശനമുന്നയിച്ചു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാക്കി മാറ്റുന്നതിന് തങ്ങളുടെ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നെന്നും ഗെലോട്ട് പറഞ്ഞു. കൊടും തണുപ്പത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ കര്‍ഷകര്‍ തെരുവില്‍ കിടക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു.

കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

കഴിഞ്ഞ ദിവസം പഞ്ചാബിലെ ഭാഗ്വാരയിലെ ഹോട്ടലില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജന്മദിനാഘോഷങ്ങള്‍ക്കായെത്തിയ ബി.ജെ.പി നേതാക്കളെ കര്‍ഷക സംഘടനകള്‍ ഖരാവോ ചെയ്തിരുന്നു.

ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടി കര്‍ഷകര്‍ നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് പറഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

അതേസമയം കര്‍ഷക സമരം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കായുള്ള പുതിയ ധനസഹായ പാക്കേജായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി വഴി രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കായി 18000 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളൊന്നും വിജയിക്കാതെ വന്നതോടെയാണ് കിസാന്‍ സമ്മാന്‍ നിധിയിലൂടെ കര്‍ഷകര്‍ക്ക് ധനസഹായം എത്തിക്കാനുള്ള പുതിയ നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ashok Gehlot against BJP; alleged BJP have double stand on Muslims

We use cookies to give you the best possible experience. Learn more