ജയ്പൂര്‍: കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി മുഖമാണ് രാഹുല്‍ ഗാന്ധിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ സാധിക്കുന്ന ഒരേ ഒരു നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്നും വന്ന അനുകൂല വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ പ്രധാനമന്ത്രി മുഖമാണ് രാഹുല്‍ ഗാന്ധി. ബാക്കിയെല്ലാം ഹൈക്കമാന്റിന്റെ കീഴിലാണ്. ഇനി എന്താണ് നടക്കാന്‍ പോകുന്നതെന്ന് നമുക്ക് കാണാം,’ അദ്ദേഹം പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി സ്ഥാനത്തിന് അല്ല പ്രാധാന്യമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തെയും അദ്ദേഹം സൂചിപ്പിച്ചു. പ്രതിപക്ഷ യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ഖാര്‍ഗെ പറഞ്ഞത് ശരിയായിരിക്കാമെന്നും ഗെഹ്‌ലോട്ട് സൂചിപ്പിച്ചു.
‘മോദിക്കെതിരെ മത്സരിക്കാന്‍ രാഹുലിന് മാത്രമേ കഴിയൂവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാജ്യത്തെ ജനങ്ങള്‍ക്കും അറിയാം,’ അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ ഗെഹ്‌ലോട്ട് പ്രധാനമന്ത്രിയാകുമെന്നുള്ള സാധ്യതകളും അദ്ദേഹം തള്ളിക്കളഞ്ഞു. രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ തന്നെയാണ് താന്‍ നിലനില്‍ക്കുകയുള്ളുവെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.
‘എന്റെ അവസാന ശ്വാസം വരെ രാജസ്ഥാനെ സേവിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ദല്‍ഹി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒരിക്കലും ഉയര്‍ത്തരുത്.
എന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് നേരിടും,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഇതോടെ എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും.
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ് അസാധാരണമാണെന്നും കുറ്റം നിസാരമാണെന്നും വാദിച്ചായിരുന്നു സുപ്രീം കോടതിയില്‍ രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. കേസില്‍ മാപ്പ് പറയില്ലെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എം.പി എന്ന നിലയില്‍ കേസ് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.
കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
CONTENT HIGHLIGHTS: ashok gehlot about rahul gandhi