ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ രജ്ദീപ് സര്‍ദേശായിക്കും രവീഷ് കുമാറിനും സുരക്ഷയുറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കോണ്‍ഗ്രസ് നേതാവ് ആശോക് ചവാന്റെ കത്ത്. സോഷ്യല്‍മീഡിയയിലൂടെ ഇരുവര്‍ക്കും വധഭീഷണികള്‍ വരുന്ന സാഹചര്യത്തിലാണ് സുരക്ഷയുറപ്പാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കത്തയച്ചത്.
തങ്ങളുടെ പരിപാടികളുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇരുവര്‍ക്കും ഭീഷണി നേരിടേണ്ടി വരുന്നത് അത്യന്തം അപകടകരമായ പ്രവണതയാണെന്നാണ് ചവാന്‍ കത്തിലൂടെ പറയുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് നേരെ നിരന്തരം അക്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
നരേന്ദ്ര ധല്‍ബോക്കര്‍, എം.എന്‍ കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ വധത്തിന് അടുത്തകാലത്ത് നാം സാക്ഷ്യംവഹിക്കുകയുണ്ടായെന്നും ഈ കൊലപാതകങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ നാണംകെട്ട അധ്യായങ്ങളായിരിക്കുമെന്നും ചവാന്‍ പറഞ്ഞു.
Dont Miss: കേരള സര്‍വകലാശാലയില്‍ ചരിത്ര വിജയവുമായി എസ്.എഫ്.ഐ; 64 ല്‍ 61 ലും ജയം
സര്‍ദേശായിയും രവിഷ് കുമാറും ജനാധിപത്യ രീതിക്കനുസരിച്ച് അവരുടെ ജോലികള്‍ ചെയ്യുന്നവരാണെന്നും അവരെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കുന്നത് ശരിയായ പ്രവണതയല്ലെന്നും പറഞ്ഞ ചവാന്‍ മറ്റൊരു കളങ്കമുണ്ടാകുന്നതിനു മുമ്പ് എന്‍.ഡി.എ ഗവണ്‍മെന്റ് വിഷയത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.