കോണ്‍ഗ്രസ് വിട്ടെങ്കിലും നാക്ക് സമ്മതിക്കുന്നില്ല; ബി.ജെ.പി പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന് നന്ദി പറഞ്ഞ് അശോക് ചവാന്
മുംബൈ: മുംബൈ ബി.ജെ.പി അധ്യക്ഷന്‍ ആശിഷ് ഷേലാറിനെ കോണ്‍ഗ്രസ് അധ്യക്ഷനെന്ന് തെറ്റായി അഭിസംബോധന ചെയ്ത് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ചവാന് നാക്കുപിഴ സംഭവിച്ചത്.
തന്നെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത നേതാക്കള്‍ക്ക് നന്ദി പറയുന്നതിനിടെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആശിഷ് ഷേലാറിന് നന്ദിയെന്നാണ് ചവാന്‍ പറഞ്ഞത്. ചവാന്റെ പ്രസ്താവന വേദിയിലുണ്ടായ ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ വലിയ ചിരി പടര്‍ത്തി. പിന്നീട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ചവാന്റെ തെറ്റ് തിരുത്തി കൊണ്ട് സാഹചര്യം തണുപ്പിച്ചു.
പിന്നീട് നാക്കുപിഴയില്‍ ചവാനും ക്ഷമാപണം നടത്തി.’ നീണ്ട 36 വര്‍ഷത്തെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ച് ഞാന്‍ ഇപ്പോള്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പുതിയ യാത്ര ആരംഭിച്ചതേയുള്ളൂ. അതിനാല്‍ എന്റെ നാക്കുപിഴയില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ബി.ജെ.പി ഓഫീസില്‍ വെച്ചുള്ള തന്റെ ആദ്യത്തെ വാര്‍ത്താ സമ്മേളനമാണിതെന്ന് ദയവായി എല്ലാവരും മസിലാക്കണം’, അശോക് ചവാന്‍ പറഞ്ഞു.
താന്‍ എപ്പോഴും പോസിറ്റീവ് പൊളിറ്റിക്‌സിന്റെ ഭാഗമായിരുന്നെന്നും ചവാന്‍ കൂട്ടിച്ചേര്‍ത്തു. സബ്കാ സാത്ത്, സ്ബ്കാ വികാസ് എന്ന മുദ്രാവാക്യമാണ് ലോക്സഭയില്‍ പ്രധാനമന്ത്രി ഉയര്‍ത്തിപ്പിടിച്ചത്. പ്രധാനമന്ത്രിയെ താന്‍ എതിര്‍ക്കാറില്ലെന്നും ചിലര്‍ വിമര്‍ശനമുന്നയിക്കാറുമുണ്ട്. എന്നാല്‍ താനെപ്പോഴും പോസിറ്റീവ് പൊളിറ്റിക്സിനൊപ്പമായിരുന്നു, ചവാന്‍ പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പാര്‍ട്ടി പറയുന്നതെന്തും താന്‍ അതേപടി അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എല്‍.സി സ്ഥാനം രാജിവച്ച് അദ്ദേഹത്തിന്റെ അനുയായി അമര്‍ രാജൂര്‍ക്കറും ബി.ജെ.പിയില്‍ ചേര്‍ന്നു. ആരുടെയും നിര്‍ബന്ധപ്രകാരമല്ല താനും കോണ്‍ഗ്രസ് വിട്ടതെന്ന് അമര്‍ രാജൂര്‍ക്കറും പ്രതികരിച്ചു. അശോക് ചവാന്‍ ബുധനാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Ashok Chavan’s Slip Of Tongue Referring To Mumbai BJP Chief Ashish Shelar