| Thursday, 21st November 2019, 5:07 pm

അശോക് ചവാന്‍ ഉപമുഖ്യമന്ത്രിയാവും; 11 മന്ത്രിമാര്‍ കോണ്‍ഗ്രസിന്; മഹാരാഷ്ട്രയിലെ അവസാന കണക്കുകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ഡിസംബര്‍ ആദ്യവാരം സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 14-14-11 എന്ന ഫോര്‍മുലയിലാണ് മന്ത്രിസ്ഥാനങ്ങള്‍ വീതം വെക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.

ഇപ്പോള്‍ രൂപംകൊണ്ടിരിക്കുന്ന ഫോര്‍മുല പ്രകാരം 56 എം.എല്‍.എമാരുള്ള ശിവസേനയ്ക്ക് 14 മന്ത്രിസ്ഥാനവും 54 എം.എല്‍.എമാരുള്ള എന്‍.സി.പിയ്ക്ക് 14 മന്ത്രിസ്ഥാനവും 44 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും ലഭിക്കും. മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എന്‍.സി.പിയും പങ്കിട്ടേക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുടെ മുഖ്യമന്ത്രി ആരാണെന്ന് ഇത് വരെ തീരുമാനമായിട്ടില്ല. ആദിത്യ താക്കറെ മുഖ്യമന്ത്രിയാവുന്നതിനോട് എന്‍.സി.പിയ്ക്കും കോണ്‍ഗ്രസിനും വിയോജിപ്പുണ്ട്. ഉദ്ദവ് താക്കറേ മുഖ്യമന്ത്രിയാവണമെന്നാണ് ഇരുപാര്‍ട്ടികളും ആവശ്യപ്പെടുന്നത്.

എന്‍.സി.പിയുടെ മുഖ്യമന്ത്രിയായി ശരത് പവാറിന്റെ മകളായ സുപ്രിയ സുലേയുടെ പേരാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ മുമ്പില്‍. എന്‍.സി.പിയുടെ ഈ ആവശ്യം ശിവസേന അംഗീകരിച്ചാല്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കും. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഉപമുഖ്യമന്ത്രിയായേക്കും.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റ് ബി.ജെ.പി നേടിയെങ്കിലും ശിവസേനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അധികാരത്തിലേറാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. 288 അംഗ നിയമസഭയില്‍ 56 എം.എല്‍.എമാരാണ് ശിവസേനയ്ക്കുള്ളത്. എന്‍.സി.പിയ്ക്ക് 54 സീറ്റും കോണ്‍ഗ്രസ് 44 സീറ്റുകളും നേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more