ഇംഗ്ലണ്ടിന്റെ മുന്‍ താരമായ ആഷ്ലി കോള്‍ തന്റെ ഫുട്‌ബോള്‍ കരിയറില്‍ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ താരമാരാണെന്ന് വെളിപ്പെടുത്തി. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണോ പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയാണോ ഏറ്റവും കഠിനമായ എതിരാളി എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു കോള്‍.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയാണ് താന്‍ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള താരമെന്നാണ് കോള്‍ പറഞ്ഞത്.
‘ഫുട്‌ബോളില്‍ ഏറ്റവും കഠിനമായ എതിരാളി ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ റൊണാള്‍ഡോയുടെ പേര് പറയും. മെസിയും റൊണാള്‍ഡോയും രണ്ട് പേരും മികച്ചതാണ് എന്നാല്‍, ഞാന്‍ റോണോയുടെ പേര് പറയും,’ ടൈംലൈന്‍ സി.ആര്‍.7ന് നല്‍കിയ അഭിമുഖത്തില്‍ കോള്‍ പറഞ്ഞു.
ക്ലബ്ബിനും ദേശീയ ടീമിനുമായി 700-ലധികം കരിയര്‍ മത്സരങ്ങളാണ് കോള്‍ കളിച്ചിട്ടുള്ളത്. ഇതില്‍ പല തവണ കോള്‍, മെസിക്കും റൊണാള്‍ഡോക്കുമെതിരെ കളിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കളിക്കുന്ന ബെര്‍മിങ് ഹാം സിറ്റിയുടെ പരിശീലകനായ ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയുടെ കീഴില്‍ കോച്ചിങ് സ്റ്റാഫ് അംഗമാണ് കോള്‍.
അതേസമയം റൊണാള്‍ഡോയും ലയണല്‍ മെസിയും തങ്ങളുടെ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് കാഴ്ചവെക്കുന്നത്.
റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിന് വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്. ഇതിനോടകം തന്നെ ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റോണോയുടെ അക്കൗണ്ടിലുള്ളത്.
മറുഭാഗത്ത് അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായി അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനമാണ് നടത്തിയത്. മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ നേടികൊണ്ട് മികച്ച ഫോമിലാണ്.
Content Highlight: Ashley Cole reveals the toughest opponent he faced in his career.