മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്‌ഫോഡ് ഈ സീസണില്‍ മോശം പ്രകടനമാണ് നടത്തുന്നത്.
ഈ സാഹചര്യത്തില്‍ റാഷ്‌ഫോഡിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ ഇംഗ്ലണ്ട് താരമായ ആഷ്‌ലി കോള്‍.
മാര്‍ക്കസ് റാഷ്‌ഫോഡ് സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തുടരണമെന്നാണ് ആഷ്‌ലി കോള്‍ പറഞ്ഞത്.
‘ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെപ്പോലുള്ള മികച്ച താരങ്ങള്‍ ഒരു സീസണ്‍ പോലും കളിക്കാതിരുന്നിട്ടില്ല. ഏകദേശം 20 വര്‍ഷത്തോളം അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അവര്‍ ഒരു സീസണ്‍ പോലും ഓഫ് എടുത്തിട്ടില്ല. അതുപോലെയായിരിക്കണം താരങ്ങള്‍ കളിക്കേണ്ടത്. ഇതില്‍ എങ്ങനെ കളിക്കണമെന്ന് റാഷ്‌ഫോഡിന് മാത്രമേ അറിയൂ,’ കോള്‍ ഗോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ 56 മത്സരങ്ങളില്‍ റെഡ് ഡെവിള്‍സിനായി ബൂട്ട് കെട്ടിയ റാഷ്‌ഫോഡ് 30 ഗോളുകളും 11 അസിസ്റ്റുകളും ആണ് നേടിയത്. എന്നാല്‍ ഈ സീസണില്‍ ഈ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ട് താരത്തിന് സാധിച്ചിരുന്നില്ല. ഈ സീസണില്‍ നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് റാഷ്‌ഫോഡ് നേടിയത്.
റാഷ്‌ഫോഡിന്റെ പഴയ ഫോം തിരിച്ചു കൊണ്ടുവരാന്‍ കോള്‍ ഇംഗ്ലണ്ട് താരത്തിന് ഉപദേശം നല്‍കുകയും ചെയ്തു.
‘കഴിഞ്ഞ നാല് അഞ്ച് വര്‍ഷമായി റാഷ്‌ഫോഡിന്റെ പ്രകടനങ്ങള്‍ സ്ഥിരതയില്ലാത്തതാണ്. 16 മത്സരങ്ങളില്‍ നിന്നും തനിക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ടെങ്കില്‍ നിങ്ങള്‍ എങ്ങനെ പരിശീലിപ്പിക്കുന്നു, എങ്ങനെയായിരിക്കണം പരിശീലനം നടത്തേണ്ടത് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങണം. പഴയ ഫോമിലേക്ക് തിരികെ വരാന്‍ താന്‍ എന്ത് ചെയ്യണമെന്ന് കൃത്യമായി ചിന്തിക്കണം,’ ആഷ്‌ലി കോള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Ashley Cole giving advice to Marcus Rashford to follow Lionel Messi and Cristiano Ronaldo.