അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരമായത് മമ്മൂട്ടിയുടെ സഹോദരീപുത്രനായ അഷ്‌കര്‍ സൗദാനായിരുന്നു. ശബ്ദത്തിലും രൂപത്തിലും മമ്മൂട്ടിയുമായുള്ള സാദൃശ്യമാണ് അദ്ദേഹത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്.
മമ്മൂട്ടിയേയും ദുല്‍ഖര്‍ സല്‍മാനേയും കുറിച്ചുള്ള അഷ്‌കറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ സഹോദരന്‍ ഇത്ര വലിയ സ്റ്റാറായി നില്‍ക്കുന്നത് തനിക്ക് അഭിമാനമാണെന്നും എന്നാല്‍ എപ്പോഴും നോക്കിക്കാണുന്നത് മമ്മൂട്ടിയെ ആണെന്നും അഷ്‌കര്‍ പറഞ്ഞു. മൂവിമാന്‍ ബ്രോഡ്കാസ്റ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറായിരിക്കുന്നത് അഭിമാനമാണ്. നമ്മുടെ അനിയന്‍ ഇത്ര വലിയ സ്റ്റാറായി നില്‍ക്കുന്നത് വളരെ സന്തോഷമാണ്. എന്നാല്‍ നോക്കിക്കാണുന്നത് എപ്പോഴും അമ്മാവനെ തന്നെയായിരിക്കും. കാരണം കുഞ്ഞുന്നാളില്‍ അദ്ദേഹത്തെ കണ്ടാണ് വളര്‍ന്നത്. അദ്ദേഹത്തെ കണ്ടാണ് ഓരോന്ന് പഠിക്കുന്നതും. കുടുംബം കൊണ്ടുപോകുന്നത് എങ്ങനെയാണ്, സിനിമയില്‍ എങ്ങനെ പെരുമാറണം, അതൊക്കെ അദ്ദേഹത്തെ കണ്ടാണ് പഠിച്ചത്.
ദുല്‍ഖര്‍ എന്റെ കളിക്കൂട്ടുകാരന്‍ തന്നെയാണ്. കുട്ടിക്കാലത്തുള്ള കുറെ കുരുത്തക്കേട് പരിപാടികളുണ്ട്. പുള്ളിക്ക് ഭയങ്കര കാര്‍ ക്രേസുണ്ട്. കോളേജില്‍ പഠിക്കുന്ന സമയത്ത് എന്നെ കാറില്‍ കയറ്റി കൊണ്ടുപോകുമായിരുന്നു. പുള്ളിക്ക് സ്‌കിഡ് ചെയ്യാന്‍ രഹസ്യമായി ഒരു സ്ഥലമുണ്ടായിരുന്നു. അവിടേക്ക് എന്നെ സ്‌കിഡ് ചെയ്യിക്കാനൊക്കെ കൊണ്ടുപോയിട്ടുണ്ട്,’ അഷ്‌കര്‍ പറഞ്ഞു.
ഡി.എന്‍.എയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന അഷ്‌കറിന്റെ ചിത്രം. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹന്ന റെജി കോശി ആണ് നായിക.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ബാബു ആന്റണി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, റിയാസ് ഖാന്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, രവീന്ദ്രന്‍, സുധീര്‍, ഇടവേള ബാബു, നിര്‍മ്മല്‍ പാലാഴി, ഇനിയ, ഗൗരിനന്ദ, പൊന്‍വണ്ണന്‍, ബോബന്‍ ആലുംമൂടന്‍, സീത, അമീര്‍ നിയാസ്, രാജേഷ് മാധവ്, കുഞ്ചന്‍, ആശാ നായര്‍, കലാഭവന്‍ ഹനീഫ് തുടങ്ങിയവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
Content Highlight: ashkar saudan about mammootty and dulquer salmaan