| Saturday, 23rd April 2022, 4:05 pm

ഒരു സിനിമയെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്, എന്നാല്‍ അതിന്റെ പുറകിലുള്ള അധ്വാനത്തെ മറക്കല്ല്: ആശിഷ് വിദ്യാര്‍ഥി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഉള്‍പ്പെടെയുള്ള വിവിധ തെന്നിന്ത്യന്‍ സിനിമകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ആശിഷ് വിദ്യാര്‍ഥി. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഫുഡ് വ്‌ളോഗുകളാണ് കൂടുതലായും അദ്ദേഹം ചെയ്യാറുള്ളത്.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശാന്തനായ നടനാണ് വിജയ് എന്ന് പറയുകയാണ് ആശിഷ് വിദ്യാര്‍ഥി. അദ്ദേഹം ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും വളരെ പ്രൊഫഷണലാണെന്നും ആശിഷ് വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ്‌യെ പറ്റി അദ്ദേഹം സംസാരിച്ചത്.

‘ഒപ്പം അഭിനയിച്ചിട്ടുള്ളതില്‍, അല്ലെങ്കില്‍ ജീവിതത്തില്‍ തന്നെ ഞാന്‍ കണ്ട ഏറ്റവും ശാന്തനായ വ്യക്തിയാണ് വിജയ്. വിജയ് ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ല.

അദ്ദേഹവുമായി കുറഞ്ഞത് അഞ്ച് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ വിജയങ്ങളും പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. പ്രൊഫഷണലായിട്ടുള്ള ആക്ടറാണ് അദ്ദേഹം. വിജയുടെ ചിത്രം വരുമ്പോഴേ ആളുകള്‍ക്ക് ആവേശമാണ്. ഞാന്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വന്നപ്പോള്‍ ആളുകളെല്ലാം ബീസ്റ്റ് മോഡിലായിരുന്നു. ആളുകള്‍ തിയേറ്ററിലേക്ക് തിരികെ വരുന്ന സമയമാണിത്. ബീസ്റ്റിലെ പാട്ടുകളെല്ലാം എനിക്കിഷ്ടപ്പെട്ടു,’ ആശിഷ് വിദ്യാര്‍ഥി പറഞ്ഞു.

‘ഒരു ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്. നിങ്ങള്‍ക്ക് ആ ചിത്രം ചിലപ്പോള്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. എന്നാല്‍ അതിന്റെ പുറകില്‍ ധാരാളം വര്‍ക്ക് നടന്നിട്ടുണ്ട്. അതിനെ തള്ളിക്കളയരുത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: ashish vidhyarthy about vijay and beast

We use cookies to give you the best possible experience. Learn more