| Monday, 2nd October 2017, 1:00 pm

'എക്‌സ്‌പൈറി ഡേറ്റിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് ഇടുമല്ലോ; ഈ വണ്ടി റിവേഴ്‌സ് ഗിയറിലാണോ പോണേ'; ട്വന്റി-20 ടീമില്‍ മടങ്ങിയെത്തിയ നെഹ്‌റയ്ക്ക് കയ്യടിച്ചും പൊങ്കാലയിട്ടും ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയുടെ കരിയര്‍ സഞ്ചരിക്കുന്നത് റിവേഴ്‌സ് ഗിയറിലാണെന്നാണ് ആരാധകരുടെ അഭപ്രായം. പ്രായം നാല്‍പ്പതിനോട് അടുത്തെത്തി നില്‍ക്കുന്ന നെഹ്‌റ ഇന്ന് ട്വന്റി-20 സ്‌പെഷ്യലിസ്റ്റായി മാറിയിരിക്കുകയാണ്.

ഫെബ്രുവരിയിലായിരുന്നു ഇടങ്കയ്യന്‍ ബൗളര്‍ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. പിന്നീട് ടീമില്‍ നിന്നും പുറത്തായ നെഹ്‌റ ഓസീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ്.

അതേസമയം, നെഹ്‌റയുടെ തിരിച്ചു വരവിനെ അനുകൂലിച്ചും പ്രതിഷേധിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. യുവാക്കള്‍ക്ക് അവസരം നല്‍കുന്ന കാലത്ത് നെഹ്‌റയെ ടീമിലെടുക്കുന്നത് വിവരക്കേടാണെന്ന് ചിലര്‍ പറയുമ്പോള്‍ അജിത് അഗാര്‍ക്കറിനെ തിരിച്ചു വിളിക്കുന്നുവെന്നാണ് കേള്‍ക്കുന്നതെന്ന് പരിഹസിക്കുന്നു ചിലര്‍.


Also Read:  ‘യഥാര്‍ത്ഥ രാവണന്‍ സ്റ്റേജിലിരിക്കുന്ന ഈ ബി.ജെ.പി നേതാവാണ്’; ദസറ ആഘോഷത്തിനിടെ ‘ശ്രീരാമന്റെ കണ്ടെത്തല്‍’


ഫിറ്റാണെങ്കില്‍ ഓസീസിനെതിരായ വജ്രായുധമായി മാറാന്‍ നെഹ്‌റയ്ക്ക് കഴിയുമെന്നതിനാലാണ് അദ്ദേഹത്തെ ടീമിലെടുത്തത് എന്നാണ് ബി.സി.സി.ഐ നല്‍കുന്ന വിശദീകരണം. നെഹ്‌റയുടെ കാര്യത്തില്‍ ഫോം ഒരിക്കലും പ്രശ്‌നമായിരുന്നില്ലെന്നും ഫിറ്റ്‌സന് മാത്രമായിരുന്നു വിഷയമെന്നും ബി.സി.സി.ഐ വക്താവ് പറയുന്നു.

നെഹ്‌റ ഒരു പ്രചോദനമാണെന്നും ടീമില്‍ ഇടം നേടാന്‍ എന്തുകൊണ്ടും യോഗ്യനാണ് താരമെന്നും ചില ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

അതേസമയം, 38 കാരനായ നെഹ്‌റയെ ടീമിലെടുത്തിട്ടും ട്വന്റി-20 സ്‌പെഷ്യലിസ്റ്റായ 30 കാരന്‍ സുരേഷ് റെയ്‌നയെ പുറത്തിരുത്തിയത് ശരിയല്ലെന്നും ചില ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. നെഹ്‌റയ്ക്കു പുറമെ യുവതാരങ്ങളായി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് ടീമിലെ മറ്റ് പേസര്‍മാര്‍.

We use cookies to give you the best possible experience. Learn more