| Monday, 30th May 2022, 6:16 pm

ഇവന് കീഴിലുള്ള ഗുജറാത്തിന്റെ വിജയം, പലര്‍ക്കും മുഖത്തേറ്റ അടി

സ്പോര്‍ട്സ് ഡെസ്‌ക്

കളിച്ച ആദ്യ സീസണില്‍ തന്നെ കിരീടം, എല്ലാ ടീമിനേയും വിറപ്പിച്ച്, രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ അടക്കം മൂന്ന് കളികളില്‍ പരാജയപ്പെടുത്തിയ ടീം. അതായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്.

ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ഡ്യയും വൈസ് ക്യാപ്റ്റന്‍ റാഷിദ് ഖാനും, രാഹുല്‍ തെവാട്ടിയ,സാഹ, മില്ലര്‍ തുടങ്ങി എല്ലാവരും മികച്ചുനിന്ന ഗെയിമുകള്‍.

പക്ഷെ ഇവര്‍ക്ക് പുറമെ അധികം ആരും പറയാതെ പോയ ഒരു ഹീറോ ഗുജറാത്ത് ടൈറ്റന്‍സിന്റെ കൂടെയുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ പേസ് ഇതിഹാസം ആഷിഷ് നെഹ്‌റ.

ഗുജറാത്തിന്റെ ഹെഡ് കോച്ചായി നെഹ്‌റ നടത്തിയ ഇടപെടലുകള്‍ ടീമിന്റെ സക്‌സസ് മന്ത്രയില്‍ ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്. ഒടുവില്‍ ഐ.പി.എല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ഹെഡ് കോച്ചായി മാറിയിരികക്കുകയാണ് ആഷിഷ് നെഹ്‌റ.

മുമ്പ് നടന്ന 14 സീസണുകളിലും ഐ.പി.എല്‍ ജേതാക്കളായ ടീമുകളുടെയെല്ലാം ഹെഡ് കോച്ചുമാരെല്ലാവരും വിദേശികളായിരുന്നു. ഗുജറാത്തിന്റെ പടത്തലവനായി ആഷിഷ് നെഹ്‌റ ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു.

ഇതോടെ കളിക്കാരനായും കോച്ചായും ഐ.പി.എല്‍ കിരീടം നേടിയ മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് നെഹ്‌റ. ഷെയ്ന്‍ വോണും, റിക്കി പോണ്ടിംഗുമാണ് നെഹ്‌റക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

2016ല്‍ ഡേവിഡ് വാര്‍ണറിന്റെ കീഴില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് കിരീടം നേടിയപ്പോള്‍ നെഹ്‌റ ടീമിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ ഗുജറാത്തിന്റെ ഹെഡ് കോച്ചായും നെഹ്‌റ കിരീടം ചൂടി.

മെഗാലേലം കഴിഞ്ഞപ്പോള്‍ കടലാസുകളില്‍ ഏറ്റവും മോശം ടീമെന്ന് തോന്നിപ്പിച്ച ടീമായിരുന്നു ഗുജറാത്ത്. കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി ശരാശരി പ്രകടനം മാത്രം കാഴ്ചവെക്കുന്ന ഹര്‍ദിക്ക് പാണ്ഡ്യയെ നായകനാക്കിയതും, വര്‍ഷങ്ങളായി ഫോം ഔട്ടായി തുടരുന്ന മില്ലറിനെ ടീമിലെത്തിച്ചതും ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയുന്നു.

മെല്ലെപ്പോക്കിന് പഴികേള്‍ക്കുന്ന ശുഭ്മാന്‍ ഗില്ലായിരുന്നു ഗുജറാത്തിന്റെ പ്രധാന ഓപ്പണര്‍. വിക്കറ്റ് കീപ്പര്‍മാരായി എത്തിയവരാകട്ടെ കാലം കഴിഞ്ഞെന്ന് മുദ്രകുത്തിയ വൃദ്ധമാന്‍ സാഹയും ഓസ്‌ട്രേലിയന്‍ ടീമില്‍ പോലും സ്ഥിരാംഗമല്ലാത്ത മാത്യു വെയ്ഡും.

കടലാസില്‍ ഏറ്റവും മോശം ബാറ്റിംഗ് നിര ഗുജറാത്തിന്റെ തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ചെയ്‌സ് ചെയ്ത് ജയിച്ച ടീം ഗുജറാത്താണ്.

ബൗളിംഗില്‍ നോക്കുകയാണെങ്കില്‍ റാഷിദ് ഖാനും ലോക്കി ഫെര്‍ഗൂസനുമൊഴികെ മറ്റാരും ട്വന്റി-20 സെറ്റപ്പിന് അധികം പേരെടുത്തവരല്ലായിരുന്നു.

ഈ നിലയില്‍ നിന്നാണ് അവര്‍ ആദ്യ സീസണില്‍ തന്നെ കപ്പ് നേടിയത്.

2019ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കോച്ചായിരുന്നു ആഷിഷ് നെഹ്‌റ. അവസാന സ്ഥാനത്തായിരുന്നു ബെംഗളൂരു അന്ന് ഫിനിഷ് ചെയ്തത്. ഇത്തവണ ഗുജറാത്തിന്റെ തലവനായി നെഹ്‌റ വന്നപ്പോള്‍ സകലരും ആ കണക്കില്‍ അയാളെ എഴുതി തള്ളി.

എന്നാല്‍ ഇത്തവണ ഗുജറാത്തിന്റെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഡഗ് ഔട്ടില്‍ ഒരു ചെറിയ കടലാസുമായി നെഹ്‌റയിരിക്കും. തന്ത്രങ്ങള്‍ മെനയാനും പറയാനുമെല്ലാം അയാള്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു.

ഒരു ശരാശരി ടീമായ ഗുജറാത്ത് ഈ സീസണില്‍ ചാമ്പ്യന്‍മാരായതില്‍ ഏറ്റവം വലിയ പങ്ക് അവരുടെ ആറ്റിറ്റിയൂഡിനായിരുന്നു. എല്ലാവരിലും ഒരു സ്്ട്രീറ്റ് സ്മാര്‍ട് സ്പിരിറ്റ് ഉണ്ടാക്കിയെടുക്കാന്‍ ആഷിഷ് നെഹ്‌റക്കും ക്യാപ്റ്റന്‍ ഹര്‍ദിക്കിനും സാധിച്ചിട്ടുണ്ട്.

ഐ.പി.എല്‍ ട്രോഫി നേടാന്‍ ഏറ്റവും അനിവാര്യം കടലാസിലെ ശക്തിയല്ല അത് ടീമിലെ പ്രൊഫഷണലിസവും സ്പിരിറ്റുമാണെന്ന് ഐ.പി.എല്‍ ഒരുപാട് തവണ തെളിയിച്ചതാണ്. വര്‍ഷങ്ങളായി ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ചെയ്തുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.

ആ കൂട്ടത്തിലാണ് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സും ഇടം നേടിയിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ അവരടെ യഥാര്‍ത്ഥ നായകന്‍ ആഷിഷ് നെഹ്‌റയും…

Content Highlights : Ashish Nehra is  first ever indian head coach to win an ipl trophy

We use cookies to give you the best possible experience. Learn more