ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഐ.പി.എല്ലിന് ഇനി വെറും അഞ്ച് ദിവസം മാത്രമാണ് ഉള്ളത്. മാര്‍ച്ച് 22ന് ഫേവറേറ്റ് ടീമുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. എന്നാല്‍ പുതിയ സീസണില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ഗുജറാത്ത് ടൈറ്റന്‍സ് കളിക്കളത്തിലിറങ്ങുന്നത്.
2022ല്‍ നിലവില്‍ വന്ന ടീമാണ് ഗുജറാത്ത്. തങ്ങളുടെ ആദ്യ വര്‍ഷം തന്നെ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ഐ.പി.എല്‍ കിരീടം ചൂടിയ ഗുജറാത്ത് 2023ല്‍ റണ്ണേഴ്‌സ് അപ് ആയി. എന്നാല്‍ പുതിയ സീസണില്‍ ഹര്‍ദിക്കിനെ മുംബൈ റാഞ്ചിയപ്പോള്‍ ഗുജറാത്ത് സമ്മര്‍ദത്തിലായിരുന്നു.
എന്നാല്‍ ശുഭ്മന്‍ ഗില്‍ എന്ന മികച്ച താരത്തെ ഫ്രാഞ്ചൈസി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുകയും ചെയ്തു. ആദ്യമായാണ് ഗില്‍ ഒരു ക്യാപ്റ്റ്ന്‍ സ്ഥാനത്തേക്ക് എത്തുന്നത്. ഗുജറാത്തിന്റെ മെന്ററായ ആശിഷ് നെഹ്റ മാധ്യമങ്ങളോട് ഗില്ലിനെക്കുറിച്ച് സംസാരിക്കുകയുണ്ടായിരുന്നു.
‘ഒരു പുതിയ ക്യാപ്റ്റന്‍ എന്ന നിലയില്‍, അവന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മാത്രമല്ല, ഇന്ത്യ മുഴുവനും അത് ആഗ്രഹിക്കുന്നു. കാരണം അവന്‍ അത്തരത്തിലുള്ള ഒരു കളിക്കാരനാണ്. അവന്‍ മൂന്ന് ഫോര്‍മാറ്റുകളിലും നന്നായി കളിക്കാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ ഒരു ക്യാപ്റ്റന്‍ എന്നതിലുപരി ഒരു വ്യക്തി എന്ന നിലയില്‍ അവനെ കൂടുതല്‍ വളരാന്‍ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹമുണ്ട്. അവന്‍ ഒരു വ്യക്തിയായി വളരുകയാണെങ്കില്‍, ക്യാപ്റ്റനെന്ന നിലയില്‍ അവന്‍ കൂടുതല്‍ വളരുകയും മെച്ചപ്പെടുകയും ചെയ്യും,’ ആശിഷ് നെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ റണ്‍സ് വേട്ടക്കാരില്‍ ഏറ്റവും മുന്നില്‍ ഗില്ലായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുതക്കുന്ന ഗില്‍ ക്യാപ്റ്റന്റെ റോളില്‍ എത്തുമ്പോള്‍ ഏറെ ആകാംക്ഷയിലാണ് ആരാധകര്‍. തിരിച്ചടികളോടെയാണ് ഗുജറാത്ത് പുതിയ സീസണില്‍ ഇറങ്ങുന്നത്. ടീമിന്റെ സ്റ്റാര്‍ ബൗളറും ലോകകപ്പ് ഹീറോയുമായ മുഹമ്മദ് ഷമി സീസണില്‍ നിന്നും പുറത്തായിരുന്നു. ലോകകപ്പിന്റെ സമയത്ത് കണങ്കാലിന് പറ്റിയ പരിക്ക് മൂലം താരത്തിന് ഒരു ശസ്ത്രക്രിയയുടെ ആവിശ്യമുണ്ട്.
എന്നിരുന്നാലും പുതിയസീസണില്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. മാര്‍ച്ച് 24ന് ഗുജറാത്തിന്റെ ആദ്യ മത്സരത്തില്‍ മുംബൈയാണ് എതിരാളികള്‍.
Content Highlight: Ashish Nehra Talking About Shubhman Gill