| Wednesday, 13th July 2022, 5:12 pm

ബാക്കിയുള്ളവവരെ പോലെയൊന്നുമല്ല വിരാടിനെ അങ്ങനെ പുറത്താക്കാന്‍ പറ്റില്ല; താരത്തെ പിന്തുണച്ച് ആഷിഷ് നെഹ്‌റ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് മുന്‍ നായകന്‍ വിരാട് കോഹ്‌ലി. താരത്തിന്റെ സമീപകാലത്തെ പ്രകടനത്തില്‍ അദ്ദേഹത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് സപ്പോര്‍ട്ടുമായി വന്നിരിക്കുകയാണ് മുന്‍ പേസ് ബൗളറായ ആഷിഷ് നെഹ്‌റ.

എത്ര വലിയ താരമായാലും ഒരുപാട് മത്സരങ്ങള്‍ പെര്‍ഫോം ചെയ്യാതിരുന്നാല്‍ ടീമിന് പുറത്താക്കും. എന്നാല്‍ വിരാടിനെ അങ്ങനെ പുറത്താക്കാന്‍ സാധിക്കില്ല എന്നാണ് ആഷിഷ് നെഹ്‌റ പറഞ്ഞത്.

‘അതേ നിങ്ങള്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ടീമില്‍ നിന്നും പുറത്താക്കപ്പെടും. എന്നാല്‍ വിരാടിനെപോലെയുള്ള കളിക്കാരെ അങ്ങനെ പുറത്താക്കാന്‍ സാധിക്കില്ല. അദ്ദേഹം രാജ്യത്തിനായി ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ശരിയാണ് വിരാട് കുറച്ചുനാളായി അധികം റണ്‍സ് നേടിയിട്ടില്ല എന്നാല്‍ അദ്ദേഹത്തിനെ പുറത്താക്കുന്നതല്ല അതിനുള്ള മാര്‍ഗം,’ നെഹ്‌റ പറഞ്ഞു

വിരാടിനൊപ്പം രോഹിത് ശര്‍മയെയും നെഹ്‌റ പുകഴ്ത്തിയിരുന്നു. രോഹിത് ശര്‍മ ഐ.പി.എല്ലിലും ട്വന്റി-20യിലുമൊക്കെ ഫോം ഔട്ടായിരുന്നുവെങ്കിലും അദ്ദേഹം ഇപ്പോള്‍ തന്റെ ഫോമിലേക്ക് തിരിച്ചെത്തിയെന്ന് നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കളിക്കാരുടെ ഇടയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്നത് വിരാടിനെ കുറിച്ചാണെന്നും വിരാടിനും രോഹിത്തിനും എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ സാധിക്കുമെന്നും നെഹ്‌റ പറഞ്ഞു.

‘വിരാടിനെപോലെ ഒരു താരത്തിന് എല്ലാ ഫോര്‍മാറ്റിലും സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. അദ്ദേഹത്തിന് പരിക്ക് പറ്റുക എന്നത് അപൂര്‍വമാണ്. പക്ഷെ അത് എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്. വിരാടില്‍ നിന്നും ആരാധകര്‍ എപ്പോഴും വലിയ സ്‌കോര്‍ പ്രതീക്ഷിക്കുന്നുണ്ട്. അദ്ദേഹവും ഫോമിലേക്ക് തിരിച്ചുവരാനുള്ള പുറപ്പാടിലാണ്.

ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം ചര്‍ച്ചകളും നടക്കുന്നത് വിരാടിനെ ചുറ്റിപറ്റിയാണ്. എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ സാധിക്കുന്ന വിരാട്-രോഹിത് പോലുള്ള താരങ്ങളുടെ നമ്പറുകള്‍ എപ്പോഴും ആള്‍ക്കാരെ ആകര്‍ഷിക്കും,’ നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കപില്‍ദേവ്, സേവാഗ് തുടങ്ങിയ താരങ്ങള്‍ വിരാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയരുന്നു. എന്നാല്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കുമെന്ന് നായകന്‍ രോഹിത് പറഞ്ഞിരുന്നു.

Content Highlights: Ashish Nehra supports Virat Kohli and Rohit Sharma

We use cookies to give you the best possible experience. Learn more