ഈ വര്‍ഷം അവസാനം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ തങ്ങളുടെതായ ഇടം നേടാന്‍ താരങ്ങള്‍ തമ്മില്‍ മത്സരമാണ്. മുന്‍ താരങ്ങളും ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ടും ഒരുപാട് നിര്‍ദേശങ്ങളുമായി മുമ്പോട്ട് വരാറുണ്ട്.
ഇന്ത്യന്‍ ബൗളിങ് നിരയിലെ എടുത്തുമാറ്റാനാവാത്ത പേരാണ് പേസ് ബൗളള്‍ മുഹമ്മദ് ഷമിയുടേത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ കളിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ ഷമി കളിക്കുന്നില്ല.
ഷമി ഇന്ത്യയുടെ ട്വന്റി-20 പ്ലാനില്‍ ഇല്ലെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആഷിഷ് നെഹ്‌റയുടെ അഭിപ്രായം. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഷമി തീര്‍ച്ചയായും കളിക്കണമെന്നും നെഹ്‌റ പറഞ്ഞു.
‘ടി-20 ലോകകപ്പിനുള്ള നിലവിലെ സ്‌കീമില്‍ അദ്ദേഹം ഉള്‍പ്പെടുന്നില്ലെന്ന് തോന്നുന്നു. എന്നാല്‍ അവന്റെ കഴിവുകളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. ഈ വര്‍ഷത്തെ ടി-20 ലോകകപ്പില്‍ അദ്ദേഹം കളിച്ചില്ലെങ്കിലും, 2023 ലെ ഏകദിന ലോകകപ്പിനായി ഇന്ത്യ അദ്ദേഹത്തെ തീര്‍ച്ചയായും പരിഗണിക്കും, ” നെഹ്‌റ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ ഷമി ഇറങ്ങണമെന്നാണ് നെഹ്‌റയുടെ അഭിപ്രായം. താരം ഏകദിനത്തില്‍ ടീമിന് ഉപകാരപ്പെടുമെന്നാണ് നെഹ്‌റയുടെ അഭിപ്രായം.
‘ഇന്ത്യക്ക് ഈ വര്‍ഷം കൂടുതല്‍ ഏകദിനങ്ങളൊന്നുമില്ല, ഐ.പി.എല്ലിന് ശേഷം ഷമി ഇപ്പോള്‍ വിശ്രമത്തിലാണ്. ടെസ്റ്റ് മത്സരത്തിന് ശേഷം 50 ഓവര്‍ മത്സരങ്ങള്‍ക്കായി ഇന്ത്യക്ക് അദ്ദേഹത്തെ ഇംഗ്ലണ്ടില്‍ കളിപ്പിക്കാം. അത് ടീമിന് ഗുണം മാത്രമേ ഉണ്ടാകുകയുള്ളൂ, ‘ അദ്ദേഹം പറഞ്ഞു.
നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കായി കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഷമി ഇല്ല. കൂടാതെ അയര്‍ലാന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കുള്ള ടീമിലും ഷമി ഇല്ല. ഒരു ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന 16 അംഗ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് താരം. ടെസ്റ്റ് കൂടാതെ പര്യടനത്തില്‍ മൂന്ന് ടി-20യും മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും.
‘ഇംഗ്ലണ്ട് പോലുള്ള ഉയര്‍ന്ന നിലവാരമുള്ള വൈറ്റ്-ബോള്‍ ടീമിനെതിരെ നിങ്ങള്‍ മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കും, അവരെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. അതിനായി നിങ്ങളുടെ മികച്ച ബൗളര്‍മാര്‍ ആവശ്യമാണ്. ഞാന്‍ തീര്‍ച്ചയായും ഷമിയെ ഒരു മികച്ച ബൗളറായാണ് കാണുന്നത്,’ നെഹ്റ കൂട്ടിച്ചേര്‍ത്തു.
ജൂലൈ ഒന്നിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്.