വിരാട് കോഹ്‌ലി സ്ഥാനമൊഴിയുന്നതോടെ ആരാവും ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റന്‍ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സജീവമാവുന്നത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്‌കിപ്പര്‍മാരായ റിഷബ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്.
എന്നാല്‍, ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ ടീം ക്യാപ്റ്റനാക്കണെമന്നാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ അഭിപ്രായപ്പെടുന്നത്. ക്രിക്ബസിനോടായിരുന്നു നെഹ്‌റയുടെ പ്രതികരണം.
‘രോഹിതിന് പുറമെ പന്തിന്റെയും കെ.എല്‍ രാഹുലിന്റെയും പേരുകളാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. പന്ത് ലോകം മുഴുവന്‍ ചുറ്റുന്നവനാണ്, മദ്യപിക്കുന്നവനാണ്. അതോടൊപ്പം തന്നെ ടീമില്‍ നിന്നും പല തവണ പുറത്തായതുമാണ്. മായങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെയാണ് രാഹുല്‍ ടെസ്റ്റ് ടീമിലെത്തിയത്. എന്നാല്‍ ബുംറ അങ്ങലെയല്ല.
അജയ് ജഡേജ പറഞ്ഞതു പോലെ ബുംറ കളിയെ കുറിച്ച് നന്നായി അറിയുന്നവനാണ്. എല്ലാ ഫോര്‍മാറ്റിലും ബുംറ പ്ലെയിംഗ് ഇലവന്റെ ഭാഗവുമാണ്. പേസര്‍മാര്‍ക്ക് ടീമിനെ നയിക്കാന്‍ സാധിക്കില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ,’ നെഹ്‌റ പറയുന്നു.
ന്യൂസിലാന്റുമായുള്ള പരമ്പരയ്ക്ക് മുന്നോടിയായി അടുത്ത ആഴ്ച തന്നെ ബി.സി.സി.ഐ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ നടക്കുന്ന ഐ.സി.സി ടി-20 ലോകകപ്പോടെ കോഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണ്. ടൂര്‍ണമെന്റില്‍ ടീം ഇന്ത്യയുടെ സ്ഥിതി അല്‍പം പരുങ്ങലിലുമാണ്.