കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ട്വി- 20 പരമ്പരക്കിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കാരണവരായ ആഷിഷ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്. കളി ജീവിതം അവസാനിപ്പിച്ചെങ്കിലും ക്രിക്കറ്റ് ലോകത്ത് നിന്ന് മാറി നില്‍ക്കാന്‍ നെഹ്‌റ ഒരുക്കമല്ല.
തന്റെ സഹതാരമായിരുന്ന സെവാഗിനൊപ്പം ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ് ഹിന്ദി കമന്ററേറ്ററായി അരങ്ങുവാഴുകയാണ് മുന്‍ താരമിപ്പോള്‍. മത്സരത്തിന്റെ കമന്ററിക്കിടയില്‍ ക്രിക്കറ്റ് ലോകം ഇന്ന് ഏറെ ചര്‍ച്ചചെയ്യുന്ന യോ- യോ ടെസ്റ്റിനെക്കുറിച്ചും താരം മനസ് തുറന്നു. വീരുവിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു താരം യോ-യോ ടെസ്റ്റിനെക്കുറിച്ച് സംസാരിച്ചത്.
2002- 2003 കാലഘട്ടത്തിലുണ്ടായിരുന്ന ബ്ലിപ് ടെസ്റ്റിന്റെ മറ്റൊരു രൂപമാണ് യോ-യോ ടെസ്റ്റ് എന്നാണ് താരം പറയുന്നത്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ 20 മീറ്റര്‍ ഓടിയെത്തുന്നതിനനുസരിച്ചാണ് യോ-യോ ടെസ്റ്റില്‍ മാര്‍ക്കിടുന്നതെന്നും താരം വ്യക്തമാക്കി.
“ഒരു തവണ ഓടിയെത്തിയാല്‍ നിങ്ങള്‍ക്ക് 13,14 പോയിന്റാണ് ലഭിക്കുക. പക്ഷേ ഇന്ത്യന്‍ ടീം അത് 16.1 എന്ന ലെവലിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. 16.1 മുതല്‍ 16.5 വരെ അതുകൊണ്ട് തന്നെ കാര്യമായി ഓടേണ്ടതുണ്ട്. ഞാന്‍ ഒരു ഫാസ്റ്റ് ബൗളറായതുകൊണ്ട് എനിക്കത് എളുപ്പമാണ്. ഞാന്‍ ഓടിയെത്താറുണ്ട്” നെഹ്‌റ പറഞ്ഞു.
ഏതൊക്കെ താരങ്ങളാണ് ഓടാന്‍ ബുദ്ധിമുട്ടുന്നതെന്നും താരം വ്യക്തമാക്കി. “ചില താരങ്ങള്‍ക്ക് ഇതു പൂര്‍ത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. യുവരാജിനെപ്പോലുള്ളവര്‍ പലപ്പോഴും ഇതു പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. 16.1 ലഭിക്കുന്നവര്‍ ഫിറ്റ്‌നസില്‍ യോഗ്യത നേടും. ഹര്‍ദിക് പാണ്ഡ്യ 19 മാര്‍ക്ക് വരെ നേടാറുണ്ട്. ഞാന്‍ 18.5 നേടിയിട്ടുണ്ട്. മനീഷ് പാണ്ഡെയും 19 ല്‍ എത്താറുണ്ട്.” താരം പറഞ്ഞു.
വിരാട് കോഹ്‌ലിയുടെ മാര്‍ക്ക് എത്രയാണെന്ന സെവാഗിന്റെ ചോദ്യത്തോട് പ്രതികരിച്ച താരം താന്‍ നായകന്റെ പ്രകടനം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതുവരെ അത് അറിയില്ലെന്നും പറഞ്ഞു.