| Thursday, 22nd September 2022, 8:21 am

ടീമില്‍ അവന്‍ ഉണ്ടായിരുന്നിട്ടും ഇവനെയൊക്കെ എന്തിനാണ് ടീമില്‍ എടുത്തത്; ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഓസീസ് മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീമിന് ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പേസ് ബൗളിങ് സൂപ്പര്‍താരം ആഷിഷ് നെഹ്‌റ.

പ്ലെയിങ് ഇലവനില്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയതാണ് നെഹ്‌റ ചോദ്യം ചെയ്തത്. ദീപക് ചഹര്‍ 15 അംഗ സക്വാഡില്‍ ഉണ്ടായിട്ടും ഉമേഷിനെ കളിപ്പിച്ചത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. ബുംറ ഫിറ്റ് അല്ലായിരുന്നു എന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് പകരം തീര്‍ച്ചയായും ഉമേഷിനെ അല്ലായിരുന്നു ദീപക് ചഹറിനെയായിരുന്നു കളിപ്പിക്കേണ്ടത് എന്ന് നെഹ്‌റ പറഞ്ഞു.

‘എന്തിനാണ് ഉമേഷ് യാദവ് കളിക്കുന്നത്? നിങ്ങള്‍ ഷമിയെ കൊണ്ടുവന്നു, എന്നാല്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ല. നിങ്ങള്‍ക്ക് ദീപക് ചഹര്‍ ഉണ്ടായിരുന്നു. ബുംറ ഫിറ്റല്ലെന്ന് നിങ്ങള്‍ പറഞ്ഞു, എന്നാല്‍ അതിന് പകരം എന്തുകൊണ്ടാണ് നിങ്ങള്‍ ദീപക് ചഹറിനെ കളിപ്പിക്കാത്തതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കാലത്ത് ഭുവനേശ്വര്‍ കുമാറിന് പകരം വരെ കളിച്ചിരുന്ന താരമാണ് ചഹര്‍. ദീപക് ചഹര്‍ കളിക്കാന്‍ യോഗ്യനായിട്ടും ഉമേഷ് യാദവ് അദ്ദേഹത്തിന് മുന്നില്‍ കളിച്ചുവെങ്കില്‍, തീര്‍ച്ചയായും ടീമിനുള്ളില്‍ ആശയകുഴപ്പമുണ്ട്,’ ക്രിക്ബസിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബൗളിങ് നിരയുടെ ബലഹീനത വെളിവാക്കപ്പെട്ട മത്സരമായിരുന്നു ആദ്യ ട്വന്റി- 20. കൂറ്റന്‍ സ്‌കോറുകള്‍ക്ക് പേരുകേട്ട മൊഹാലിയില്‍ ടോസ് ലഭിച്ച കങ്കാരുപ്പട ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ മികച്ച ടോട്ടല്‍ തന്നെ കണ്ടെത്തിയിരുന്നു. തുടക്കം മുതല്‍ അറ്റാക്കിങ് അപ്രോച്ച് വെച്ച് കളിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊളുത്തി വിട്ട തിരി അവസാനം ഹര്‍ദിക് പാണ്ഡ്യ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 71 റണ്‍സും കെ.എല്‍ രാഹുല്‍ 55 റണ്‍സും സ്വന്തമാക്കി. 46 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി. ബാറ്റര്‍മാര്‍ അക്ഷാര്‍ത്ഥത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് പണി കൊടുക്കുകയായിരുന്നു.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അടിവാങ്ങിയത് എക്സ്പീരിയന്‍സ്ഡായിട്ടുള്ള ഭുവനേശ്വര്‍ കുമാറായിരുന്നു. നാല് ഓവറില്‍ 52 റണ്‍സാണ് അദ്ദേഹം വിട്ടുനല്‍കിയത്. 49 റണ്‍സുമായി ഹര്‍ഷല്‍ പട്ടേല്‍ തൊട്ടുപിന്നാലെ തന്നെയുണ്ടായിരുന്നു.

ഉമേഷ് യാദവ് രണ്ട് ഓവര്‍ മാത്രമേ മത്സരത്തില്‍ എറിഞ്ഞുള്ളായിരുന്നു. എന്നാല്‍ 27 റണ്‍സാണ് അദ്ദേഹം ഈ രണ്ട് ഓവറില്‍ വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റ് നേടിയെങ്കിലും വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചില്ല. താന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സാണ് ഉമേഷ് വിട്ടുകൊടുത്തത്.

ഒരുപാട് നാളായിട്ട് ഇന്ത്യന്‍ ട്വന്റി-20 സെറ്റപ്പില്‍ പോലുമില്ലാത്ത ഉമേഷ് യാദവ് പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമായിരുന്നു മത്സരത്തിന് ഇറങ്ങിയത്.

Content Highlight: Ashish Nehra Questions Indian Team’s plan for playing Umesh Yadav Before Deepak Chahar

We use cookies to give you the best possible experience. Learn more