| Tuesday, 16th May 2023, 10:07 pm

ഗില്ലിന്റെ സെഞ്ച്വറി നേട്ടത്തില്‍ കട്ടക്കലിപ്പ്; പിന്നാലെ പാണ്ഡ്യയുമായി വാക്കേറ്റം; ഇയാള്‍ ഹീറോയെന്നും വില്ലനെന്നും ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറി തികച്ചുകൊണ്ടായിരുന്നു ശുഭ്മന്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ നിര്‍ണായകമായത്. 58 പന്തില്‍ നിന്നും 101 റണ്‍സാണ് താരം നേടിയത്.

ഗില്ലിന്റെ സെഞ്ച്വറി നേട്ടത്തില്‍ ടൈറ്റന്‍സിന്റെ ഹോം സ്റ്റേഡിയവും സഹതാരങ്ങളും ആവേശത്തിലാറാടിയിരുന്നു. എന്നാല്‍ താരത്തിന്റെ സെഞ്ച്വറിയില്‍ അത്രകണ്ട് ഹാപ്പിയല്ലാത്ത ഒരാള്‍ ടൈറ്റന്‍സിന്റെ ഡഗ് ഔട്ടില്‍ തന്നെയുണ്ടായിരുന്നു. മറ്റാരുമായിരുന്നില്ല, ടീമിന്റെ കോച്ചായ ആശിഷ് നെഹ്‌റ തന്നെയായിരുന്നു അത്.

സാധാരണ ഗതിയില്‍ താരങ്ങളുടെ നേട്ടങ്ങള്‍ ആഘോഷമാക്കാറുള്ള നെഹ്‌റയുടെ പ്രവൃത്തി എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. കമന്റേറ്റര്‍മാര്‍ ഇക്കാര്യം എടുത്തു പറയുകയും ചെയ്തിരുന്നു.

തന്റെ സെഞ്ച്വറിക്ക് വേണ്ടി ഗില്‍ ഇന്നിങ്‌സിന്റെ പേസ് കുറച്ചതാണ് നെഹ്‌റയുടെ അതൃപ്തിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാന അഞ്ച് ഓവറില്‍ ഗില്‍ ഒറ്റ ബൗണ്ടറി മാത്രമായിരുന്നു നേടിയത്.

അവസാന ഓവറുകളില്‍ സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞതും തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതും നെഹ്‌റയുടെ ദേഷ്യത്തിന് കാരണമായിരുന്നു. 220 വരെയെങ്കിലും എത്തേണ്ട ഇന്നിങ്‌സ് 188ലെത്തിയതും അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, നെഹ്‌റയുടെ ഈ സമീപനത്തില്‍ ഇരു തട്ടിലാണ് ആരാധകര്‍. കോച്ച് ചെയ്തത് ശരിയാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ ഇഷാനെയാണ് മറ്റു ചിലര്‍ പിന്തുണയ്ക്കുന്നത്. ടീം സ്‌കോറിന്റെ 50 ശതമാനത്തിലധികം റണ്‍സ് നേടുകയും 175 സ്‌ട്രൈക്ക് റേറ്റില്‍ സെഞ്ച്വറി നേടുകയും ചെയ്യുമ്പോള്‍ അഭിനന്ദിക്കാതിരിക്കുന്നത് മോശമാണെന്നാണ് അവര്‍ പറയുന്നത്.

ഗില്ലിന്റെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ വിജയവും ടൈറ്റന്‍സിനൊപ്പം നിന്നിരുന്നു. 34 റണ്‍സിനായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ജയം സ്വന്തമാക്കിയത്. ഈ വിജയത്തിന് പിന്നാലെ സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ആദ്യ ടീമാകാനും ടൈറ്റന്‍സിന് സാധിച്ചു.

ഏകദിനത്തിലും ടെസ്റ്റിലും ടി-20യിലും ഐ.പി.എല്ലിലും സെഞ്ച്വറി നേടുന്ന അഞ്ചാമത് ഇന്ത്യന്‍ താരമാകാനും ഗില്ലിനായി. സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ബാറ്റര്‍മാര്‍.

Content Highlight: Ashish Nehra didn’t celebrate Shubman Gill’s century

We use cookies to give you the best possible experience. Learn more