2022 ടി-20 സെമി ഫൈനലിന് ശേഷം രോഹിതും കോഹ്ലിയും ടി -20 ഫോര്‍മാറ്റില്‍ കളിച്ചിരുന്നില്ല. ഇപ്പോള്‍ ടി-20 ഫോര്‍മാറ്റിലെ ഇരുവരുടെയും ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ.
‘വിരാട് കോഹ്‌ലി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 800 റണ്‍സ് മുതല്‍ 1000 റണ്‍സ് വരെ നേടുന്നു. രോഹിത് ശര്‍മയുടെ ബാറ്റിങ് ശൈലി ഏതൊരു സെലക്ടറെയും പ്രലോഭിപ്പിക്കുന്നതാണ്. കോഹ്‌ലിയും രോഹിത്തും ഈ ഫോര്‍മാറ്റില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയേക്കാം. അവര്‍ കുറച്ച് സമയത്തിനുള്ളില്‍ ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ രോഹിത്തും വിരാടും റണ്‍സ് നേടുകയും ക്രിക്കറ്റ് ആസ്വദിക്കുകയും ചെയ്യുന്നിടത്തോളം കാലം ഏത് ഫോര്‍മാറ്റും കളിക്കാന്‍ പ്രാപ്തരാണ്,’ നെഹ്‌റ പറഞ്ഞു.
2023ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഏകദിന ലോകകപ്പും ഉള്‍പ്പടെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ രോഹിത്തും കോഹ്‌ലിയും ടി-20 ഫോര്‍മാറ്റുകള്‍ കളിച്ചിരുന്നില്ല. 2024 ടി-20 ലോകകപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ താരങ്ങള്‍ കളിക്കുമോ എന്ന ചര്‍ച്ച ഉയരുന്നുണ്ട്.
നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയന്‍ തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ സീനിയര്‍ ജോഡികള്‍ ഭാഗമല്ല.
content highlight : Ashish Nehra believes Rohit and Kohli well capable of playing 2024 T20 World Cup