ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം തുടരുകയാണ്. ടി-20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരം തന്നെ തോറ്റുകൊണ്ട് തുടങ്ങാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി.
ആദ്യ ഏകദിനത്തില്‍ നിന്നും സുപ്രധാനമായ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ ആറാമനായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണെയും സൂപ്പര്‍ താരം ഷര്‍ദുല്‍ താക്കൂറിനെയും വെളിയിലിരുത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡയും ദീപക് ചഹറുമാണ് രണ്ടാം മത്സരത്തില്‍ ഇവര്‍ക്ക് പകരം സ്ഥാനം നേടിയത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ റിഷബ് പന്തില്‍ തന്നെ ഇന്ത്യ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. 38 പന്തില്‍ നിന്നും നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 36 റണ്‍സായിരുന്നു താരം നേടിയത്. ഇതിനോടൊപ്പം തന്നെ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.
രണ്ടാം ഏകദിനത്തില്‍ സഞ്ജുവിനെ തഴഞ്ഞതില്‍ തങ്ങളുടെ അതൃപ്തി വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ മുരളി കാര്‍ത്തിക്കും ആശിഷ് നെഹ്‌റയും.
പ്രൈം വീഡിയോയിലായിരുന്നു ഇരുവരും ഇക്കാര്യം പറയുന്നത്.
‘ഹൂഡ ആറാം നമ്പറില്‍ ഒരിക്കലും ഒരു നല്ല ഓപ്ഷനല്ല. ടീമില്‍ വാഷിങ്ടണ്‍ സുന്ദര്‍ ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് ചഹറിനെ പരീക്ഷിക്കണമെങ്കില്‍ അത് ആദ്യ മത്സരത്തില്‍ ചെയ്യണമായിരുന്നു. ഇപ്പോള്‍ താക്കൂര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞവനാണ്, അവനെ തന്നെ ടീമില്‍ നിന്ന് പുറത്താക്കി.
നിങ്ങള്‍ക്ക് ആറ് ബൗളര്‍മാരുമായി കളത്തിലിറങ്ങണമായിരുന്നെങ്കില്‍ ആദ്യ ഏകദിനത്തില്‍ സഞ്ജുവിനെ കളിപ്പിക്കാന്‍ പാടില്ലായിരുന്നു, ഹൂഡയായിരുന്നു കളിക്കേണ്ടിയിരുന്നത്.
എന്നാല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തതിന് ശേഷവും നിങ്ങള്‍ സഞ്ജുവിനെ പുറത്താക്കി. എന്നെ സംബന്ധിച്ച് ചഹറാണ് ആറാം ബൗളര്‍, ഹൂഡയല്ല,’ നെഹ്‌റ പറഞ്ഞു.
സഞ്ജു മികച്ച ബാറ്ററാണെന്നും ഇത്തരം തീരുമാനങ്ങളെടുക്കരുതെന്നുമായിരുന്നു മുരളി കാര്‍ത്തിക് പറഞ്ഞത്.
‘ഇത് സഞ്ജുവിനോട് ചെയ്യരുത്. ഒരു മത്സരത്തിന് ശേഷം ഒരിക്കലും അവനെ പുറത്താക്കാന്‍ പാടില്ല, അവന്‍ മികച്ച ബാറ്ററാണ്,’ കാര്‍ത്തിക് പറഞ്ഞു.
അതേസമയം, മഴ കളിച്ചതോടെ രണ്ടാം ഏകദിനം ഉപേക്ഷിച്ചിരിക്കുകയാണ്. മത്സരത്തിന്റെ അഞ്ചാം ഓവറിനിടെ മഴ കാരണം മത്സരം നിര്‍ത്തി വെച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം മഴ മാറിയതോടെ മത്സരം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
മഴക്ക് ശേഷം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിന്റെ 13ാം ഓവറില്‍ വീണ്ടും മഴയെത്തുകയും കളി വീണ്ടും ഏറെ നേരം നിര്‍ത്തി വെക്കേണ്ടിയും വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
Handshakes 🤝 all around after the second ODI is called off due to rain.
Scorecard 👉 https://t.co/frOtF82cQ4 #TeamIndia | #NZvIND pic.twitter.com/pTMVahxCgg
— BCCI (@BCCI) November 27, 2022
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് 1-0ന് മുമ്പിലാണ്.
ടി-20 പരമ്പരയിലേതെന്ന പോലെ മഴ കളിക്കുകയാണെങ്കില്‍ ഏകദിന പരമ്പര ന്യൂസിലാന്‍ഡിന് മുമ്പില്‍ അടിയറ വെക്കേണ്ടി വന്നേക്കും.
നവംബര്‍ 30നാണ് പരമ്പരയിലെ അടുത്ത മത്സരം. ഓവലാണ് വേദി.
Content Highlight: Ashish Nehra and Murali Karthik questions exclusion of Sanju Samson in 2nd ODI