| Wednesday, 21st February 2018, 10:08 am

ഇതെല്ലാം ബി.ജെ.പി ആസൂത്രണം ചെയ്തതല്ലേ? ദല്‍ഹിയിലെ സംഭവവികാസങ്ങളില്‍ ചോദ്യവുമായി ആഷിഷ് ഖേതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബ്യൂറോക്രസിയും സര്‍ക്കാറും തമ്മിലുടലെടുത്ത പ്രശ്‌നങ്ങള്‍ ബി.ജെ.പി ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന സംശയമുയര്‍ത്തി എ.എ.പി എം.എല്‍.എ ആഷിഷ് ഖേതന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത്തരമൊരു ചോദ്യമുയര്‍ത്തിയത്.

“രാവിലെ 11 മണി: ചീഫ് സെക്രട്ടറി കയ്യേറ്റം ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത പ്ലാന്റ് ചെയ്യുന്നു; ഉച്ചയ്ക്ക് 12 മണി: ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ എ.എ.പി സര്‍ക്കാറിനെതിരെ പ്രസ്താവനകളുമായി വരുന്നു; ഉച്ചയ്ക്ക് 1 മണി: ഞാനും ഇമ്രാന്‍ ഹുസൈനും സെക്രട്ടറിയേറ്റില്‍ ആക്രമിക്കപ്പെടുന്നു; വൈകുന്നേരം 4 മണി: ആഭ്യന്തരമന്ത്രി രാഷ്ട്രീയ പ്രസ്താവന പുറപ്പെടുവിക്കുന്നു. ഇതെല്ലാം ബി.ജെ.പി ആസൂത്രണം ചെയ്തതല്ലേ?” എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

ചൊവ്വാഴ്ച വൈകുന്നേരമാണ് താനും മറ്റൊരു എ.എ.പി എം.എല്‍.എയും സെക്രട്ടറിയേറ്റില്‍ ആക്രമിക്കപ്പെട്ടു എന്നാരോപിച്ച് ആഷിഷ് ഖേതന്‍ മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയത്. വലിയൊരു ജനക്കൂട്ടം തങ്ങള്‍ക്കുനേരെ വരികയും ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

“ദല്‍ഹി സെക്രട്ടറിയേറ്റ് അതീവ സുരക്ഷാ മേഖലയാണ്. അവിടെ ആവശ്യമായ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അവിടെയാണ് മുദ്രാവാക്യം വിളികളുമായി ഒരു കൂട്ടമാളുകള്‍ വന്നത്. അവര്‍ എന്നെയും ഇമ്രാന്‍ ഹുസൈനേയും ആക്രമിച്ചു. പൊലീസ് അവിടെ ഉണ്ടായിരുന്നിട്ടും അനങ്ങാതെ നോക്കി നില്‍ക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാനോ സ്ഥിതി നിയന്ത്രണ വിധേയമാക്കാനോ ഉള്ള യാതൊരു നീക്കവും അവിടെ ഉണ്ടായിരുന്നില്ല.” എന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയത്.

ജനക്കൂട്ടത്തിന്റെ ഈ ആക്രമണത്തില്‍ ബി.ജെ.പിയ്ക്കു പങ്കുണ്ടെന്ന ആരോപണവും ഖേതന്‍ ഉയര്‍ത്തിയിരുന്നു. “അവിടെ ഒരു ജനക്കൂട്ടം വന്നെങ്കില്‍ അവര്‍ ദല്‍ഹി സെക്രട്ടറിയേറ്റിനെ കലാപഭരിതമാക്കിയെങ്കില്‍ അത് ചെയ്തത് ആരായിരിക്കും? അവരില്‍ പുറത്തുനിന്നുള്ള പ്രവര്‍ത്തകരുണ്ടായിരുന്നു; ആരാണ് അവരെ പ്രകോപിപ്പിച്ചത്. ആരാണ് പ്രോത്സാഹിപ്പിച്ചത്?” എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് ദല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടില്‍ വെച്ച് എ.എ.പി എം.എല്‍.എമാര്‍ ആക്രമിച്ചുവെന്ന ആരോപണവുമായി ചീഫ് സെക്രട്ടറി മുന്നോട്ടുവന്നത്.

We use cookies to give you the best possible experience. Learn more