[share]
[] കോഴിക്കോട്: ബി.ജെ.പി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന നരേന്ദ്ര മോഡിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വരണമെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ഖേതന്‍.
പ്രധാനമന്ത്രിയായി അഞ്ച് വര്‍ഷം ഭരിച്ചതിന് ശേഷം മോഡി അങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതിന് മുമ്പ് തന്നെ മോഡിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വരണം.
കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ വംശഹത്യ മാനവികതയ്‌ക്കെതിരെയുള്ള കുറ്റകൃത്യമായെ കാണാനാകൂ. ഗുജറാത്തിലുണ്ടായ ചില വ്യാവസായിക വികസനങ്ങളുടെ മറവില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനെ അവഗണിക്കുകയാണ്.
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ അഴിമതിയും തക്കസമയത്ത് പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. രണ്ടാം യു.പി.എയുടെ കാലത്ത് സി.എ.ജി റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് ടു-ജി സ്‌പെക്ട്രം കുംഭകോണമടക്കമുള്ളവ പുറത്ത് വന്നത്.
കൈകൊട്ടി ചിരിക്കുന്നതിന് പകരം ശക്തമായി വിചാരണ ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭവിച്ച ക്ഷീണം ആം ആദ്മി പാര്‍ട്ടിക്ക് ഗുണമായി.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ചലനം സൃഷ്ടിക്കാനാകുമോ എന്ന് സംശയമാണെന്നും ദല്‍ഹിക്ക് പുറത്തേക്ക് വ്യാപിക്കാന്‍ ഈ പാര്‍ട്ടിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കരിനിയമങ്ങള്‍ മൂലം ഭീകരാക്രമണത്തിന്റെ പേരിലും മറ്റും ജാര്‍ഖണ്ഡ്, ഉത്തരാഞ്ചല്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ധാരാളം ആദിവാസികള്‍ ജയിലില്‍ കഴിയുകയാണ്.
നക്‌സലിസത്തിനും മറ്റും പുറകെ പോകുന്ന മാധ്യമങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.