എന്‍.ഡി.ടി.വിക്കപ്പുറം ഈ ഭരണകൂടം എല്ലാ പ്രതിപക്ഷങ്ങളേയും ഘട്ടംഘട്ടമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു
India
എന്‍.ഡി.ടി.വിക്കപ്പുറം ഈ ഭരണകൂടം എല്ലാ പ്രതിപക്ഷങ്ങളേയും ഘട്ടംഘട്ടമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th June 2017, 12:13 pm

മുന്‍ ബി.ജെ.പി മന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയും അഭിഭാഷകനായ ഫാലി എസ് നരിമാനും റായിയും മാധ്യമ സ്വാതന്ത്രത്തെക്കുറിച്ച് സംസാരിച്ചു. മുമ്പെങ്ങുമില്ലാത്തവിധം പ്രതിപക്ഷത്തിനും ലിബറലായ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെയും നടക്കുന്ന ആക്രമണങ്ങളെയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസിനുപോയ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെല്‍വാദിനുമെതിരെ നടന്ന സി.ബി.ഐ റെയ്ഡിനെയും ആം ആദ്മി എം.എല്‍.എമാര്‍ക്കെതിരെയുള്ള പൊലീസ് കേസിനെയും, ഗ്രീന്‍പീസ് ലോയേഴ്‌സ് ആക്ടീവ് തുടങ്ങിയ സിവില്‍ സൊസൈറ്റി സംഘങ്ങള്‍ വേട്ടയാടപ്പെടുന്നതിനെയും കുറിച്ച് അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.


ഞാന്‍ പ്രണോയ് റോയിയെ പിന്തുണയ്ക്കുന്നു. ഒപ്പം ജൂണ്‍ 5ന് അദ്ദേഹത്തിന്റെ വീട്ടില്‍ സി.ബി.ഐ നടത്തിയ റെയ്ഡിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. എന്‍.ഡി.ടി.വി ലോണെടുത്തതില്‍ അഴിമതി ആരോപിച്ചുള്ള സി.ബി.ഐയുടെ അവകാശവാദം സംശയാസ്പദമാണ്. ഒപ്പം റോയിക്കെതിരെ റെയ്ഡ് നടത്തിയതിലും ഒരു വേട്ടയാടല്‍ രുചിക്കുന്നുണ്ട്.

എന്നിരുന്നാലും റോയിക്ക് പിന്തുണ അറിയിച്ച് ജൂണ്‍ 5നു ദല്‍ഹി പ്രസ് ക്ലബ്ബില്‍ നടത്തിയ പ്രസംഗങ്ങള്‍ എന്നെ നിരാശപ്പെടുത്തുന്നു.

മുന്‍ ബി.ജെ.പി മന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയും അഭിഭാഷകനായ ഫാലി എസ് നരിമാനും റായിയും മാധ്യമ സ്വാതന്ത്രത്തെക്കുറിച്ച് സംസാരിച്ചു. മുമ്പെങ്ങുമില്ലാത്തവിധം പ്രതിപക്ഷത്തിനും ലിബറലായ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസിനുപോയ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെല്‍വാദിനുമെതിരെ നടന്ന സി.ബി.ഐ റെയ്ഡിനെയും ആം ആദ്മി എം.എല്‍.എമാര്‍ക്കെതിരെയുള്ള പൊലീസ് കേസിനെയും, ഗ്രീന്‍പീസ് ലോയേഴ്സ് ആക്ടീവ് തുടങ്ങിയ സിവില്‍ സൊസൈറ്റി സംഘങ്ങള്‍ വേട്ടയാടപ്പെടുന്നതിനെയും കുറിച്ച് അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.


Also Read: കൊച്ചി മെട്രോയില്‍ മോദിക്കൊപ്പം വലിഞ്ഞുകയറി കുമ്മനം; ഇരിപ്പിടം തരപ്പെടുത്തിയത് ഗവര്‍ണര്‍ക്ക് അടുത്ത് 


ഇതാദ്യമല്ല ഇന്ത്യന്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. തീര്‍ത്തും മോശമായ കാര്യങ്ങളാണ് അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ അരങ്ങേറിയത്. പക്ഷേ ഇന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഇതുവരെ നടന്നിട്ടില്ലാത്തതാണ്.

1975 ലെ അടിയന്തിരാവസ്ഥ രണ്ടു വര്‍ഷത്തിനുശേഷം ഇന്ദിരാഗാന്ധിയെ പുറന്തള്ളുന്നതിന് വഴിവെച്ചു. 2000ത്തിന്റെ തുടക്കത്തില്‍ തെഹല്‍ക്കയ്ക്കെതിരെ നടന്ന വേട്ടയാടല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്കെതിരെ ജനരോഷത്തിന് വഴിവെച്ചു.

എന്നാല്‍ ഇന്നത്തെ ഭരണകൂടം ശിക്ഷിക്കപ്പെടാതെ മുന്നോട്ടുപോകുകയാണ്. തന്റെ ഭരണകാലത്ത് എന്തുതെറ്റ് ചെയ്താലും എതിര്‍പ്പുകളുണ്ടാവില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നത്. ഒരുവേള അദ്ദേഹത്തിന്റെ തോന്നല്‍ ശരിയാണെന്ന് തോന്നും.

അടിയന്തിരാവസ്ഥ കാലത്ത് നിര്‍ബന്ധിത വന്ധീകരണ പദ്ധതി ഇന്ദിരാഗാന്ധിയുടെ ജനപ്രീതി ഇല്ലാതാക്കി. എന്നാല്‍ പരസ്പര സമ്മതത്തോടെ ഒരുമിച്ചിരിക്കുന്ന ദമ്പതികളെപ്പോലും സ്ത്രീ സംരക്ഷണമെന്ന് പറഞ്ഞ് ആക്രമിക്കാന്‍ ആന്റി റോമിയോ സ്‌ക്വാഡ് എന്ന പേരില്‍ സ്വന്തം സംസ്ഥാനമായ യു.പിയില്‍ സേനയെ ഉണ്ടാക്കിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൂടുതല്‍ പിന്തുണ ലഭിക്കുകയാണുണ്ടായത്.


Don”t Miss: കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ 


1974ലെ ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ ക്രാന്തി മുന്നേറ്റത്തെ ഉച്ഛസ്ഥായിലെത്തിച്ച ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കോണ്‍ഗ്രസ് സര്‍ക്കാരിനെ വിറപ്പിച്ചിരുന്നു.

ഇന്ന് ബി.ജെ.പി കോളേജ് ക്യാമ്പസുകളെ വര്‍ഗീയമായി ചേരിതിരിക്കുകയാണ്. ബി.ജെ.പിയെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളെ ദേശദ്രോഹികളെന്നും പാകിസ്ഥാന്‍ അനുകൂലികളെന്നും മുദ്രകുത്തുത്തുകയാണ്. മോദിസര്‍ക്കാരിനെയോ നോട്ടു നിരോധനം പോലുള്ള അവരുടെ നടപടികളെയോ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമായി കണക്കാക്കപ്പെടുകയാണ്.

ഇന്ദിരാഗാന്ധിക്ക് എല്ലാം അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന ഏജന്‍സികളാണ് ഉണ്ടായിരുന്നത്. മോദിക്ക് ഇതുമാത്രമല്ല, സി.ബി.ഐയും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റും, എന്‍ഫോഴ്സ്മെന്റ് ഡയറകട്റേറ്റും ഓണ്‍ലൈന്‍ ട്രോളുകളുടെ ഒരു സൈന്യവുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം മോദിയുടെ ചിത്രമുള്ള പരസ്യങ്ങള്‍ നല്‍കുന്നതിനായി മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കിയത് 1,100 കോടിയാണ്.


അധികാരത്തിന്റെ പ്രത്യയശാസ്ത്രം

തങ്ങള്‍ ദൈവമാണെന്ന് വിശ്വസിച്ചിരുന്ന പഴയകാല ഭരണാധികാരികള്‍ പിന്നീട് തകര്‍ന്നിട്ടുണ്ടെന്ന കാര്യം പരാമര്‍ശിക്കാന്‍ വെള്ളിയാഴ്ചത്തെ പ്രസ്സ് ക്ലബ് യോഗത്തില്‍ അരുണ്‍ ഷൂരി ഉറുദു ഈരടികള്‍ ഉദ്ധരിക്കുകയുണ്ടായി. പക്ഷേ അതില്‍ ഒരു ആശ്വസിപ്പിക്കലിനപ്പുറം ഒന്നുമല്ല.

ഇന്നത്തെ ഭരണകൂടം ഏറെ സംഘടിതവും അങ്ങേയറ്റം ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒന്നുമാണ്. അതിന് വന്‍സാമ്പത്തിക ഉറവിടങ്ങളുണ്ട്. വന്‍ കോര്‍പ്പറേറ്റുകളാണ് അതിനെ നയിക്കുന്നത്.

മുന്‍ ഭരണകൂടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത് സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ദൂരദര്‍ശനെ മാത്രമല്ല ആശ്രയിക്കുന്നത്. ആ ജോലി ചെയ്യാന്‍ തന്ത്രപരമായ ടിവി ഷോകള്‍ സൃഷ്ടിക്കുന്ന സ്വകാര്യ ടിവി ന്യൂസ് ചാനലുകളുണ്ട്. സീ ന്യൂസ് ടിവി, ഇന്ത്യ ന്യൂസ്, ഇന്ത്യ ടിവി, ടൈംസ് നൗ പിന്നെ ഇപ്പോള്‍ റിപ്പബ്ലിക് ടിവിയും.

ഒരു വിഭാഗം മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ കൂലി എഴുത്തുകാരാണെങ്കില്‍ മറ്റുള്ളവര്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിസ്സമതിച്ചുകൊണ്ട് സമാധാനകാംഷികളാകുന്നു. ചില പത്രങ്ങള്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ ലേഖനങ്ങള്‍ കൊണ്ട് പേജു നിറയ്ക്കുന്നു.

ബി.ജെ.പി സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന സഹാറ ഡയറികള്‍ ചില എഡിറ്റര്‍മാരുടെ കയ്യിലുണ്ട്. പക്ഷേ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാള്‍ക്കും ധൈര്യമില്ല. സെപ്റ്റംബറില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ഇന്റര്‍വ്യൂ എന്‍.ഡി.ടിവി വരെ ഒഴിവാക്കി. കാരണം ” നമ്മുടെ സൈന്യത്തെ സംശയിക്കാനോ ചോദ്യം ചെയ്യാനോ പാടില്ല” എന്നതു തന്നെ.

മോദിക്ക് അര്‍പ്പണബോധമുള്ള ഉദ്യോഗസ്ഥരുമുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും, കരസേനാ മേധാവിയും പിന്നെ യു.പി.എ കാലത്ത് നിയമിതനായി പിന്നെ ബി.ജെ.പിയില്‍ ചേര്‍ന്ന മുംബൈ പൊലീസ് കമ്മീഷണറും ഉണ്ട്. സര്‍ക്കാരിനെതിരായി ഒരു കാര്യവും ലീക്കാകുന്നില്ല. പുറത്താവുന്നതെല്ലാം പ്രതിപക്ഷത്തിന് എതിരായ കാര്യങ്ങള്‍ മാത്രം. സി.ബി.ഐയില്‍ പ്രധാന സ്ഥാനത്തിരിക്കുന്ന ഓഫീസര്‍മാരും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും പൊലീസും പ്രത്യയശാസ്ത്രപരമായി ബി.ജെ.പിക്കൊപ്പം നിലകൊള്ളുന്നതാണ്.


Don”t Miss: നിങ്ങളുടെ വായമൂടിക്കെട്ടാനുള്ള മോദിയുടെ ശ്രമങ്ങളെ ഇങ്ങനെയാണ് ചെറുക്കേണ്ടത്: മാധ്യമപ്രവര്‍ത്തകര്‍ക്ക് അരുണ്‍ഷൂരിയുടെ എട്ട് നിര്‍ദേശങ്ങള്‍


പ്രണോയ് റോയ് പറഞ്ഞത് ശരിയാണ്. അദ്ദേഹത്തിനെതിരായ റെയ്ഡ് മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. ഒന്നുകില്‍ ഞങ്ങളുടെ കാല്‍ക്കല്‍. ഇല്ലെങ്കില്‍ നിങ്ങളുടെ പിറകേ ഞങ്ങളുണ്ടാവും.

അതുപോലെ 2016 ജൂലൈയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റു ചെയ്തതിലും ഒരു മുന്നറിയിപ്പുണ്ടായിരുന്നു. അത് ദല്‍ഹിയിലെ ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് ഉള്ളതായിരുന്നു. നിങ്ങള്‍ കെജ്‌രിവാളിനൊപ്പം പ്രവര്‍ത്തിച്ചാല്‍ നിങ്ങളെ തേടി ഞങ്ങളെത്തും. നിങ്ങള്‍ നിരപരാധികളാണെങ്കില്‍ പോലും ഞങ്ങള്‍ നിങ്ങളെ കുടുക്കും. ഒരു റെയ്ഡുകൊണ്ട് സര്‍ക്കാരിനെ മുഴുവന്‍ അടക്കി നിര്‍ത്തി.

ഇന്ന് കല്‍ക്കരി ലേലമുണ്ടാക്കിയ നഷ്ടം കണക്കുകൂട്ടാന്‍ സി.എ.ജിയുടെ ഓഫീസര്‍ വിനോദ് റായിമാരില്ല. ഇന്‍സറ്റിറ്റിയൂഷണല്‍ ഇന്റഗ്രിറ്റിക്ക് വേണ്ടി നിലകൊള്ളാനും ഒരു മുഖ്യ വിജിലന്‍സ് കമ്മീഷണറുടെ നിയമനത്തെ തടയാനും ഇവിടെ ജസ്റ്റിസ് എസ്. എച്ച് കപാഡിയമാരില്ല. കാര്യങ്ങള്‍ ഇതേരീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും പിന്നാലെ നീതിന്യായ വ്യവസ്ഥകൂടി അവര്‍ക്കൊപ്പം നിലകൊള്ളും.

അഴിമതിക്കെതിരെ പൊരുതാന്‍ ഇവിടെ ലോക്പാലും ലോകായുക്ത നിയമങ്ങളുണ്ട്. എന്നാല്‍ ആ നിയമം നടപ്പിലാക്കാന്‍ ഒരു ലോക്പാലും ഇല്ല. 2011 ല്‍ ചെയ്തുപോലെ ലോക്പാല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിരാഹാരം നടത്തുമെന്ന് അണ്ണാ ഹസാരെ ഭീഷണിപ്പെടുന്നില്ല. എന്നാല്‍ അത് അരവിന്ദ് കെജ്‌രിവാളിനെതിരെ വരുന്നു.

വിദേശബേങ്കുകളില്‍ ഒളിപ്പിച്ച 500 കോടി തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 2011 ജൂണില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ നിന്നതുപോലെ നില്‍ക്കാന്‍ ആത്മീയ സംരംഭകന്‍ രാംദേവ് രാംലീല മൈതാനത്തില്ല. അദ്ദേഹം യോഗാക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ബി.ജെ.പി മന്ത്രിമാര്‍ക്ക് ടിപ്സ് നല്‍കിക്കൊണ്ടിരിക്കുകയുമാണ്.

ഇവിടെ ഇന്ത്യന്‍ എക്സ്പ്രസിന്റെ ധീരസ്ഥാപകന്‍ രാംനാഥ് ഗോയങ്കമാരില്ല. പിന്നെ ഉള്ളത് മാധ്യമസ്ഥാപനങ്ങളെന്നു നടിക്കുന്ന ബിസിനസ് ഹൗസുകള്‍ മാത്രമാണ്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഉത്തരാഖണ്ഡിലെ സര്‍ക്കാരിനെ 2016 മാര്‍ച്ചില്‍ കേന്ദ്രം പിരിച്ചുവിട്ടു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം മൂന്നിലൊന്ന് ഭൂരിപക്ഷത്തോടെ ആ സംസ്ഥാനം ബി.ജെ.പിക്ക് വോട്ട് നല്‍കി അധികാരത്തിലെത്തിച്ചു.

നവംബറില്‍ 86 ശതമാനം നോട്ടുകളും നിരോധിച്ച കേന്ദ്രനടപടി കാരണം നൂറിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും ആയിരക്കണക്കിനാളുകള്‍ക്ക് ജീവനോപാധി നഷ്ടമായിട്ടും ഈ വര്‍ഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ യു.പി ജനത ബി.ജെ.പിക്ക് നാലില്‍ മൂന്ന് ഭൂരിപക്ഷം നല്‍കി.

ഏറ്റവും എളുപ്പമുള്ള വിശദീകരണം പ്രതിപക്ഷം പോര എന്നതാണ്. എന്നാല്‍ ഈ ഭരണകൂടം എല്ലാ പ്രതിപക്ഷങ്ങളേയും ഘട്ടംഘട്ടമായി തളര്‍ത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുത. എഫ്.ഐ.ആറുകള്‍ക്ക് പിന്നാലെ എഫ്.ഐ.ആറുകളായി. കേസുകള്‍ക്ക് പിന്നാലെ കേസുകളായി. റെയ്ഡുകള്‍ക്ക് പിന്നാലെ റെയ്ഡുകളായി അവര്‍ എല്ലാ എതിര്‍പ്പുകളേയും ഇല്ലാതാക്കുകയാണ്. പ്രതിപക്ഷമില്ലാത്തൊരു ഇന്ത്യയെ സൃഷ്ടിക്കുവാനായി, ഒരു ഏക നേതാവിന് കീഴിലുള്ള ഇന്ത്യയെ.

സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും നേരെ വലിയ ആക്രമങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് എന്‍.ഡി.ടിവിക്കെതിരെ നടന്നത്. ഇന്ത്യന്‍ ജനാധിപത്യം തന്നെ പ്രതിസന്ധിയിലാണ്.

എന്‍.ഡി.ടിവിയ്ക്കപ്പുറം സംവാദങ്ങളെ കൊണ്ടു പോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

(ഇന്ത്യയിലെ പ്രധാന അന്വേഷണാത്മക റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ ആശിഷ് ഖേതന്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി സര്‍ക്കാരിലെ ഡയലോഗ് ആന്‍ഡ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍പേഴ്സണുമാണ്.)

കടപ്പാട്: സ്‌ക്രോള്‍