| Thursday, 27th January 2022, 6:25 pm

അന്ധവിശ്വാസത്തെ ശാസ്ത്രീയസത്യമെന്ന നിലയില്‍ അച്ചടിച്ച ദേശാഭിമാനി

ആശിഷ് ജോസ് അമ്പാട്ട്

മനുഷ്യനൊരു സസ്യമാണോ ജന്തുവാണോ എന്ന അടിസ്ഥാന വിഷയം പോലും പരിഗണിക്കാതെ, കുട്ടികള്‍ക്കുള്ള പത്ര പംക്തിയില്‍ ഹൈന്ദവ പുരാതനധാരണകള്‍ ശാസ്ത്രീയ സത്യങ്ങളെന്ന വ്യാജേനയുള്ള കുറിപ്പുകളായി കടന്നുവരുന്നത് നിരാശാജനകമാണ്.

കുട്ടികളില്‍ ശാസ്ത്രീയാഭിരുചിയും അറിവുകളും കൃത്യമായി എത്തിക്കുകയെന്ന വിധത്തില്‍ ദേശാഭിമാനി പത്രത്തിന്റെ ‘അക്ഷരമുറ്റം’ പേജില്‍, അടിസ്ഥാന ജീവശാസ്ത്രതത്വങ്ങളെയും സാമാന്യയുക്തിയേയും പരിഹസിക്കുന്ന, ഹൈന്ദവ മതത്തിന്റെ ഭാഗമായ ഒരു അന്ധവിശ്വാസം, ശാസ്ത്രീയസത്യമെന്ന നിലയില്‍ അച്ചടിച്ചുവന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്.

സസ്യങ്ങള്‍ക്കും മറ്റുചില ഏകകോശ ജീവജാലങ്ങള്‍ക്കും മാത്രമാണ് യഥാര്‍ത്ഥത്തില്‍ പുറമെ നിന്നും ഭക്ഷണം സ്വീകരിക്കാതെ സൗരോര്‍ജത്തില്‍ നിന്നും കോശപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം കണ്ടെത്താന്‍ സാധിക്കുന്നത്. ക്ലോറോഫില്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ സഹായത്തോടെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ പ്രകാശസംശ്ലേഷണമെന്ന പ്രക്രിയ വഴി ഊര്‍ജാവശ്യത്തിനുള്ള കാര്‍ബോഹൈഡ്രേറ്റ് ആക്കി മാറ്റിയാണ് സസ്യങ്ങള്‍ ഭക്ഷണാവശ്യങ്ങള്‍ നിറവേറ്റുന്നത്.

മനുഷ്യരുടെ ശരീരത്തില്‍ അത്തരത്തില്‍ ഒരു രാസപദാര്‍ഥമില്ലാത്തതുകൊണ്ടും പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ മറ്റു കോശ-അവയവ സംവിധാനങ്ങളില്ലാത്തതുകൊണ്ടും, പുറമെ നിന്നും ആഹാരം കഴിക്കുന്നത് വഴി മാത്രമേ മനുഷ്യര്‍ക്ക് ഊര്‍ജം സ്വീകരിക്കാന്‍ പറ്റുകയുള്ളൂ.

ബാഹ്യമായ സ്രോതസ്സുകളില്‍ നിന്നുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് സൂര്യപ്രകാശം വഴി മാത്രം മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കുമെന്നൊരു അന്ധവിശ്വാസം ഹൈന്ദവ മതത്തിന്റെ ഭാഗമായി പൊതുവെയുണ്ട്. ഇനേദിയ (inedia) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പല പൗരാണിക കഥകളിലും ഇത് സത്യമാണെന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ കാണാമെങ്കിലും പൂര്‍ണമായും ഒരു കപടശാസ്ത്രവാദമാണ് ഇത്.

                    ദേശാഭിമാനി പത്രത്തിന്റെ ‘അക്ഷരമുറ്റം’ പേജ്

ഗുജാറത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന, ആള്‍ദൈവവും സന്യാസ മുനിയുമായിരുന്ന പ്രഹ്ളാദ് ജാനി എന്നൊരാള്‍ 80 വര്‍ഷത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ ജീവിച്ചിരുന്നുവെന്ന അവകാശവാദം നടത്തിയിട്ടുണ്ട്. ദേശാഭിമാനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സൂര്യപ്രകാശത്തില്‍ നിന്നും ഊര്‍ജം നേരിട്ടു കണ്ടെത്താന്‍ സാധിക്കുന്ന അത്ഭുതസിദ്ധി നേടിയ തേജസ്വിയായ സന്യാസി. 1940ല്‍ തന്റെ പതിനൊന്നാം പിറന്നാളിന് ശേഷം ഇദ്ദേഹം ഒരുതുള്ളി ജലമോ എന്തെങ്കിലും ഭക്ഷണപദാര്‍ത്ഥമോ കഴിച്ചിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.

2020 മെയ് 26ന് അദ്ദേഹം മരണപ്പെടുന്നത് വരെ ധാരാളം മാധ്യമങ്ങള്‍ അത്ഭുതസിദ്ധിയുടെ ജീവിക്കുന്ന ഉദാഹരണവും ഇനേദിയുടെ ശാസ്ത്രീയ തെളിവുമായി ഇദ്ദേഹത്തെ ആഘോഷിച്ചിട്ടുണ്ട്.

മനുഷ്യന്‍ ഉള്‍പ്പെടുന്ന ജന്തുലോകത്തിലെ സകല ജീവികള്‍ക്കും ഭക്ഷണവും ജലവും ആവശ്യമുണ്ട്. ശരീരത്തിന്റെ മൂന്നില്‍ രണ്ട് ശതമാനവും ജലമാണ്. ഇത് സംരക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡീഹൈഡ്രജിനേഷന്‍ ഉണ്ടാവുകയും തുടര്‍ന്ന് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം ക്രമേണ തകരാറിലായി മരണത്തിലെത്തിച്ചേരുകയും ചെയ്യാം. ശരീരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഊര്‍ജം ആവശ്യമുണ്ട്, ഇത് ഭക്ഷണത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത്. അതുപോലെ വിറ്റാമിനുകളും ലവണങ്ങളുമെല്ലാം ഭക്ഷണത്തില്‍ നിന്നുതന്നെ ലഭിക്കേണ്ടതായുണ്ട്.

സസ്യങ്ങള്‍ കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവും പ്രകാശോര്‍ജം ഉപയോഗിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റിയാണ് തങ്ങളുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഇതിനായി ക്ലോറോഫില്‍ പോലെയുള്ള ഫോട്ടോസിന്തറ്റിക് വര്‍ണകങ്ങളും റൂബിസ്‌കോ പോലെയുള്ള എന്‍സൈമുകളും വേണം (അവയെ ഫോട്ടോസിന്തറ്റിക് എന്‍സൈമുകള്‍ എന്ന് വിളിക്കാം). മനുഷ്യരെ പോലെയുള്ള ജന്തുക്കളില്‍ ഇത്തരം എന്‍സൈമുകളോ പ്രകാശസംശ്ലേഷണം നടത്താനുള്ള കോശഭാഗങ്ങളോ ഇല്ല. അതിനായി സസ്യങ്ങളെ ഭക്ഷണമാക്കി ഊര്‍ജം കണ്ടെത്തുകയോ അവയെ ഭക്ഷണമാക്കുന്ന മറ്റ് ജീവികളെ ഭക്ഷിക്കുകയോ മാത്രമാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്. സസ്യങ്ങള്‍ക്കും ജീവിക്കാന്‍ ജലവും വിറ്റാമിനുകളും ലവണങ്ങളും ആവശ്യമുണ്ട്. ഇത് ലഭിച്ചില്ലെങ്കില്‍ അവയും നശിച്ചുപോകും.

ദേശാഭിമാനി പത്രത്തിന്റെ ‘അക്ഷരമുറ്റം’ പേജില്‍ വന്ന വാര്‍ത്ത

ഗുജറാത്തിലുള്ള സുധീര്‍ ഷാ എന്ന ന്യൂറോളസ്റ്റിലൂടെയാണ് പ്രഹ്ളാദ് ജാനിയുടെ പ്രസിദ്ധി വര്‍ധിക്കുന്നത്. 2003ല്‍ ഇദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഒരു അടഞ്ഞ മുറിയില്‍ പ്രഹ്ളാദ് ജാനിയെ പത്ത് ദിവസം നിരീക്ഷിച്ചു. ഈ സമയത്ത് പ്രഹ്ളാദ് ജാനി ജലപാനം നടത്തിയിരുന്നില്ല എന്നാണ് സുധീര്‍ ഷാ അവകാശപ്പെട്ടുന്നത്. ഈ പരീക്ഷണത്തിലെ പഠനങ്ങള്‍ പതിനാല് വര്‍ഷത്തോളമായിട്ടും ഒരു ശാസ്ത്രജേര്‍ണലിലും പങ്കുവയ്ക്കാന്‍ എന്തുകൊണ്ട് സുധീര്‍ ഷാ തയ്യാറാകുന്നില്ല എന്നത് ഇദ്ദേഹത്തിന്റെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നുണ്ട്. അതുപോലെ പ്രഹ്ളാദ് ജാനിയുടെ ഭാരവും ഈ കാലയളവില്‍ കുറഞ്ഞിരുന്നു. ഇതും ഭക്ഷണം കഴിക്കാതെ ദീര്‍ഘകാലം ജീവിക്കാം എന്ന വാദത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.

സുധീര്‍ ഷായുടെയും അദ്ദേഹം ജോലി ചെയ്യുന്ന സ്റ്റെര്‍ലിംഗ് ആശുപത്രിയുടെയും പ്രസിദ്ധി പ്രഹ്ളാദ് ജാനിയിലൂടെ ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരുന്നു. 2010ല്‍ ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനമായ ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (DRDO) നേതൃത്വത്തില്‍ 15 ദിവസം നീണ്ടുനിന്ന പഠനം പ്രഹ്ളാദ് ജാനിയില്‍ നടത്തി. സുധീര്‍ ഷായുടെ മേല്‍നോട്ടത്തില്‍ അദ്ദേഹം വര്‍ക്ക് ചെയ്യുന്ന സ്റ്റെര്‍ലിംഗ് ആശുപത്രിയില്‍ ആയിരുന്നു ഈ തവണയും നിരീക്ഷണം.

പ്രഹ്ളാദ് ജാനി കഴിഞ്ഞിരുന്ന മുറിയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന CCTV ക്യാമറ ഘടിപ്പിച്ചിരുന്നു. ഈ പതിനഞ്ച് ദിവസത്തില്‍ ഒരിക്കല്‍ പോലും പ്രഹ്ലാദ് ജാനി വെള്ളം കുടിക്കുന്നതോ ഭക്ഷണം കഴിക്കുന്നതോ CCTVല്‍ പതിഞ്ഞിരുന്നില്ല.

പക്ഷെ, ഇദ്ദേഹത്തിന് ഇടയ്ക്കു വായില്‍ വെള്ളം കൊള്ളാനും കുളിക്കാനും ആയി ബാത്ത്റൂമില്‍ പോകാന്‍ അനുവാദം ഉണ്ടായിരുന്നു. ഈ ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നില്ല. ഇങ്ങനെ പോകുന്ന അവസരങ്ങളില്‍ സുധീര്‍ ഷായ്‌ക്കോ അദ്ദേഹത്തിന്റെ അനുയായികളില്‍ ആര്‍ക്കെങ്കിലുമോ ഇദ്ദേഹത്തിന് ഭക്ഷണം  എത്തിച്ചു കൊടുക്കാവുന്നതാണ് എന്ന് Indian Rationalist Association നൂട്രിഷന്‍ ഗവേഷകനായ പീറ്റര്‍ ക്ലിഫ്ടണും ചൂണ്ടിക്കാട്ടിയിരുന്നു. (CCTVയുടെ വെളിയില്‍ പോകുന്നത് ഈ വീഡിയോയില്‍ കാണാം :https://www.youtube.com/watch?v=G9On0X3nBaY)

                                   പ്രഹ്ളാദ് ജാനി

പ്രഹ്ളാദ് ജാനിയെ നേരിട്ട് നിരീക്ഷിക്കാന്‍ അവസരം വേണമെന്ന് പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍ പ്രവര്‍ത്തകരെ ഇതുവരെ അതിന് അനുവദിച്ചില്ല. 2010ലെ പഠനത്തിന്റെ ഫലം, 12 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു ശാസ്ത്ര ജേര്‍ണലുകളിലും പബ്ലിഷ് ചെയ്യാന്‍ DRDOയോ സുധീര്‍ ഷായോ തയ്യാറായിട്ടുമില്ല!

സത്യത്തില്‍ ഇവിടെ സംഭവിച്ചത് ഇനേദിയ എന്ന കപടശാസ്ത്ര പ്രവര്‍ത്തനമാണ്. ഭക്ഷണം കഴിക്കാതെ, ചിലപ്പോള്‍ ജലവും സ്വീകരിക്കാതെ അനാദികാലം മനുഷ്യന് ആരോഗ്യകരമായി ജീവിക്കാം എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്ന ഒരു രീതിയാണിത് . ലാറ്റിനില്‍ ‘ഉപവാസം’ എന്ന് അര്‍ഥം വരുന്ന വാക്കില്‍നിന്നാണ് ഈ പേര് വരുന്നത്. അപകടരമായ ഒരു കപടശാസ്ത്രമായിട്ടാണ് ഇതിനെ ശാസ്ത്രലോകം കാണുന്നത്. പണത്തിനും പ്രസിദ്ധിയ്ക്കുമായി പലരും ഇനേദിയ എന്ന ആ പേര് പറയാതെ അവകാശപ്പെടുന്നുണ്ട്. ഇതില്‍ വിശ്വസിച്ച് സാധാരണക്കാര്‍ പ്രാക്ടീസ് ചെയ്യാന്‍ ശ്രമിക്കുകയും മരണപ്പെടുകയും ചെയ്ത അവസരങ്ങള്‍ ഉണ്ടായിട്ടുമുണ്ട്.

പ്രഹ്ളാദ് ജാനി എന്ന ആള്‍ദൈവത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് കൃത്യമായ രീതിയില്‍ വഞ്ചനയാണ്. ഇതിന് അദ്ദേഹത്തെ സഹായിച്ചത് സുധീര്‍ ഷാ എന്ന ഫിസിഷ്യന്‍ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രസിദ്ധിക്കും പണത്തിനും പുറകെയുള്ള മനുഷ്യരുടെ ആഗ്രഹം അവരെ കൊണ്ട് പല അധാര്‍മിക പ്രവര്‍ത്തികളും ചെയ്യിപ്പിക്കും എന്നതിന്റെ വലിയ ഉദാഹരണമാണ് പ്രഹ്ളാദ് ജനി. അദ്ദേഹത്തിന്റെ മരണശേഷം ഒരു സയന്റിഫിക് ഓട്ടോപ്സി നടത്തി ഏതെങ്കിലും വിധത്തില്‍ അത്ഭുതകരമായ കഴിവുകള്‍ അദ്ദേഹത്തിന് ഉണ്ടെന്ന് കണ്ടെത്താന്‍, ഇനേദിയ എന്ന കപടശാസ്ത്രത്തിന്റെ വക്താക്കളില്‍ ഒരാള്‍ക്കും സാധിച്ചില്ലായിരുന്നു എന്നതും ഓര്‍ക്കാം.

ഭക്ഷണം കഴിക്കാതെ സൗരോര്‍ജം കൊണ്ട് ജീവിക്കാനുള്ള ക്ഷമതയുണ്ടെന്നു മേല്‍പ്പറഞ്ഞ അതേ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച മറ്റൊരു കുപ്രസിദ്ധനാണ് ഹിര രഥ്ന്‍ മാണിക്. ഈ തട്ടിപ്പ് അവകാശവാദം നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും, അദ്ദേഹം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ഒരാള്‍ എടുക്കുകയും, റെക്കോര്‍ഡ് ചെയ്യുന്ന ക്യമാറ കണ്ട് പ്രസ്തുത വ്യക്തി ഓടിയൊളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഫൂട്ടേജ് യുട്യൂബില്‍ ലഭ്യമാണ്. ഏതെല്ലാം ഫുഡ് ആയിരുന്നു അദ്ദേഹമെടുത്ത് തുടങ്ങിയ വിവരങ്ങളെല്ലാം ഹോട്ടലുടമയില്‍ നിന്നും ക്യാമറാമാന്‍ വീഡിയോയില്‍ സാക്ഷിപ്പെടുത്തുന്നുണ്ട് (https://m.youtube.com/watch?v=0Xc_wxXTO64).

ഇത്തരത്തില്‍ അടിസ്ഥാനപരമായി തന്നെ കപടശാസ്ത്രം മാത്രമായ ഒരു അവകാശവാദം- ഹൈന്ദവ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന കഥകള്‍- സത്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍, ശാസ്ത്രീയ വസ്തുത എന്ന വ്യാജേന നല്‍കിയ ദേശാഭിമാനി, ഒരു തിരുത്തലിന് തയ്യാറാകുമെന്നാണ് എന്റെ പ്രതീക്ഷ.

(വിമര്‍ശനവിധേയമായ കുറിപ്പ് അച്ചടിച്ചു വന്നത്: ദേശാഭിമാനി ജനുവരി 13, 2022 വ്യാഴം, (അക്ഷരമുറ്റം) പേജ്: 10)


Content Highlight: Ashish Jose Ambat writes about the superstitious content appeared in Deshabhimani daily

ആശിഷ് ജോസ് അമ്പാട്ട്

We use cookies to give you the best possible experience. Learn more