| Wednesday, 14th September 2022, 5:02 pm

നങ്ങേലി ഒരു കെട്ടുകഥയല്ല; ചരിത്രത്തിലത് സംഭവിച്ചിരിക്കാം

ആശിഷ് ജോസ് അമ്പാട്ട്

കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കീഴാള സമൂഹങ്ങള്‍ക്ക് നേരെ അതിക്രൂരമായ നിഷ്ഠൂരവാഴ്ചയാണ് ഇവിടെയുള്ള രാജ്യാധികാരം കയ്യടിക്കിവച്ചവര്‍ നടത്തിയിരുന്നതെന്ന് രേഖപ്പെടുത്തിയ ചരിത്രമാണ്. കീഴാളസമൂഹങ്ങളെ തങ്ങള്‍ക്കു വേണ്ടി അടിമപ്പണി ചെയ്യാനും തങ്ങളുടെ സുഖഭോഗങ്ങളുടെ ചെലവ് കണ്ടെത്താനുമുള്ള മെറ്റീരിയല്‍ സ്രോതസ്സെന്നുമെണ്ണി ദ്രോഹിച്ചിരുന്ന സവര്‍ണ തമ്പുരാക്കാന്മാര്‍ക്കെതിരെ നടത്തിയ ചെറുത്ത് നില്‍പ്പിന്റെ ഒരു പ്രതീകം എന്നര്‍ത്ഥത്തില്‍ ‘നങ്ങേലി സംഭവം’ അവര്‍ ഇന്ന് ഗാനങ്ങളിലും, ശില്പങ്ങളിലും, മുദ്രാവാക്യങ്ങളിലുമായി ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നണ്ട്.

ഈ അവസരത്തില്‍ നങ്ങേലി സംഭവം ഒരു കെട്ടുകഥയാണെന്നും കേരളത്തില്‍ ‘ഒപ്പ്രേസീവായി ഒരു ജാതിവ്യവസ്ഥ’ നിലനിന്നില്ലായിരുന്നുവെന്നും, ഇല്ലാത്ത ചരിത്രം നിര്‍മ്മിക്കാനായി കഴിഞ്ഞ നാലഞ്ചുവര്‍ഷത്തില്‍ കെട്ടിച്ചമച്ച ഒരു വ്യാജകഥ മാത്രമാണ് ഇതെന്ന വിധത്തില്‍ ചില ആഖ്യാനങ്ങള്‍ ശക്തമായി മുന്നോട്ടു വരുമ്പോള്‍ നങ്ങേലി സംഭവത്തിന്റെ യഥാര്‍ത്ഥത്തെപ്പറ്റി ലഭ്യമായ അക്കാദമിക് രചനങ്ങള്‍, പ്രബന്ധങ്ങല്‍, പുസ്തങ്ങളില്‍ എന്നിവയില്‍ നിന്നും കണ്ടെത്തിയ ചില നിരീക്ഷണങ്ങളാണ് ഈ കുറിപ്പിന് ആധാരം!

നങ്ങേലിയെ ഞാന്‍ വ്യക്തിപരമായി ഒരു subaltern വീര കഥാപാത്രമായിട്ടാണ് മനസ്സിലാക്കുന്നത്, ‘subaltern designates the populations which are socially, politically, and geographically outside of the hegemonic power structure of the land’. ഒരു ഐതിഹ്യനിര്‍മിതിയുടെ ഭാഗമായി നങ്ങേലിയെ കാണാന്‍ ശ്രമിക്കുമ്പോള്‍ പോലും തലമുറകളിലൂടെ ഒരു സമൂഹത്തിന്റെ പാരമ്പര്യബോധങ്ങളെ കുറിക്കുന്ന ഒരു ഏടായി തന്നെ ഇത് നിലനില്‍ക്കുന്നുണ്ട്.

പുരാതന മനുഷ്യരുടെ സാമൂഹികപരവും ചരിത്രപരവും വിശ്വാസപരവുമായ ശീലങ്ങളുടെ ശേഷിപ്പ് മിത്തുകളില്‍ ദൃശ്യമാണെന്ന് ജി.എസ്. കിര്‍ക്ക് നീരീക്ഷിക്കുന്നു. ദൈവികവും അഭൌമികവുമായ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ വിവരണങ്ങളാണ് മിത്തുകള്‍ എന്ന സാമാന്യനിര്‍വചനമെടുത്താല്‍ നങ്ങേലി സംഭവത്തെ അതിലോട് ഉള്‍പ്പെടുത്താന്‍ പറ്റുകയില്ലായെന്നു പ്രിമ ഫെഷ്യെ കാണാം.

അതായത് മഹാഭാരതത്തിലും രാമായണത്തിലും പ്രകടമായത് പോലെയുള്ള ദൈവങ്ങളും അമാനുഷിക സംഭവങ്ങളും ഇവിടെയില്ല. ചരിത്രപരമായ അസ്തിത്വം നിര്‍ണയിക്കാത്ത സംഭവങ്ങള്‍ എന്നൊരു നിര്‍വചനം മിത്തിനു നല്‍കാമെങ്കിലും ഫോക് ലോര്‍ എന്ന വാക്കാണ് ഇവിടെ കൃത്യമായി ചേരുന്നത് എന്ന് കരുതുന്നു, മിത്തുകള്‍ പോലും ഇതിനു ഉപവിഭാഗമായി വരുന്നതാണ്. ഫോക് ലോറിനെ തലമുറകളിലൂടെ കൈമാറിവന്ന നാട്ടുവഴക്കമെന്ന അര്‍ഥം നല്‍കാവുന്നതാണ്.

ഇന്ന് ഈ മേഖല ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഗൗരവമായ പഠനവിഷയങ്ങളില്‍ ഒന്നാണ്. ബ്രിട്ടാനിക്ക വിശ്വവിജ്ഞാനകോശത്തിന്റെ നിര്‍വചനത്തില്‍ ‘sum total of traditionally derived and orally or imitatively transmitted literature, material culture..’ എന്നും ഉള്‍പ്പെടുന്നു.

തലമുറകളിലൂടെ കൈമാറിവന്ന വാമൊഴിയും നാടോടിസാഹിത്യങ്ങളും ഫോക്ലോര്‍പഠനങ്ങള്‍ക്കു സഹായകാരമായ ടൂളുകളാണ്. ഇവ ആ സമൂഹത്തിന്റെ സംസാരികതയുടെയും ചരിത്രത്തിന്റെയും വഴികളെപ്പറ്റി സൂചന നല്‍കുന്നുവെന്നു മാത്രമല്ല സമകാലിക സംസാരിക-സാമൂഹിക വ്യവഹാരങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. ജാതീയവിവേചനങ്ങള്‍ പോലും ശക്തമായ മിത്തുകളിലും അനുഷ്ടാനങ്ങളിലും നിലനില്‍ക്കപ്പെട്ടിരുന്നുവെന്നത് ശ്രദ്ധേയമാണ്.

കേരളത്തിലും ഇന്ത്യയില്‍ ഉടനീളവുമുള്ള അയിത്തജാതിക്കളില്‍ പെട്ടവര്‍ തങ്ങളുടെ സമൂഹവുമായി ബന്ധപ്പെട്ട വിജ്ഞാനനിര്‍മിതികള്‍ക്കുള്ള അവസരങ്ങളും വലിയൊരുഭാഗവും നിഷേധിക്കപ്പെട്ടിരുന്നു, ആ ഒരു അവസരത്തിലും ഭാഗികമായി നാടോടികഥകളും, ഗാനങ്ങളും, ഇതര വാമൊഴിവഴികളിലുമായി ബാക്കിയായ ചുരുക്കം സ്രോതസ്സുകളില്‍ നിന്നാണ് ഈ സമൂഹങ്ങള്‍ തങ്ങളെ സ്വയം അടയാളപ്പെട്ടുതിയിരുന്നതെങ്ങനെ ആണെന്ന് നീരീക്ഷിക്കാന്‍ സാധിക്കുന്നത്.

നങ്ങേലി സംഭവത്തെക്കുറിച്ചുള്ള വാമൊഴിസാഹിത്യം ലീല വിവരിച്ചത് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു, അതിങ്ങനെ.

‘നങ്ങേലി കരമടയ്ക്കുന്നില്ലെന്നറിഞ്ഞ പ്രവൃത്ത്യാര്‍ അവരുടെ വീട്ടിലേക്കെത്തി. പക്ഷേ രണ്ടും കല്‍പിച്ചായിരുന്നു നങ്ങേലി. പ്രവൃത്ത്യാര്‍ എത്തുന്നതിനു മുന്‍പേ കുളിച്ചു, ഭക്ഷണവും കഴിച്ചു തയാറായി. കരം കൊടുക്കുന്ന ചടങ്ങിനായി മുറ്റത്തു തൂശനില വെട്ടി വിളക്കും കത്തിച്ചുവെച്ചു. പ്രവൃത്ത്യാരും സംഘവും വീട്ടിലെത്തി. നങ്ങേലി കരമെടുക്കാന്‍ വീടിനകത്തേക്കു പോയി. പിന്നിലേക്കു മടക്കിവച്ച കൈയുമായിട്ടായിരുന്നു മടങ്ങിവരവ്, എന്തോ ഒളിപ്പിച്ചിട്ടെന്ന പോലെ. പ്രവൃത്ത്യാര്‍ കരം ചോദിച്ചു.

തൊട്ടടുത്ത നിമിഷം, പിന്നിലേക്കു മടക്കിവച്ചിരുന്ന കൈ മുന്നിലേക്കു കൊണ്ടുവന്നു നങ്ങേലി. മൂര്‍ച്ചയേറിയ അരിവാളായിരുന്നു കൈയില്‍. സ്വന്തം മുലയിലേക്കാണതു നീണ്ടത്. അരിവാളിന്റെ മൂര്‍ച്ചയുടെയറ്റത്ത് മുലയറ്റ് നിലത്തേക്കു വീണു, തൂശനിലയില്‍ ചോര നിറഞ്ഞു. മാറിടത്തില്‍നിന്നു ചോരവാര്‍ന്നൊഴുകി നങ്ങേലി അവിടെക്കിടന്നു മരിച്ചു. അപ്രതീക്ഷിതമായ പ്രതികരണത്തില്‍ ഭയന്നു വിറച്ച പ്രവൃത്ത്യാരും സംഘവും ഓടിരക്ഷപ്പെട്ടു”

വാമൊഴികഥകളില്‍ സാധാരണ കടന്നുവരാവുന്ന നാടകീയതയും സാഹിത്യ- വിപുലീകരണവും മനസ്സിലാക്കി വീക്ഷിച്ചാല്‍ ഈ കഥ സംഭവിക്കാന്‍ അസംഭവ്യതയുള്ളതല്ലായെന്നു മനസ്സിലാകും. ഇത്തരം വാങ്മയ ചിത്രങ്ങള്‍ നാട്ടുകഥാഖ്യാനങ്ങളുടെ രീതി തന്നെയാണ്.

അതായത് സ്വന്തം മുലകള്‍ അരിവാള്‍ ഉപയോഗിച്ച് അരിഞ്ഞെടുക്കുക എന്നത് അസാധ്യമായ കാര്യമല്ല ‘self mutilation is impossible’ എന്നവിധം പലരും തള്ളിക്കളയുന്നുവെങ്കിലും ശാസ്ത്രീയമായി നോക്കിയാല്‍ പലവിധത്തിലുള്ള self mutilation നടത്തിയ സന്ദര്‍ഭങ്ങള്‍ മെഡിക്കല്‍ ലിറ്ററേച്ചറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്വന്തം മാറിടം തന്നെ മുറിച്ചുമാറ്റിയ ഒരു യുവതിയുടെ റിപ്പോര്‍ട്ട് സൈക്കോസോമാറ്റിക്‌സ് ജേണലില്‍ വായിച്ചിരുന്നു. (Coons, 1986). ചുറ്റുമുള്ളവരില്‍ നിന്നുള്ള തിരസ്‌കരണവും അതുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമര്‍ദ്ദം തുടങ്ങിയ പ്രേരക കാരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അവര്‍ണജാതിക്കാരായ സ്ത്രീകളെ അടിമപ്പണിക്കും ലൈംഗിക ചൂഷണങ്ങള്‍ക്കും അനീതമായ ടാക്‌സുകള്‍ക്കും നിഷ്ഠൂരമായി കീഴ്‌പ്പെടുത്തിയിരുന്ന ഒരു കാലത്ത് അവര്‍ അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ എത്രയോ അധികമായിരിക്കും!

രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കായും തങ്ങളുടെ ശരീരത്തില്‍ മുറിവുകള്‍ ഏല്‍പ്പിച്ചിട്ടുള്ളവരുണ്ട്. ഉദാഹരണത്തിനു റഷ്യന്‍ കലാകാരനായ പാവ്‌ലെന്‍സ്‌കി റഷ്യ ഭരണകൂടത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളില്‍ തന്റെ വലത്തെ ചെവിയുടെ അറ്റം മുറിച്ചതും, പൊതുവിടത്തില്‍ നഗ്‌നനായിരുന്നു വൃഷണത്തില്‍ ആണിയടിച്ചതും, ചുണ്ടുകള്‍ തുന്നികെട്ടിയതുമെല്ലാം ഉള്‍പ്പെട്ടും. ഇത്തരത്തില്‍ ഉള്ള അസംഖ്യം ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പാവ്‌ലെന്‍സ്‌കി

അതായത് കേവല സാമാന്യബോധത്തിനെ മാറ്റി നിര്‍ത്തി സയന്‍സിന്റെ രീതിയില്‍ പരിശോധിച്ചാല്‍ ‘self amputation of the breast is very probable’ എന്ന് പറയേണ്ടി വരും. ഈ കീഴാള സമൂഹം പാരമ്പരമായി പറഞ്ഞുപോരുന്നതായി മനോരമയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വിവരണം ശരീരശാസ്ത്രദ്രിഷ്ട്യാ അസാധ്യമല്ല!

ആലപ്പുഴ ജില്ലയില്‍ ‘മുലച്ചിപ്പറമ്പ്’ എന്ന യഥാര്‍ത്ഥത്തിലൊരു സ്ഥലമുള്ളത് രാമസേതു രാമന്റെ ചരിത്ര അസ്ഥിത്വം തെളിക്കാന്‍ മതി അല്ലാത്തത് പോലെയാണെങ്കിലും നങ്ങേലി സംഭവത്തില്‍ വിശ്വസിച്ചിരുന്ന ഒരു സമൂഹമവിടവുമായി ബന്ധപ്പെട്ടുണ്ട് എന്നതിന്റെ തെളിവാണത്. അതായത് രാമസേതു രാമന് തെളിവല്ലായെങ്കിലും രാമനില്‍ വിശ്വച്ചിരുന്ന ഒരുക്കൂട്ടം ആളുകളുടെ തെളിവാണെന്ന് പറയും പോലെ.

മുലക്കരത്തിന് പകരം മുലമുറിച്ചു പ്രതിഷേധിച്ച നങ്ങേലി ഒരു പ്രതീകമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ‘നങ്ങേലി’ എന്ന പേരുള്‍പ്പടെയുള്ള പ്രത്യേകമായ വിവരങ്ങള്‍ വാമൊഴികളിലാണ് അധികമായി ഒതുങ്ങി പോയിരിക്കുന്നത്. തിരുവിതാംകൂര്‍ രാജ്യത്ത് ഈഴവര്‍ മുതലുള്ള കീഴാള ജാതികളിലെ സ്ത്രീകളില്‍ നിന്നും പിരിച്ചിരുന്ന കരമാണ് മുലക്കരം. ഇത് മുലയുടെ വലിപ്പത്തിന് അനുസരിച്ചുള്ള കരമെന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വച്ച് പതിനാറു വയസ്സിനു മുകളിലുള്ള കീഴാള സ്ത്രീകള്‍ സ്റ്റേറ്റിന് അടയ്‌ക്കേണ്ടി വന്ന നികുതിയുടെ പേരായിരുന്നുവിത്. പുരുഷന്മാരിലിതിനെ ‘തലക്കര’മെന്നും പറഞ്ഞുപോന്നു.

സ്ത്രീകളില്‍ യൗവനാരംഭത്തിനെ മാര്‍ക്ക് ചെയ്യുന്ന ഒന്നായി സത്‌നവളര്‍ച്ചയെ കണ്ടതിനാലും സ്ത്രീയെ ആ അവയവുമായി ബന്ധപ്പെടുത്തി മാത്രം കുറിക്കുന്ന ഒരു പുരുഷാധിപത്യബോധവും ഈ sexist nomencultureല്‍ ദൃശ്യമാണ്. ഇവയ്ക്കു പുറമേ ഏണിക്കരം, വലക്കരം, കോഴ, തപ്പ്, ചങ്ങാടക്കരം, വില്ലുക്കരം, എണ്ണക്കരം, പൊന്നരിപ്പ് തുടങ്ങി താഴ്ന്ന ജാതിക്കളില്‍ ജനിച്ചവരില്‍ നിന്നും പലവിധത്തിലുമുള്ള നികുതികള്‍ അനീതിയോട് മേടിച്ചിരുന്നുവെന്നു ലണ്ടന്‍ മിഷിന്‍ സൊസെെറ്റി റിപ്പോര്‍ട്ടില്‍ (1819) രേഖപ്പെടുത്തിയിട്ടുണ്ട്. ശബ്ദാര്‍ത്ഥപ്രകാരം ‘മുലക്കരം’ എന്നതിനെ ആംഗലേയഭാഷയില്‍ ‘യൃലമേെ മേഃ’ എന്നുതന്നെയാണ് പരിഭാഷപ്പെട്ടുതുക.

ഈ കാലയളവില്‍ കീഴാളസമൂഹത്തില്‍ ജനിച്ച സ്ത്രീകള്‍ക്കു മാറിടം മറയ്ക്കുവാനുള്ള അവകാശം നിഷേധിച്ചിരുന്നുവെന്നതും രേഖപെടുത്തിയ ചരിത്രമാണ്. തന്റെ മാറിടം മറച്ചു കൊണ്ട് നടന്നിരുന്ന ഒരു കീഴാള സ്ത്രീയെ കണ്ട ആറ്റിങ്ങലിലെ റാണി അവരുടെ മുലകള്‍ ഛേദ്ദിച്ചു കളയുവാന്‍ ഉത്തരവിട്ട ഒരു സംഭവം 17ാം നൂറ്റാണ്ടില്‍ നടന്നതായി ജെയിംസ് ഫോര്‍ബ്‌സ് (1834) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ നിന്നും വരുന്ന വലിയ ഒരു ഭാഗം റിപ്പോര്‍ട്ടുകളിലും അയിത്തജാതിയില്‍ ജനിച്ചവരുടെ വിവരങ്ങള്‍ രേഖപെടുത്തുമ്പോള്‍ അവരുടെ പേരും മറ്റ് വിവരങ്ങളും അപൂര്‍വമായെ ഉള്‍പ്പെടുത്താറുള്ളൂവെന്നു കാണാവുന്നതാണ്. അതായത് കീഴാളസമൂഹങ്ങളെ പറ്റിയുള്ള പരമാര്‍ശങ്ങളില്‍ പലതും പാസീവായിട്ടാക്കും. ഹെന്‍ട്രി ബേക്കര്‍ Jr പോലെയുള്ളവരുടെ കൃതികള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണെങ്കിലും.

കഴിഞ്ഞ കാലത്തെ കേരളത്തില്‍ നിന്നുമുള്ള നരവംശശാസ്ത്രത്തില്‍ പ്രധാന പണ്ഡിതരില്‍ ഒരാളായിരുന്നു എല്‍.കെ. അനന്തകൃഷ്ണയ്യര്‍, ഇദ്ദേഹത്തിന്റെ 1937 പ്രസിദ്ധീകരിച്ച ‘The travancore tribes and castes’ എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തില്‍ മുലക്കരം പിടിച്ചെടുക്കാന്‍ വന്ന ഉദ്യോഗസ്ഥരുടെ മുന്‍പില്‍ മുലയറുത്ത് നല്‍കിയ ഒരു കീഴാള സ്ത്രീയുടെ സന്ദര്‍ഭം വിവരിക്കുന്നുണ്ട്. ഇത് അരയസമുദായത്തില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യാധികാരികളും അവര്‍ നടത്തിയിരുന്ന ക്രമവിരുദ്ധമായ നികുതികള്‍ക്ക് നേരെയും കീഴാള സമൂഹങ്ങള്‍ നടത്തിയ രക്തരൂക്ഷിതമായ പ്രകടനങ്ങളെപ്പറ്റിയും ഈ ഗ്രന്ഥം പരാമര്‍ശിക്കുന്നുണ്ട്. ട്രാവന്‍കൂര്‍ രാജ്യത്തിലെ ആദിവാസി- കീഴാള സമൂഹങ്ങളെ പറ്റി ലഭ്യമായ ഏറ്റവും ആദ്യത്തെ പ്രോപര്‍ ഗവേഷണഗ്രന്ഥമെന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

എല്‍.കെ. അനന്തകൃഷ്ണയ്യര്‍

പക്ഷെ മുലക്കരത്തിന് പകരം മുലയറുത്ത കീഴാളപ്പെണ്ണിന്റെ സംഭവം ഈഴവ സമൂഹത്തിലാണ് സംഭവിച്ചതെന്നു ‘ഈഴവര്‍ അന്നുമിന്നും’ എന്ന എന്‍.ആര്‍ കൃഷ്ണന്റെ (1960) ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു. സി.ആര്‍. മിത്രയുടെ ‘ശ്രീ നാരായണ ഗുരുവും സാമൂഹിക നവോഥാവുമെന്ന’ (1979) എന്ന ഗ്രന്ഥത്തിലും സമാനമായ വിവരണമാണ്. ഒരുപക്ഷെ ഇവിടെയൊരു കള്‍ച്ചറല്‍ അപ്രോപ്രിയേഷന്‍ നടന്നിരാക്കുവുന്നതാണ്.

എം. കൊച്ചുത്രേസ്യയുടെ പ്രബന്ധത്തില്‍ ഈ ഭാഗം രേഖപ്പെടുതുന്നതിങ്ങനെയാണ് ‘One humiliating kind of tax that existed in certain parts of Kerala in the last century was the ‘breast tax’. Young women aged between 16 and 35 belonging to such very low caste groups had to pay this tax (354, p.87). It is said that an Eazhava lady of Cherthala, unable to bear the severity and rigour of sircar (government) revenue officers entrusted with the duty cnf revenue collections, cut off one of her breasts and presented it to them and ended her life in profuse bleeding (320, pp.l79-180). That place is still called ‘Mulachi Parambu’ meaning the ‘Land of the Breast Woman’ (354, p.87).’

പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ കേരളത്തിന്റെ സാമൂഹികധാരയില്‍ സ്ത്രീകള്‍ നടത്തിയ ഇടപെടലുകളെപ്പറ്റിയുള്ള കുമാരി പദ്മയുടെ പ്രബന്ധത്തിലും സമാനമായ വിവരണം ദൃശ്യമാണ്.

കേരളഭാഷയുടെ പിതാവെന്ന് പറയുന്ന എഴുത്തച്ഛന്റെ ശരിക്കുമുള്ള പേരോ അനുബന്ധ വിവരങ്ങളോപ്പോലും തീര്‍ച്ചപ്പെടുത്താവുന്ന രൂപത്തില്‍ നമ്മുടെ പക്കലിന്നു ലഭ്യമല്ലായെന്നൊരു വസ്തുതയുണ്ട്. സവര്‍ണ ബിംബങ്ങളായ രാമനും കൃഷ്ണനും മാത്രമല്ല മറ്റേതു ബിംബങ്ങളും തെളിവുകളില്‍ ഊന്നിയല്ലാതെ ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വ്യാജ വിവരങ്ങള്‍ പാഠപുസ്തങ്ങളില്‍ ഉള്‍പ്പെടുത്തിയെല്ലാം ചരിത്രവല്‍ക്കരണം നടത്തുന്ന സ്യൂഡോ – ഹിസ്റ്ററോഗ്രാഫിയോട് യാതൊരുവിധത്തിലും യോജിപ്പില്ല. അവിടെയും ചില വിവരങ്ങള്‍ ചരിത്രമെന്നും മറ്റ് ചിലത് കെട്ടുകഥയെന്നും വെളിപ്പാട് കിട്ടിയത് പോലെ സമീപിക്കുന്നതിനോടും യോജിക്കാനാക്കുകയില്ല. ശാസ്ത്രീയമായ അപ്രോച്ചാണ് ഇവിടെ ആവശ്യം, അത് തെളിവുകളില്‍ ഊന്നിയ വിമര്‍ശനയുക്തിയുടെയാണ്.

‘മുലമുറിച്ചവളുടെ സ്മൃതി’ മാത്രമല്ല, സാധിക്കുന്ന ഏത് പുതിയ അറിവുകളും നേടാന്‍ ശ്രമിക്കേണ്ടത് സയന്‍സിന്റെ ചടക്കൂടില്‍ നിന്നാക്കണമെന്നും, അതാണ് ഏറ്റവും സത്യസന്ധമായ സമീപനമെന്നും കരുതുന്ന വ്യക്തിയാണ് ഞാന്‍. അതായത് ഇത് ചരിത്രപരമായി യഥാര്‍ത്ഥത്തില്‍ നടന്നതാണെന്ന് ഒരു ഹൈപ്പോതിസ് ഉണ്ടെങ്കില്‍ അത് സയന്‍സിക രീതിയില്‍ പരിശോധിക്കാന്‍ പറ്റുമോ എന്നതാണ് നോക്കേണ്ട കാര്യം. അതല്ലാതെ വെളിപ്പാട് കൊണ്ട് ഒരു കാര്യം തള്ളാനും കൊള്ളാനും പറ്റില്ല! പ്രത്യേകിച്ചു ഇതൊരു കെട്ടുകഥയാണെന്നും അത് കേരളത്തില്‍ ഇല്ലാത്ത ജാതീയ ഒപ്രഷനുണ്ടെന്ന നുണ സ്ഥാപിക്കാന്‍ നടത്തിയ കള്ളത്തരങ്ങളില്‍ ഒന്നെന്നെല്ലാമുള്ളവാദം സത്യാനന്തരരാഷ്ട്രീയ പ്രവര്‍ത്തകരുടെ വായില്‍ നിന്ന് വരുന്നതാണ്.

‘മുലക്കരത്തിനു പകരം മുല മുറിച്ചവളുടെ’ നാട്ടുകഥ ചരിത്രപരമായി സംഭവിക്കുന്നതാണോ എന്ന് പരിശോധിക്കാനുള്ള വഴി falsification criteriaകള്‍ നോക്കുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ വിവരണത്തില്‍ അഭൌതികവും അമാനുഷികവുമായ ഘടങ്ങളുണ്ടോയെന്നു നോക്കുന്നത്, നമ്മള്‍ മുകളില്‍ കണ്ടതാണ് അങ്ങനെ ഒരു സംഭവം ഇതിലില്ലായെന്നു. അതായത് സ്വന്തം മാറിടങ്ങള്‍ മുറിച്ചു മാറ്റുക എന്നത് ശരീരശാസ്ത്രദ്രിഷ്ട്യാ അസാധ്യമല്ല.

ഇങ്ങനെ ഒരു സംഭവം യഥാര്‍ത്ഥത്തില്‍ നടന്നിരുന്നുവെങ്കില്‍ അതിനു ഇന്ന് നമ്മള്‍ പരിശോധിക്കുമ്പോള്‍ ഏതെല്ലാം വിധത്തിലുള്ള ചരിത്രശേഷിപ്പുകള്‍ ലഭ്യമാണെന്ന് വരുമെന്നു കണക്കാകാം. ഇതിനു ശേഷം ഇന്ന് ലഭ്യമായ തെളിവുകളില്‍ എത്രമാത്രം നമ്മള്‍ കണക്ക് കൂടിയതിനോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് പരിശോധിക്കുക സാധ്യമാണ്. ഇത് വളരെ വലിയ ഒരു ഫ്രേംവര്‍ക്കില്‍ ചരിത്രപരിശോധനയിലൂടെ നോക്കേണ്ട കാര്യമാണ്.

അതായത് ‘മുലമുറിച്ചവളുടെ സ്മൃതി’ ഒരു ചരിത്രസംഭവമായിരുന്നുവെങ്കിലും ഇന്ന് ദുര്‍ബലമായ തെളിവുകള്‍ മാത്രേ ശേഷിപ്പുകളായി ഉണ്ടാക്കാന്‍ സാധ്യതയുള്ളൂവെന്നു തെളിഞ്ഞാല്‍ അത് ‘മുലമുറിച്ചവളുടെ സ്മൃതി’ ചരിത്ര വസ്തുതയെന്നു തെളിയ്ക്കുകയില്ല. പക്ഷെ ചരിത്രവസ്തുതല്ല എന്നു തെളിക്കാന്‍ ശ്രമിച്ച ഒരു പരീക്ഷണത്തെ അതിജീവിക്കുന്നുണ്ട്. അതായത് ഇത് ഒരു അസത്യവല്‍ക്കരണ പരിശോധനയെ അതിജീവിക്കുന്നുണ്ട്.

ഭാവിയില്‍ കണ്ടെത്താവുന്ന കൂടുതല്‍ ചരിത്രരേഖകള്‍ ഒരുപക്ഷെ ‘നങ്ങേലി സംഭവം’ എന്നുവിളിക്കുന്ന ഈ നാട്ടുകഥയുടെ ചരിത്ര അസ്ഥിത്വത്തിനു കൂടുതല്‍ തെളിവുകളോ അല്ലാത്തപക്ഷം ഇതിനെ തള്ളികയോ ചെയ്യാം. ഉദാഹരണത്തിന് ഭാവിയില്‍ ആലപ്പുഴ മേഖലയില്‍ നിന്നും പത്തൊന്‍പതാം നൂറ്റാണ്ടിലെ കീഴാള സമൂഹങ്ങളെ പറ്റിയുള്ള വിശദമായ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ CMS മിഷനറിമാരില്‍ നിന്നും തുടങ്ങി ലഭിക്കുക, അവയില്‍ ഈ സംഭവം ഒഴിച്ച് ബാക്കി വിഷയങ്ങളെല്ലാം വളരെ വിശദമായി വിവരിക്കുകയും ചെയ്യുക ആണെങ്കില്‍ ബയെസ് തിയറം വച്ച് ‘തെളിവില്ലായ്മ ഇല്ലായ്മയുടെ’ തെളിവ് ആണെന്ന് കാണിക്കാം, ഡോ. റിച്ചാര്‍ഡ് കരിയറിനെ പോലെയുള്ള ചരിത്രഗവേഷകര്‍ ഈ സമീപനത്തെ വിശദീകരിച്ചിട്ടുണ്ട്. ‘നങ്ങേലിസംഭവം’ പക്ഷെ ഇത് വരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാജമെന്ന് തീര്‍പ്പിച്ചു പറയാന്‍ സാധ്യമല്ല!

ഡോ. റിച്ചാര്‍ഡ് കരിയര്‍

നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ‘മുലമുറിച്ചവളുടെ സ്മൃതി’ ഏകദേശം ഒരു നൂറ്റാണ്ടോളമായി വരമൊഴിയായിട്ടും, അതിനു മുന്‍പ് തന്നെ വാമൊഴിയായിട്ടും നിലനിന്നത് ആണെന്ന് മനസ്സിലാക്കുന്നുണ്ട്. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചിലര്‍ കെട്ടിച്ചമച്ച കഥയാണെന്ന വാദങ്ങള്‍ ലഭ്യമായ ചരിത്രതെളിവുകള്‍ വച്ച് തന്നെ ഘടിക്കാവുന്നതാണ്.

കേരളത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന അതിക്രൂരമായ ഫ്യൂഡല്‍- ജാതി വ്യവസ്ഥങ്ങളുടെ ഇരകളായി ജീവിച്ചിരുന്നവര്‍ നടത്തിയ പ്രതിഷേധങ്ങളുടെ കൂടെ ചരിത്രത്തിലാണ് കേരളനവോഥാനപ്രസ്ഥാനത്തിനു പ്രാധാന്യം അര്‍ഹിക്കുന്നത്. അത്തരത്തിലുള്ള പ്രതിരോധങ്ങളുടെ ഒരു പ്രതീകമാണ് ‘നങ്ങേലി കഥ’. ഇത് യഥാര്‍ത്ഥത്തില്‍ ചരിത്രത്തില്‍ സംഭവിച്ചതോ, ച്യൂഷണങ്ങള്‍ക്കു എതിരായി സംഭവിക്കണമെന്നു ആ ജനത ആഗ്രഹിച്ചതോ ആയ ഒരു പ്രതിഷേധപ്രതീകമാണ്. ഈ പേരുപോലും കാലത്തിന്റെ കുത്തൊഴുക്കില്‍ വന്നു ചേര്‍ന്നതകാം. മറ്റേതു നാട്ടുകഥയ്ക്കുമുള്ള പ്രാധാന്യവും പരിമിതികളും നങ്ങേലി കഥയ്ക്കുമുണ്ടെന്നു തിരിച്ചറിയേണ്ടതുണ്ട്.

അവര്‍ണരുടെ ചരിത്രത്തിനും, സംസ്‌കാരത്തിനും, ഭാവനകള്‍ക്കും ചങ്ങല പണിയുമ്പോള്‍ അത് പൊട്ടിച്ചെറിഞ്ഞു മുന്നേറാനുള്ള ഒരു ചോദനയായി ‘നങ്ങേലി’ പാട്ടുകളിലും, ഗാനങ്ങളിലും, ശില്പങ്ങളിലും മുദ്യവാക്യങ്ങളിലും ഉയര്‍ന്നു വരുന്നതിന്റെ സ്ഥാനം വ്യക്തവുമാണ്. അവയെ കാണുമ്പോള്‍ പൊള്ളുന്ന ഒരു സവര്‍ണസമൂഹം ഇപ്പുറത്തുണ്ടെന്നും അറിയാം, വസ്തുനിഷ്ഠവും സാമൂഹിക യഥാര്‍ത്ഥത്തില്‍ നിലകൊണ്ടും മാത്രമേ ഇവിടെ പ്രതികരിക്കാന്‍ സാധിക്കൂ, പൊള്ളേണ്ടവര്‍ക്കു പൊള്ളട്ടെ!

Content Highlight: Ashish Jose Ambat write up about Nangeli, the myths around it about the struggles of Ezhava community

ആശിഷ് ജോസ് അമ്പാട്ട്

We use cookies to give you the best possible experience. Learn more