| Sunday, 22nd December 2024, 8:52 am

നിർമാതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായി ആ സിനിമകൾ ഇട്ടിട്ടുപോയിട്ടുണ്ട്, സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സ്വന്തം കമ്പനി തുടങ്ങിയത്: ആഷിഖ് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, പൊന്നമ്മ ബാബു, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രമാണ് റൈഫിള്‍ ക്ലബ്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു.

ആഷിഖ് അബുവിന്റെ ഒരു മികച്ച തിരിച്ചുവരവ് തന്നെയാണ് ഈ സിനിമ. കരിയറിന്റെ തുടക്കകാലത്ത് നിർമാതാക്കളുമായി അഭിപ്രായവ്യത്യസമുണ്ടായി സിനിമ ഇട്ടിട്ട് പോയിട്ടുണ്ടെന്ന് പറയുകയാണ് ആഷിഖ് അബു. എല്ലാ കാര്യത്തിലും സ്വാതന്ത്ര്യം എന്നതിനുവേണ്ടിയാണ് നിർമാണക്കമ്പനി  തുടങ്ങിയതെന്നും സിനിമയുടെ ആശയവും ടീമുമെല്ലാം നോക്കിയാണ് മറ്റു സിനിമകൾ എടുക്കുന്നതെന്നും ആഷിഖ് പറഞ്ഞു. മലയാള സിനിമാ വ്യവസായത്തിൽ അതിശയിപ്പിക്കുന്ന രീതിയുള്ള മാറ്റം സംഭവിച്ച പതിറ്റാണ്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സിനിമ റിസ്‌കുള്ള ബിസിനസാണ്. തുടക്കകാലത്ത് നിർമാതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായി ഇട്ടിട്ടുപോയ പ്രശ്നങ്ങളൊക്കെയുണ്ട്. പ്രധാനമായും എല്ലാ കാര്യത്തിലും സ്വാതന്ത്ര്യം എന്നതിനുവേണ്ടിയാണ് നിർമാണക്കമ്പനി തുടങ്ങിയത്. സംവിധാനം ചെയ്യുന്ന സിനിമകളല്ലാതെ നിർമിക്കുന്നത് സിനിമയുടെ ആശയം, ടീം ഒക്കെ നോക്കിയാണ്. അങ്ങനെ അധികം കഥകളൊന്നും കേൾക്കാറില്ല.

കേൾക്കുമ്പോൾ ആകർഷിക്കുന്ന ഘടകങ്ങളുണ്ടെങ്കിൽ അതിന്റെ ഭാഗമാകും. എന്റെകൂടി രീതിക്ക് ചേരുന്ന സിനിമകളാണ് നിർമിക്കുന്നതും. ഈമയൗ മാത്രമാണ് സിനിമ പൂർത്തിയായശേഷം നിർമാതാവായത്. അത് അവർക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ചെയ്‌തതാണ്. സിനിമ കണ്ട ശേഷമായിരുന്നുവത്. ഈമയൗ കണ്ടാൽ ആർക്കാണ് വേണ്ടായെന്ന് പറയാൻ കഴിയുക.

മലയാള സിനിമയിൽ വലിയ രീതിയിലുള്ള മാറ്റവും വളർച്ചയുമുണ്ടായി. പുതിയ പുതിയ ചിന്താധാര, തൊഴിൽ സംസ്കാരം ഒക്കെയുണ്ടായി. രാഷ്ട്രീയമായ മാറ്റമാണത്. പുരോഗമനപരമായ കാര്യങ്ങൾ വരുന്നു. അതിൽ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്. മലയാള സിനിമാ വ്യവസായത്തിൽ അതിശയിപ്പിക്കുന്ന രീതിയുള്ള മാറ്റം സംഭവിച്ച പതിറ്റാണ്ടാണിത്,’ആഷിഖ് അബു പറയുന്നു.

Content Highlight: Ashique Abu About His Film Production Company

We use cookies to give you the best possible experience. Learn more