|

അമൽ നീരദ് ചെയ്യാനിരുന്ന ആ കഥ ഞാൻ സിനിമയാക്കി, ഹ്രസ്വ ചിത്രമായിരുന്നു അമലിന്റെ പ്ലാൻ: ആഷിഖ് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകൻ കമലിന്റെ സഹസംവിധായകനായി കരിയർ ആരംഭിച്ച വ്യക്തിയാണ് ആഷിഖ് അബു. ഡാഡി കൂൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി മാറിയ അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായ സിനിമകൾ ഒരുക്കിയിരുന്നു. സോൾട്ട് ആൻഡ് പെപ്പർ, ഇടുക്കി ഗോൾഡ്, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയെല്ലാം ശ്രദ്ധേയമായ ആഷിഖ് അബു സിനിമകളാണ്.

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തി വലിയ ശ്രദ്ധ നേടിയ ആഷിഖ് അബു സിനിമയായിരുന്നു മായാനദി. എന്നാൽ മായാനദി സംവിധായകൻ അമൽ നീരദ് ചെയ്യാനിരുന്ന സിനിമയായിരുന്നുവെന്നും ഹ്രസ്വ ചിത്രമാക്കി അവതരിപ്പിക്കാൻ കഴിയുന്ന ത്രഡ് ആയിരുന്നു അമൽ നീരദിന്റെ കയ്യിൽ ഉണ്ടായിരുന്നതെന്നും ആഷിഖ് അബു പറയുന്നു.

അഞ്ചു സുന്ദരികൾ എന്ന സിനിമയിലേക്ക് ആ കഥ ആലോചിച്ചെങ്കിലും അമൽ നീരദ് കുള്ളന്റെ ഭാര്യ എന്ന കഥയാണ് അതിൽ ചെയ്തതെന്നും ഒടുവിൽ ആ ത്രഡ് തനിക്ക് തന്നെന്നും ആഷിഖ് പറയുന്നു. ഫഹദ് ഫാസിൽ നായകനായാൽ പ്രേക്ഷകർ പലതും പ്രതീക്ഷിക്കും എന്നുള്ളതുകൊണ്ടാണ് മായാനദിയിൽ ടൊവിനോയെ നായകനാക്കിയതെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.

‘മായാനദി ഞാൻ ചെയ്യാൻ വിചാരിച്ച സിനിമയായിരുന്നില്ല. അമൽ നീരദ്, രാംഗോപാൽ വർമയുടെ ടീമിനൊപ്പം വർക്ക് ചെയ്യുന്ന കാലത്ത് മുംബെയിൽ നിന്ന് കേട്ട ഒരു ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ത്രഡാണിത്. ഒരു ഹ്രസ്വ ചിത്രമാക്കി അവതരിപ്പിക്കാൻ കഴിയുന്ന കഥയാണ് ആദ്യം ഉണ്ടായിരുന്നത്.

അഞ്ചുസുന്ദരികൾ എന്ന സിനിമാ സമാഹാരത്തിനുവേണ്ടി ആ കഥ ചെയ്യാനായിരുന്നു അമലിൻ്റെ പ്ലാൻ. പിന്നീട് അതിലേക്ക് കുള്ളൻ്റെ ഭാര്യ എന്ന കഥ ചെയ്‌തു. രണ്ടുവർഷം കഴിഞ്ഞപ്പോൾ അമൽ ആ ത്രഡ് എനിക്ക് തന്നു. അതിൽ ശ്യാമും ദിലീഷും വർക്ക് ചെയ്‌താണ് മായാനദി ഉണ്ടാക്കിയത്. വളരെ ഹോം വർക്ക് ചെയ്താണ് ഞങ്ങൾ ചിത്രത്തിലേക്ക് കടന്നത്.

നായകനും നായികയും അടക്കം ഓരോ സീനിലും അഭിനയിക്കുന്നവരുടെ കോൺട്രിബ്യൂഷൻ ചിത്രത്തിനുവേണ്ടി സ്വീകരിച്ചിട്ടുണ്ട്. വളരെ റിലാക്സ് ചെയ്‌ത്‌ ചിത്രീകരിച്ചതിനാൽ സിങ്ക് സൗണ്ടിൽ, സീൻ ഓഡറിലായിരുന്നു ചിത്രീകരണം. പതിവ് രീതിയിൽ നിന്ന് മാറി ചെയ്യുന്ന സിനിമയായിരുന്നു മായാനദി. പ്രവചനാതീതമായ അന്തരീക്ഷം ആ ചിത്രത്തിന് സൃഷ്ടിക്കേണ്ടത് അനിവാര്യതയായിരുന്നു. ഫഹദ് സിനിമയിൽ വരുമ്പോൾ പ്രേക്ഷകർ പലതും പ്രതീക്ഷിക്കും. അത് മറയ്ക്കാനാണ് പക്വതയില്ലാത്ത മാത്തൻ എന്ന കഥാപാത്രത്തിലേക്ക് ടൊവിനോയെ കൊണ്ടുവരുന്നത്,’ആഷിഖ് അബു പറയുന്നു.

Content Highlight: Ashiqu Abu About Mayanadhi Movie