Advertisement
Entertainment news
റെജി ഗ്യാങ്ങിനൊപ്പം സൗബിനോ? ആഷിഖ് ഉസ്മാനും മുഹ്‌സിന്‍ പരാരിയും വീണ്ടുമെത്തുന്നു; ടൈറ്റില്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 04, 02:04 pm
Friday, 4th November 2022, 7:34 pm

ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ‘അയല്‍വാശി’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ലൂസിഫര്‍, കുരുതി, ആദം ജോണ്‍ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ഇര്‍ഷാദ് പരാരി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമാണിത്. തുടരെ ഹിറ്റ് ചിത്രങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുന്ന ആഷിഖ് ഉസ്മാനും മുഹ്‌സിന്‍ പരാരിയുമൊന്നിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.

സൗബിനായിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നാണ് ആഷിക് ഉസ്മാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നും വ്യക്തമാക്കുന്നത്. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സൗബിന്‍, ഗോകുലന്‍, ലിജോ മോള്‍, നിഖില വിമല്‍, നസ്‌ലിന്‍, ജഗദീഷ് തുടങ്ങിയവരാണ് ചിത്രത്തിലെത്തുകയെന്നാണ് സൂചന.

തല്ലുമാല, അഞ്ചാം പാതിര, ലവ് തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച പ്രൊഡ്യൂസറാണ് ആഷിഖ് ഉസ്മാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാണുന്നത്.

ആഘോഷമാക്കിയ തല്ലുമാലക്ക് ശേഷം മുഹ്‌സിന്‍ പരാരി ഭാഗമാകുന്ന പുതിയ ചിത്രത്തിലും കാസ്റ്റിനായി തെരഞ്ഞെടുത്തത് തല്ലുമാലയിലെ റെജി ഗ്യാങ്ങിനെയാണ്. ഇവര്‍ക്ക് ഒപ്പം സൗബിനും ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്ക്‌സ് ബിജോയി സംഗീത സംവിധാനവും നിര്‍വ്വഹിക്കും. എഡിറ്റിംഗ്-സിദ്ദീഖ് ഹൈദര്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ എന്‍.എം. മേക്കപ്പ്-റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. ഡിസൈന്‍സ്-യെല്ലോ ടൂത്ത്‌സ്.

content highlight: Ashiq Usman and Muhsin Parari return; ayalvashi movie Title out