മാഡ്രിഡ്: മലപ്പുറം പട്ടാര്‍കടവില്‍ നിന്നും ലാ ലിഗയുടെ മുറ്റത്ത് പന്ത് തട്ടാനെത്തുകയും വിയ്യാ റയല്‍ സി ടീമിന്റെ നായക വേഷത്തില്‍ തിളങ്ങുകയും ചെയ്ത ആഷിഖ് കുരുണിയനിത് നേട്ടങ്ങളുടെ വര്‍ഷം.
വര്‍ഷാരംഭത്തില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമംഗമായി തുടങ്ങിയ ആഷിഖ് വര്‍ഷാവസാനം എത്തിനില്‍ക്കുന്നത് മറ്റൊരു ഇന്ത്യന്‍ താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടത്തിലാണ്.
മലപ്പുറം എം.എസ്.പി സ്‌ക്കൂളിലൂടെ കാല്‍പന്ത് മൈതാനത്തെത്തിയ ആഷിഖ് ജില്ലയുടെ ഫുട്‌ബോള്‍ പെരുമ കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് എം.എസ്.പിക്കായി കാഴ്ചവെച്ചത്. 2012ല്‍ സുബ്രതോ കപ്പില്‍ റണ്ണേഴ്‌സപ്പായ സ്‌ക്കൂള്‍ ടീമഗമായിരുന്ന ആഷിഖ് നിലവില്‍ മഞ്ചേരി എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ത്ഥിയാണ്.
കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദല്‍ഹി ഡൈനാമോസ് താരവുമായ അനസ് എടത്തൊടികയുടെ പിന്‍തുടര്‍ച്ചക്കാരനെന്നു എന്തും കൊണ്ടും അവകാശപ്പെടാന്‍ കഴിയുന്ന പ്രതിഭയുമാണ് ആഷിഖ്.
ഇന്ത്യന്‍ ജൂനിയര്‍ ടീം അഗമായിരിക്കെയാണ് ആഷിഖിന് പൂണെ എഫ്.സിയില്‍ അംഗത്വം ലഭിക്കുന്നത്. പൂനെ ടീമില്‍ നിന്നു സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിലേക്ക് അവസരം ലഭിച്ച താരം ഒടുവില്‍ മുന്നാം ഡിവിഷന്റെ ക്യാപ്റ്റനുമായി അരങ്ങേറി. മൂന്നര മാസത്തെ ട്രയല്‍ കം ട്രെയ്‌നിങ്ങിനാണ് പുണെ ടീം കൗമാരതാരത്തെ സ്‌പെയിനിലേക്ക് അയച്ചത്. കളിക്കാരെ ട്രയല്‍ കം ട്രെയ്‌നിങ്ങിന് അയക്കുന്നത് സംബന്ധിച്ച് പുണെ സിറ്റിയും വിയ്യാറയലും തമ്മിലുള്ള ധാരണയാണ് മുന്നേറ്റക്കാരനായ ആഷിഖിന് തുണയായത്.
വിയ്യാറയലിലെത്തിയ ആഷിഖ് അരങ്ങേറ്റം മുതല്‍ സ്‌പെയിന്‍കാരുടെ “കുരു”വാണ്. കുരുണിയന്‍ എന്ന പേരാണ് സ്പാനിഷുകാര്‍ “കുരു”വിലേക്ക് ചുരുക്കിയത്. ടീമിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ താരത്തെ പരിചയപ്പെടുത്തിയതും ഇതേ പേരിലായിരുന്നു.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ റോഡയ്‌ക്കെതിരെ വേണ്ടി ഗോള്‍ നേടിയ ആഷിഖ് വളരെ പെട്ടന്നു ശ്രദ്ധേയനാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അവസാന അന്താരാഷ്ട്ര മത്സരത്തില്‍ നായകന്റെ ആംബാന്‍ഡ് ആഷിഖിന് ലഭിച്ചത്.
2017 ജനുവിരി എട്ടിനു ബാര്‍സലോണ വിയ്യാറയലിനെ നേരിടുമ്പോള്‍ ഗാലറിയിലിരുന്ന് മെസ്സിയുടെ കളി കാണാം എന്ന സന്തോഷത്തിലാണ് മലപ്പുറംകാരനായ “ക്യാപ്റ്റന്‍ കുരു” ഇപ്പോള്‍.