| Friday, 7th July 2023, 11:59 pm

പറഞ്ഞതില്‍ രാഷ്ട്രീയമില്ല, മൈതാനങ്ങളുടെ എണ്ണത്തേക്കുറിച്ചല്ല സംസാരിച്ചത്, നമ്മുടെ കുട്ടികള്‍ക്ക് സൗകര്യങ്ങളെവിടെ: ആശിഖ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയെ കളിപ്പിക്കാന്‍ പണം ചെലവാക്കുന്നതിന്
പകരം പരിശീലന ഗ്രൗണ്ടുകള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന
തന്റെ അഭിപ്രായത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ ഫുട്ബോളര്‍ ആഷിഖ് കുരുണിയന്‍. പറഞ്ഞതില്‍ ഖേദിക്കുന്നില്ലെന്നും അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും ആഷിഖ് പറഞ്ഞു.

എന്നാല്‍ ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ആഷിഖ് പറഞ്ഞു. അഭിപ്രായപ്രകടനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മെസി ഇന്ത്യയില്‍ കളിക്കുന്നത് കാണുന്നതിനേക്കാള്‍ സംസ്ഥാനത്തെ കുട്ടികള്‍ ദേശീയ ടീമിനായി കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ആശിഖ് പറഞ്ഞു. മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചല്ല അതിന്റെ പരിപാലനത്തെക്കുറിച്ച് കൂടിയാണ് താന്‍ സംസാരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

അഷിഖിന്റെ വാക്കുകള്‍

രണ്ട് ദിവസം മുന്‍പ് ഒരു സ്വകാര്യ ചാനലിന് നല്‍കിയിരുന്ന അഭിമുഖത്തിലെ എന്റെ ചില അഭിപ്രായങ്ങള്‍ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തെറ്റായ വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒന്നാമതായി, പറഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നില്ല. പറഞ്ഞത് ഹൃദയത്തില്‍ നിന്നാണ്. ആവശ്യമെങ്കില്‍ അതേരീതിയില്‍ തന്നെ വീണ്ടും സംസാരിക്കും. എന്റെ മനസ്സാക്ഷിയില്‍ നിന്നാണത് അത് തുറന്നുപറഞ്ഞത്.

എന്റെ ചെറുപ്പകാലത്ത് ഞാന്‍ അത്ര കഴിവുള്ള ഫുട്‌ബോള്‍ കളിക്കാരന്‍ ആയിരുന്നില്ലെന്ന് തുറന്നുപറയുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല. പക്ഷെ, സാഹചര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഈയൊരു നിലയില്‍ എത്തിയത്. തുടക്കകാലത്ത് എന്റെ നാട്ടില്‍ എന്നേക്കാള്‍ മികച്ച കളിക്കാര്‍ എന്റെ കൂടെ കളിച്ചിരുന്നു. പക്ഷേ അവര്‍ക്ക് സൗകര്യങ്ങളോ പരിശീലനത്തിന് അവസരങ്ങളോ ഇല്ലായിരുന്നു.

അവരില്‍ ചിലര്‍ക്ക് പരിക്കുപറ്റി. ചിലര്‍ പാതിവഴിയില്‍ സ്‌പോര്‍ട്‌സിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി മറ്റ് മേഖല തിരഞ്ഞെടുത്തു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞാണ് എന്റെ അഭിപ്രായത്തോട് പലരും പ്രതികരിച്ചത്. മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകള്‍ ഉണ്ട് എന്നത് എനിക്കറിയാം. ഈ ഗ്രൗണ്ടുകളില്‍ മിക്കതിലും ഞാന്‍ പോയിട്ടുമുണ്ട്. എന്നിരുന്നാലും, ഇതില്‍ എത്രയെണ്ണം വര്‍ഷം മുഴുവന്‍ പരിശീലനത്തിന് യോഗ്യമാണ് എന്നതാണ് ചോദ്യം.

മറ്റൊരു പ്രധാന കാര്യം, ഇന്ന് അധികാരത്തിലിരിക്കുന്നതോ മുമ്പ് അധികാരത്തിലിരുന്നതോയായ സര്‍ക്കാറുകളോട് വ്യക്തിപരമായി ഒരു പ്രശ്‌നവും ഇല്ല.

ലയണല്‍ മെസി ഇന്ത്യയില്‍ ഫുട്‌ബോള്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന്, അതെ എന്നാണ് ഉത്തരം.

എന്നിരുന്നാലും, മെസി ഇന്ത്യയില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ എന്റെ സംസ്ഥാനത്തെ കുട്ടികള്‍ ദേശീയ ടീമിനായി കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദീര്‍ഘകാല ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി നമ്മള്‍ ധാരാളം പണം ചെലവഴിക്കേണ്ടതില്ല എന്നത് എന്റെ അഭിപ്രായം മാത്രമാണ്. മികച്ച സൗകര്യങ്ങള്‍, മികച്ച മൈതാനങ്ങള്‍, പരിശീലകര്‍ക്കും കളിക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ എന്നിവയാണ് വേണ്ടത്.

അഭിമുഖത്തിലെ എന്റെ അഭിപ്രായങ്ങള്‍ പരിശീലന മൈതാനങ്ങളെക്കുറിച്ചും വര്‍ഷം മുഴുവന്‍ അവ നന്നായി പരിപാലിക്കേതിന്റെ ആവശ്യകതയെക്കുറിച്ചും ആയിരുന്നു.
പരിശീലനത്തിനായി എന്റെ നാട്ടിലും സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ദേശീയ ടീം വരുന്നതില്‍ ഞാന്‍ ആവേശത്തിലാണ്. ഇത് കൂടുതല്‍ കുട്ടികളെ കായികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ പ്രചോദനമാകുമെന്ന് കരുതുന്നു.

Content Highlight: Ashiq Kurunian explains his opinion on felicities on Indian football

We use cookies to give you the best possible experience. Learn more