ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയെ കളിപ്പിക്കാന്‍ പണം ചെലവാക്കുന്നതിന്
പകരം പരിശീലന ഗ്രൗണ്ടുകള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന
തന്റെ അഭിപ്രായത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ ഫുട്ബോളര്‍ ആഷിഖ് കുരുണിയന്‍. പറഞ്ഞതില്‍ ഖേദിക്കുന്നില്ലെന്നും അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും ആഷിഖ് പറഞ്ഞു.
എന്നാല്‍ ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ആഷിഖ് പറഞ്ഞു. അഭിപ്രായപ്രകടനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
മെസി ഇന്ത്യയില്‍ കളിക്കുന്നത് കാണുന്നതിനേക്കാള്‍ സംസ്ഥാനത്തെ കുട്ടികള്‍ ദേശീയ ടീമിനായി കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ആശിഖ് പറഞ്ഞു. മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചല്ല അതിന്റെ പരിപാലനത്തെക്കുറിച്ച് കൂടിയാണ് താന്‍ സംസാരിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
അഷിഖിന്റെ വാക്കുകള്‍
രണ്ട് ദിവസം മുന്‍പ് ഒരു സ്വകാര്യ ചാനലിന് നല്‍കിയിരുന്ന അഭിമുഖത്തിലെ എന്റെ ചില അഭിപ്രായങ്ങള്‍ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തെറ്റായ വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒന്നാമതായി, പറഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നില്ല. പറഞ്ഞത് ഹൃദയത്തില്‍ നിന്നാണ്. ആവശ്യമെങ്കില്‍ അതേരീതിയില്‍ തന്നെ വീണ്ടും സംസാരിക്കും. എന്റെ മനസ്സാക്ഷിയില്‍ നിന്നാണത് അത് തുറന്നുപറഞ്ഞത്.
എന്റെ ചെറുപ്പകാലത്ത് ഞാന്‍ അത്ര കഴിവുള്ള ഫുട്‌ബോള്‍ കളിക്കാരന്‍ ആയിരുന്നില്ലെന്ന് തുറന്നുപറയുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല. പക്ഷെ, സാഹചര്യങ്ങള്‍ എനിക്ക് അനുകൂലമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഈയൊരു നിലയില്‍ എത്തിയത്. തുടക്കകാലത്ത് എന്റെ നാട്ടില്‍ എന്നേക്കാള്‍ മികച്ച കളിക്കാര്‍ എന്റെ കൂടെ കളിച്ചിരുന്നു. പക്ഷേ അവര്‍ക്ക് സൗകര്യങ്ങളോ പരിശീലനത്തിന് അവസരങ്ങളോ ഇല്ലായിരുന്നു.
അവരില്‍ ചിലര്‍ക്ക് പരിക്കുപറ്റി. ചിലര്‍ പാതിവഴിയില്‍ സ്‌പോര്‍ട്‌സിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി മറ്റ് മേഖല തിരഞ്ഞെടുത്തു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.